രണ്ടര വര്‍ഷംകൊണ്ട് രാജ്യസഭയില്‍ തീപ്പൊരിയായി ബ്രിട്ടാസ്, പൊടിപൊടിച്ച് ചോദ്യങ്ങളും ഡിബേറ്റുകളും, സുരേഷ് ഗോപിയോ? ദയനീയ പ്രകടനം, ചര്‍ച്ചകളും ബില്ലുമില്ല

google news
john brittas suresh gopi

ന്യൂഡല്‍ഹി: സിപിഎം എംപി ജോണ്‍ ബ്രിട്ടാസിന്റെ രാജ്യസഭയിലെ പ്രകടനമാണ് ഇപ്പോള്‍ ദേശീയ മാധ്യമങ്ങളില്‍ പോലും പ്രധാന ചര്‍ച്ചാവിഷയം. കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും എതിരെ രാജ്യസഭയില്‍ തീപ്പൊരി പ്രസംഗമാണ് ബ്രിട്ടാസ് കഴിഞ്ഞദിവസം കാഴ്ചവെച്ചത്. 2021ല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുമ്പോള്‍ പലഭാഗത്തുനിന്നും  പരിഹസിച്ചവര്‍ക്കുള്ള മറുപടികൂടിയാണ് നാളിതുവരെയുള്ള അദ്ദേഹത്തിന്റെ പ്രകടനം.

പാര്‍ലമെന്റിലെ രാജ്യസഭാ എംപിമാരില്‍ ഏറ്റവും മികച്ച പ്രകടനമാണ് ബ്രിട്ടാസിന്റേതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യസഭയിലെ ഹാജര്‍ ദേശീയ ശരാശരി 79 മാത്രമായിരിക്കുമ്പോള്‍ ബ്രിട്ടാസിന്റേത് 91 ശതമാനമാണ്. 489 തവണയാണ് ബ്രിട്ടാസ് രണ്ടര വര്‍ഷത്തിനുള്ളില്‍ ഡിബേറ്റില്‍ പങ്കെടുത്തത്. ദേശീയ ശരാശരി കേവലം 56.5 ഉം സംസ്ഥാനത്തുനിന്നുള്ളവരുടേത് 169.4ഉം മാത്രമാണെന്നോര്‍ക്കണം.

306 ചോദ്യങ്ങള്‍ ബ്രിട്ടാസ് ചോദിച്ചപ്പോള്‍ സംസ്ഥാന ശരാശരി 212.53ഉം ദേശീയ ശരാശരി 126.39മാണ്. 10 പ്രൈവറ്റ് ബില്ലുകളും ബ്രിട്ടാസ് അവതരിപ്പിച്ചു. 0.8 ആണ് ഇക്കാര്യത്തില്‍ ദേശീയ ശരാശരി. സംസ്ഥാന ശരാശരി 3.8ഉം. സംസ്ഥാനത്തുനിന്നുള്ള ഇടതുപക്ഷ എംപിമാരെ മാധ്യമങ്ങളും പ്രതിപക്ഷവും പരിഹസിക്കുമ്പോഴും അവര്‍ പാര്‍ലമെന്റില്‍ നടത്തിയ ഇടപെടലുകള്‍ പലപ്പോഴും മറച്ചുവെക്കുകയാണ് പതിവ്. രാജ്യം ഭരിക്കാന്‍ കഴിയാത്തവര്‍ എന്തിനാണ് പാര്‍ലമെന്റിലേക്ക് പോകുന്നത് എന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് ബ്രിട്ടാസിന്റെ പ്രകടനം.

തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പിക്കുന്ന സുരേഷ് ഗോപിയും നേരത്തെ രാജ്യസഭാ അംഗമായിരുന്നു. ആറുവര്‍ഷം എംപിയായിട്ടും ദയനീയ പ്രകടനമാണ് സുരേഷ് ഗോപി നടത്തിയത്. ഹാജര്‍ നിലയിലും ചര്‍ച്ചകളിലും ചോദ്യങ്ങളിലും ബില്ല് അവതരണത്തിലുമെല്ലാം അദ്ദേഹം ദേശീയ ശരാശരിയിലും താഴെയാണ്.

2016 മുതല്‍ 2022 വരെ എംപിയായിരുന്ന സുരേഷ് ഗോപിയുടെ ഹാജര്‍ നില കേവലം 74 ശതമാനം മാത്രമാണ്. ദേശീയ ശരാശരി 79ഉം. 105.7 ആണ് ഡിബേറ്റില്‍ പങ്കെടുത്തവരുടെ ദേശീയ ശരാശരിയെങ്കില്‍ സുരേഷ് ഗോപിയുടേത് 50 മാത്രം. ചോദ്യങ്ങളുടെ കാര്യത്തിലും സുരേഷ് ഗോപിയുടേത് ദയനീയ പ്രകടനമാണെന്നുകാണാം. 23 ചോദ്യങ്ങള്‍ മാത്രം സുരേഷ് ഗോപി ചോദിച്ചപ്പോള്‍ ദേശീയ ശരാശരി 298.26. ഒരു പ്രൈവറ്റ് ബില്ലും തന്റെ കാലയളവില്‍ സുരേഷ് ഗോപി അവതരിപ്പിച്ചില്ല.

ഇത്രമാത്രം മോശം പ്രകടനം നടത്തിയ ഒരു വ്യക്തിയാണ് വീണ്ടും പാര്‍ലമെന്റിലേക്ക് വോട്ടഭ്യര്‍ത്ഥിച്ച് തൃശൂരിലിറങ്ങുന്നത്. ജയിച്ചാല്‍ പാര്‍ലമെന്റില്‍ ജനങ്ങള്‍ക്കുവേണ്ടി സ്ഥിരമായി ഹാജരാകുമെന്നോ ചോദ്യങ്ങള്‍ ചോദിക്കുമെന്നോ ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്നോ ഉറപ്പുനല്‍കാന്‍ സുരേഷ് ഗോപിക്ക് സാധിക്കില്ല. വോട്ടഭ്യര്‍ത്ഥിച്ച് ജനങ്ങളിലേക്കിറങ്ങുമ്പോള്‍ മുന്‍ പ്രകടനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും അദ്ദേഹത്തിന് കൃത്യമായ മറുപടിയില്ല.

Tags