ഉണ്ണിത്താനോട് മുട്ടാന്‍ മാത്രം വളര്‍ന്നോ ഷാഫിയും മാങ്കൂട്ടത്തിലും, 2020 നമ്പറും ഫ്‌ലാറ്റും ആളാരാണെന്ന് വെളിപ്പെടുത്തി സോഷ്യല്‍ മീഡിയ, ശിഷ്യനേക്കാള്‍ കേമനോ ആശാന്‍

Rajmohan Unnithan Shafi parambil

തനിക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ രാഹുല്‍ മാങ്കൂട്ടത്തിലാണെന്നും, അത് ഷാഫിക്ക് വേണ്ടി നടത്തുന്നതാണെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

കൊച്ചി: കേരളത്തിലെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കം പുതിയ തലത്തിലെത്തിയിരിക്കുകയാണ്. കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍, വടകര എംപിയും കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമായ ഷാഫി പറമ്പിലിനെയും, പീഡനക്കേസുകളെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെയും ലക്ഷ്യമിട്ട് രൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തിയോടെ കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്ന കലഹം അങ്ങാടിപ്പാട്ടായി.

''ഷാഫിയോടും രാഹുലുമായി, തന്നോട് കളിക്കാന്‍ മാത്രം വളര്‍ന്നില്ല'' എന്ന മട്ടിലാണ് ഉണ്ണിത്താന്‍ നിലപാട് വ്യക്തമാക്കിയത്. തനിക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍, ഷാഫിയുടെയും രാഹുലിന്റേയും നേതൃത്വത്തിലാണ് നടക്കുന്നതെന്ന് ഉണ്ണിത്താന്‍ പറയുന്നു.

കാസര്‍കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ഉണ്ണിത്താന്‍ പറഞ്ഞത്, ഷാഫി പറമ്പില്‍ 'എ' ഗ്രൂപ്പുകാരനല്ല. അദ്ദേഹം എ ഗ്രൂപ്പാണെന്ന് പറയുന്നത് ലോകത്തിലെ എട്ടാമത്തെ അത്ഭുതമായിരിക്കും എന്നാണ്. കെ.സി. ജോസഫ്, ബെന്നി ബെഹനാന്‍ എന്നിവരെപ്പോലെ യഥാര്‍ത്ഥ എ ഗ്രൂപ്പുകാരല്ല ഷാഫി. ഉമ്മന്‍ ചാണ്ടിയുടെ അവസാന നാളുകളില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി ജെ.എസ്. അഖിലിനെ നിര്‍ദേശിച്ച കുറിപ്പ് ഷാഫി അട്ടിമറിച്ച് അടൂരിലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ നിയമിച്ചു എന്നും അദ്ദേഹം ആരോപിച്ചു.

സോളാര്‍ കേസ് കാലത്ത് ഉമ്മന്‍ ചാണ്ടിയെ പ്രതിരോധിക്കാന്‍ താനും സിദ്ദീഖും മാത്രമേ മുന്നില്‍ നിന്നുള്ളൂ; മറ്റുള്ളവര്‍ പ്രതിച്ഛായ ഭയന്ന് ഒളിച്ചോടി. ഇപ്പോള്‍ 'ഉമ്മന്‍ ചാണ്ടി സ്‌കൂള്‍ ഓഫ് പൊളിറ്റിക്‌സ്' പറയുന്നവര്‍ അന്ന് ഒളിച്ചോടിയവരാണെന്ന് ഉണ്ണിത്താന്‍ ചൂണ്ടിക്കാട്ടി.

തനിക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ രാഹുല്‍ മാങ്കൂട്ടത്തിലാണെന്നും, അത് ഷാഫിക്ക് വേണ്ടി (ആശാനുവേണ്ടി ശിഷ്യന്‍) നടത്തുന്നതാണെന്നും ഉണ്ണിത്താന്‍ പറഞ്ഞു. ''നാലു ഗര്‍ഭമുണ്ടാക്കി അടൂരിലെ വീട്ടില്‍ വിശ്രമിക്കുന്ന ശിഷ്യന്‍ ആശാനുവേണ്ടി ഇറങ്ങിയിരിക്കുകയാണ്'' എന്നായിരുന്നു പരാമര്‍ശം. ആക്രമണങ്ങള്‍ അടൂരിലെ ഒരു വീട്ടില്‍ നിന്നാണ് നിയന്ത്രിക്കുന്നതെന്നും, പനമ്പള്ളി നഗറിലെ ഫ്‌ലാറ്റ്, 2020 നമ്പര്‍ കാര്‍ തുടങ്ങിയ 'ക്ലൂകള്‍' തന്റെ ഡയറിയിലുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ''ആശാനും ശിഷ്യനും കുടുങ്ങും. അനാവശ്യമായി പ്രകോപിപ്പിക്കരുത്; എല്ലാം തുറന്നുപറയും. മുഖംമൂടി വലിച്ചുകീറും'' എന്ന് ഉണ്ണിത്താന്‍ വെല്ലുവിളിച്ചു. ഷാഫിയെ പരസ്യ സംവാദത്തിന് ക്ഷണിച്ച്, തെറ്റാണെന്ന് തെളിഞ്ഞാല്‍ രാഷ്ട്രീയം ഉപേക്ഷിക്കാമെന്നും പറഞ്ഞു.

ഉണ്ണിത്താന്‍ ഷാഫി എ ഗ്രൂപ്പല്ലെന്ന് പറഞ്ഞതിന് ശേഷമാണ് സൈബര്‍ ആക്രമണങ്ങള്‍ ശക്തമായത്. യൂത്ത് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്ന് കാര്‍ട്ടൂണുകളും വിമര്‍ശനങ്ങളും ഉയര്‍ന്നു.

യുഡിഎഫ് സര്‍ക്കാര്‍ ആറ് മാസം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍, മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ എ ഗ്രൂപ്പ് നേതാക്കള്‍ (ഷാഫി, കെ.സി. ജോസഫ്, ബെന്നി ബെഹനാന്‍) എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ കണ്ട് പരാതി നല്‍കിയിരുന്നു. ഉണ്ണിത്താന്‍ സതീശന് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതായും, ഗ്രൂപ്പ് വിഭാഗീയതയെ എതിര്‍ക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഷാഫി പറമ്പിലോ രാഹുല്‍ മാങ്കൂട്ടത്തിലോ ഉണ്ണിത്താന് മറുപടി നല്‍കിയിട്ടില്ല. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് വിനോദ് ചെറാട് ''ഉണ്ണിത്താന്‍ പൊടിക്ക് അടങ്ങണം'' എന്ന് പറഞ്ഞു. പി.സി. വിഷ്ണുനാഥ് ഷാഫിയെ പിന്തുണച്ച് ''അടിമുടി രാഷ്ട്രീയക്കാരന്‍, ജനങ്ങള്‍ക്ക് അറിയാവുന്ന വ്യക്തി'' എന്ന് പ്രതികരിച്ചു. എ ഗ്രൂപ്പ് വൃത്തങ്ങളില്‍ ഉണ്ണിത്താനെ 'സ്‌മോള്‍ ബോയ്' എന്ന് പരിഹസിക്കുകയും മകന്റെ ബിജെപി ബന്ധം ചോദ്യം ചെയ്യുകയും ചെയ്തു.

ഏറ്റുമുട്ടല്‍ കോണ്‍ഗ്രസിലെ പഴയ എ-ഐ ഗ്രൂപ്പ് തര്‍ക്കത്തിന്റെ പുനരുജ്ജീവനവും,  യുവനേതാക്കളും മുതിര്‍ന്നവരും തമ്മിലുള്ള അധികാര വടംവലിയും വ്യക്തമാക്കുന്നു. ഉണ്ണിത്താന്‍ തന്റെ 'ഡയറി'യും വെളിപ്പെടുത്തലുകളും ഉപയോഗിച്ച് സമ്മര്‍ദ്ദം ചെലുത്തുകയാണ്. പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍ കാലതാമസം നേരിടുന്ന സാഹചര്യത്തില്‍, പോര് കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത.

ഉണ്ണിത്താന്റെ വെളിപ്പെടുത്തലിന് പിന്നാലെ അദ്ദേഹം പുറത്തുവിട്ട സൂചനകളുമായി ഇടതു ഹാന്‍ഡിലുകള്‍ ട്രോളുകള്‍ തുടങ്ങിയിട്ടുണ്ട്. രാഹുലിനേക്കാള്‍ കേമനാണ് ഷാഫിയെന്നും പനമ്പള്ളിയെ ഫ്‌ളാറ്റ് ആരുടേതാണെന്ന് അറിയാമെന്നും സൈബര്‍ ട്രോളുകളില്‍ സൂചിപ്പിക്കുന്നു.
 

Tags