ഇയാള്‍ ഒരു പരിശീലകന്‍ പോലുമല്ല, ക്രിസ്റ്റ്യാനോ പരിഹസിച്ച കോച്ച് ഇപ്പോള്‍ യൂറോപ്യന്‍ ഫുട്‌ബോളിലെ സൂപ്പര്‍മാന്‍


ബര്‍ലിന്‍: ഒരിക്കല്‍ ഫുട്‌ബോള്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പരിഹസിച്ച പരിശീലകന്‍ ഇന്ന് യൂറോപ്യന്‍ ഫുട്‌ബോളിലെ സൂപ്പര്‍മാന്‍ പദവിയിലാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഹ്രസ്വകാല പരിശീലകനായെത്തിയ റാല്‍ഫ് റാംഗ്‌നിക്ക് യൂറോ കപ്പിലൂടെ തന്റെ പരിശീലക മികവ് തെളിയിച്ചിരിക്കുകയാണ്. ഇക്കുറി യൂറോ കപ്പില്‍ ഓസ്ട്രിയ മികച്ച പ്രകടനം നടത്തിയപ്പോള്‍ ടീമിന്റെ പിന്നണിയില്‍ റാംഗ്നിക്കിന്റെ തന്ത്രങ്ങളുണ്ട്.
ഫ്രാന്‍സും നെതര്‍ലന്‍ഡും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ നിന്നും പുറത്താകുമെന്ന് ഫുട്‌ബോള്‍ വിദഗ്ധര്‍ പ്രവചിച്ച ഓസ്ട്രിയ ഒന്നാം സ്ഥാനക്കാരായാണ് പ്രീക്വാര്‍ട്ടറിലെത്തിയത്. 2021-22 വരെ യുണൈറ്റഡിന്റെ ഇടക്കാല മാനേജര്‍ ആയിരുന്നു റാംഗ്നിക്ക്. എന്നാല്‍, പ്രതീക്ഷിച്ച പ്രകടനം ടീം പുറത്തെടുത്തില്ല. 14 മത്സരങ്ങളില്‍ നിന്ന് വെറും മൂന്ന് വിജയങ്ങളും മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, എന്നിവയ്ക്കെതിരായ കനത്ത തോല്‍വിയും റാംഗ്നിക്കിന് പുറത്തേക്കുള്ള വഴിതെളിച്ചു.
ഇയാള്‍ ഒരു പരിശീലകന്‍ പോലുമല്ല എന്നാണ് അന്ന് പിയേഴ്സ് മോര്‍ഗനുമായുള്ള തന്റെ അഭിമുഖത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറഞ്ഞത്. റഷ്യന്‍ ക്ലബ് ലോകോമോട്ടീവ് മോസ്‌കോയില്‍ സ്‌പോര്‍ട്‌സ് ആന്റ് ഡെവലപ്‌മെന്റ് തലവനായിട്ടായിരുന്നു റാംംഗ്‌നിക്കിന്റെ മുന്‍ ജോലി. റാംഗ്നിക്കിന്റെ ഫുട്ബോള്‍ ബ്രാന്‍ഡ് വളരെ ഫലപ്രദമായിരുന്നു. കൌണ്ടര്‍ പ്രസ്സിംഗ് എന്ന് വിളിക്കുന്ന തന്ത്രമാണ് അദ്ദേഹത്തിന്റേത്. യര്‍ഗന്‍ ക്ലോപ്പ്, ജൂലിയന്‍ നാഗെല്‍സ്മാന്‍, തോമസ് ടുച്ചല്‍ എന്നിവരുള്‍പ്പെടെ ഒട്ടേറെ ജര്‍മന്‍ പരിശീലകരെ അത് സ്വാധീനിച്ചു.

ഫേവറിറ്റുകളില്‍ പരിഗണിക്കപ്പെടാത്ത ഓസ്ട്രിയന്‍ ടീമിനൊപ്പം അദ്ദേഹം മികവ് പുലര്‍ത്തുന്നതില്‍ അതിശയിക്കാനില്ല. സീസണിന്റെ അവസാനത്തില്‍ ടുച്ചലിന്റെ പിന്‍ഗാമിയായി ഇദ്ദേഹത്തെ ബയേണ്‍ മ്യൂണിക് ലക്ഷ്യമിട്ടിരുന്നു. എന്നാല്‍, ഓസ്ട്രിയയില്‍ തുടരാന്‍ റാംഗ്‌നിക്ക് തീരുമാനിച്ചു.
ഇക്കുറി ആദ്യ മത്സരത്തില്‍ അദ്ദേഹത്തിന്റെ ടീം ഫ്രാന്‍സിനോട് തോല്‍വി ഏറ്റുവാങ്ങി. പിന്നീട് പോളണ്ടിനെ 3-1 നും നെതര്‍ലന്‍ഡ്സിനെ 3-2 നും തോല്‍പ്പിച്ചു. ജൂലൈ 2-ന് തുര്‍ക്കിയുമായി ജയം ഏറെക്കുറെ ഉറപ്പാണെന്നാണ് പ്രവചനം.
തന്റെ കോച്ചിംഗ് കരിയറിനൊപ്പം, ഒരു എക്‌സിക്യൂട്ടീവെന്ന നിലയിലുള്ള പ്രവര്‍ത്തനത്തിനും റാംഗ്നിക്കിന് പ്രശസ്തിയുണ്ട്. ലെയ്പ്‌സിഗിന്റെ സ്‌പോര്‍ട്‌സ് ഡയറക്ടറായിരുന്ന സമയത്ത് വളര്‍ന്നുവരുന്ന ഒട്ടേറെ കളിക്കാരെയും പരിശീലകരെയും കണ്ടെത്തി.