14 ലക്ഷം രൂപയുടെ ജോലി വേണ്ടെന്നുവെച്ചു, ഇന്ത്യന്‍ മിടുക്കി ഒടുവില്‍ നേടിയത് 85 ലക്ഷം രൂപ ശമ്പളം

Rashi Bagga
Rashi Bagga

ന്യൂഡല്‍ഹി: ജീവിതവിജയം കൈവരിക്കുന്നതിന് ക്രിയാത്മകമായ പ്രവര്‍ത്തനവും നിശ്ചയദാര്‍ഢ്യവും ആവശ്യമാണ്. നിങ്ങള്‍ ഉള്ളതില്‍ തൃപ്തനാണെങ്കില്‍, ജീവിതത്തില്‍ കൂടുതല്‍ വിജയങ്ങള്‍ നേടാനാകില്ല. എന്നാല്‍ ശ്രമിച്ചുകൊണ്ടേയിരിക്കുകയാണെങ്കില്‍ കൂടുതല്‍ ഉയരങ്ങളില്‍ എത്തും. അത്തരത്തിലുള്ള ഒരു കഥയാണ് റാഷി ബഗ്ഗയുടെത്.

നയാ റായ്പൂരിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ എഞ്ചിനീയറിംഗ് കഴിഞ്ഞ റാഷി നേടിയത് 85 ലക്ഷം രൂപ വാര്‍ഷിക ശമ്പള പാക്കേജുള്ള ജോലിയാണ്. ഈ ഇന്‍സ്റ്റിറ്റ്യൂട്ടിലെ എക്കാലത്തേയും വലിയ റെക്കോര്‍ഡ് ശമ്പളമാണിത്.

കാമ്പസ് ഇന്റര്‍വ്യൂവില്‍ നേരത്തെ 14 ലക്ഷം രൂപയുടെ പാക്കേജ് വാഗ്ദാനം ലഭിച്ചിരുന്നെങ്കിലും ആ ഓഫര്‍ നിരസിക്കുകയും അതിനേക്കാള്‍ മികച്ച ശമ്പളം തനിക്ക് ലഭിക്കുമെന്ന ആത്മവിശ്വാസത്തോടെ കൂടുതല്‍ കമ്പനികളുടെ അഭിമുഖത്തില്‍ പങ്കെടുക്കുകയും ചെയ്തതാണ് റാഷിക്ക് റെക്കോര്‍ഡ് പാക്കേജ് ലഭിക്കാനിടയായത്.

തൊഴില്‍ വിപണിയിലെ സാധ്യതകള്‍ ശരിയായി മനസിലാക്കിയ റാഷി ബഗ്ഗ അഭിമുഖങ്ങള്‍ക്കായി മികച്ച തയ്യാറെടുപ്പ് നടത്തിയതിന്റെ ഫലം കൂടിയാണിത്. നിലവില്‍ അറ്റ്ലാസിയനില്‍ പ്രൊഡക്ട് സെക്യൂരിറ്റി എഞ്ചിനീയറായി ജോലി ചെയ്യുന്ന റാഷി ബഗ്ഗ മുമ്പ് ബെംഗളുരുവിലെ ഇന്‍ട്യൂട്ടില്‍ എസ്ഡിഇ ഇന്റേണായും ആമസോണില്‍ സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍ ഇന്റേണായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2023 ജൂലൈയിലാണ് അറ്റ്‌ലാസിയനില്‍ പ്രൊഡക്റ്റ് സെക്യൂരിറ്റി എഞ്ചിനീയറായി ജോലി ആരംഭിച്ചത്.

ഐഐഐടി എന്‍ആറിലെ സഹ വിദ്യാര്‍ത്ഥിയായ ചിങ്കി കര്‍ദ, കഴിഞ്ഞ വര്‍ഷം ഇതേ കമ്പനിയില്‍ നിന്ന് പ്രതിവര്‍ഷം 57 ലക്ഷം രൂപയുടെ പാക്കേജ് നേടിയിരുന്നു. കൂടാതെ, മറ്റൊരു വിദ്യാര്‍ത്ഥിയായ യോഗേഷ് കുമാര്‍ ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ് തസ്തികയിലേക്ക് പ്രതിവര്‍ഷം 56 ലക്ഷം രൂപയുടെ പാക്കേജും സ്വന്തമാക്കി.

2020ല്‍ മറ്റൊരു വിദ്യാര്‍ത്ഥി രവി കുശാശ്വയ്ക്ക് ഒരു ബഹുരാഷ്ട്ര കമ്പനി പ്രതിവര്‍ഷം ഒരു കോടി രൂപയുടെ ശമ്പളം വാഗ്ദാനം ചെയ്തിരന്നു. എന്നാല്‍, കോവിഡ് 19 പാന്‍ഡെമിക്കിനെ തുടര്‍ന്ന് ഓഫര്‍ സ്വീകരിക്കാന്‍ കഴിഞ്ഞില്ല.

Tags