ലോണിനായി വാങ്ങിയ പ്രോസസിങ് ഫീ തിരികെ നല്‍കിയില്ല, എച്ച്ഡിഎഫ്‌സിയെ വാദിച്ചു തോല്‍പ്പിച്ചു, രഞ്ജിത്ത് ഇനി ഗൗണ്‍ അണിഞ്ഞ് സാധാരണക്കാര്‍ക്കുവേണ്ടി വാദിക്കും

Ranjith

കൊച്ചി: ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നവരുടെ ശബ്ദമാകാന്‍ തയ്യാറെടുക്കുകയാണ് എറണാകുളം സ്വദേശിയായ അഭിഭാഷകന്‍ ആര്‍ രഞ്ജിത്ത്. ലോണ്‍ തരാമെന്ന് പറഞ്ഞ് വഞ്ചിച്ച എച്ച്ഡിഎഫ്‌സിക്കെതിരെ ഉപഭോക്തൃകോടതിയില്‍ നേടിയ വിജയമാണ് അഭിഭാഷകനാകാനുള്ള പ്രചോദനമായത്. 2024 ഫെബ്രുവരി 17 ന്, കേരള ഹൈക്കോടതിയില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്ത രഞ്ജിത്ത് തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

2013ല്‍ ഒരു ചെറിയ സൂപ്പര്‍മാര്‍ക്കറ്റില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്നതിനിടെ എച്ച്ഡിഎഫ്സി ലിമിറ്റഡിന്റെ എക്സിക്യുട്ടീവ് രഞ്ജിത്തിനെ സമീപിച്ച് വീടെടുക്കാന്‍ ലോണ്‍ വാഗ്ദാനം ചെയ്യുകയായിരുന്നു. എന്നാല്‍ എച്ച്ഡിഎഫ്സി അദ്ദേഹത്തിന് ഭവന വായ്പ നിഷേധിക്കുക മാത്രമല്ല, പ്രോസസ്സിംഗ് ഫീസ് ആയ 3090 രൂപ തിരികെ നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്തു.

ഇതോടെ ഉപഭോക്തൃ കോടതിയെ സമീപിച്ച് എച്ച്ഡിഎഫ്സിയ്ക്കെതിരെ നീതി നേടിയെടുക്കണമെന്ന് രഞ്ജിത്ത് തീരുമാനിക്കുകയായിരുന്നു. എന്റെ അപേക്ഷ നിരസിച്ചതിന് ശേഷം ഞാന്‍ പ്രോസസിംഗ് ഫീ റീഫണ്ട് ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍, അവര്‍ എന്നോട് അപമര്യാദയായി പെരുമാറുകയും പണം തിരികെ നല്‍കാന്‍ വ്യവസ്ഥയില്ലെന്ന് പറയുകയും ചെയ്തു. അവര്‍ക്കെതിരെ നിയമപരമായി പോരാടാന്‍ ഞാന്‍ തീരുമാനിച്ചു. കാരണം ഇത് തികച്ചും അസ്വീകാര്യമാണ്, മാത്രമല്ല അത് കൊള്ളയടിക്കുന്നതിന് തുല്യമാണെന്നും രഞ്ജിത്ത് പറഞ്ഞു.

അന്ന് രഞ്ജിത്ത് കൊമേഴ്സ് ബിരുദധാരി മാത്രമാണെങ്കിലും ഉപഭോക്തൃ നിയമങ്ങള്‍ പഠിച്ച് തനിയെ കോടതിയില്‍ കേസ് അവതരിപ്പിച്ചു. അനീതിക്കെതിരെ പോരാടുന്നത് ഞാന്‍ ഒരു വെല്ലുവിളിയായി ഏറ്റെടുത്തു. ഒരുപാട് നിയമ പുസ്തകങ്ങള്‍ വായിച്ച് മുന്‍ കേസുകള്‍ കോടതിയില്‍ പരാമര്‍ശിച്ചു. ഓരോ ഹിയറിംഗിലും, ഉചിതമായ നിയമങ്ങളും മുന്‍ വിധികളും ഉദ്ധരിച്ച് എന്റെ വാദങ്ങള്‍ അവതരിപ്പിച്ചു. ഒടുവില്‍, ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ എച്ച്ഡിഎഫ്സി ലിമിറ്റഡിനെതിരെ അനുകൂലമായ വിധി നേടിയെടുത്തു.

ഉത്തരവിനെതിരെ എച്ച്ഡിഎഫ്സി ലിമിറ്റഡ് കേരള സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ അപ്പീല്‍ നല്‍കിയെങ്കിലും രഞ്ജിത്തിനെ തോല്‍പ്പിക്കാന്‍ സാധിച്ചില്ല. ഇതോടെയാണ് നിയമപഠനത്തിലേക്ക് രഞ്ജിത്ത് തിരിയുന്നത്. എനിക്ക് നിയമം പഠിക്കാന്‍ കഴിയുമെങ്കില്‍, ഉപഭോക്തൃ കേസുകളില്‍ നീതി ലഭിക്കാന്‍ ആളുകളെ സഹായിക്കാന്‍ കഴിയുമെന്ന് ഞാന്‍ മനസ്സിലാക്കി. അങ്ങനെ ഞാന്‍ 2019-ല്‍ മൂന്ന് വര്‍ഷത്തെ എല്‍എല്‍ബി കോഴ്സിന് ചേര്‍ന്നെന്ന് രഞ്ജിത്ത് പറഞ്ഞു.

എല്‍എല്‍ബിക്ക് പഠിക്കുമ്പോഴും ഉപഭോക്തൃ അവകാശങ്ങള്‍ ലംഘിക്കുന്ന കമ്പനികള്‍ക്കെതിരെ രഞ്ജിത്ത് തന്റെ പോരാട്ടം തുടര്‍ന്നു. 2022 ഓഗസ്റ്റ് 4-ന് ഭാര്യയുടെ ചികിത്സയ്ക്ക് വേണ്ടി വന്ന മെഡിക്കല്‍ ബില്ല് തിരികെ നല്‍കാന്‍ വിസമ്മതിച്ച യൂണിവേഴ്‌സല്‍ സോംപോ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡിനെതിരെ അദ്ദേഹം ഒറ്റയ്ക്ക് കേസ് നടത്തി വിജയിച്ചു.

രഞ്ജിത്ത് ക്ലെയിം രേഖകള്‍ സമര്‍പ്പിച്ചെങ്കിലും ക്ലെയിം പരിഗണിക്കാന്‍ കമ്പനി തയ്യാറായില്ല. ഇതോടെ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു. കമ്മീഷന്‍ രഞ്ജിത്തിന് അനുകൂലമായ വിധി പുറപ്പെടുവിക്കുകയും ഇന്‍ഷുറന്‍സ് കമ്പനി 1.33 ലക്ഷം രൂപ മെഡിക്കല്‍ ക്ലെയിം നല്‍കാനും 40,000 രൂപ നഷ്ടപരിഹാരം നല്‍കാനും വിധിച്ചു.

ഹൗസിംഗ് ലോണ്‍ നിഷേധിക്കപ്പെട്ടതില്‍ നിന്ന് ഉപഭോക്തൃ അവകാശങ്ങളുടെ വക്താവാകാനുള്ള തീരുമാനത്തിലെത്തി നില്‍ക്കുകയാണ് രഞ്ജിത്ത്. കേസുകളിലെ വെല്ലുവിളി ഏറ്റെടുത്ത് കമ്പനികള്‍ക്കെതിരെ വാദിച്ച് ജയിക്കാന്‍ തനിക്ക് കഴിയുമെന്ന് രഞ്ജിത്ത് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ആര്‍ രഞ്ജിത്ത്

Mob: +919288288143

Tags