മഴയും സെൻസസ് ഡ്യൂട്ടിയും വില്ലനായി: കാൽക്കൊല്ല പരീക്ഷ സെപ്റ്റംബർ 15-ലേക്ക് നീട്ടണമെന്ന് ആവശ്യം; ഓണാവധി ചുരുക്കാൻ ബദൽ നിർദ്ദേശം
കനത്ത മഴയും തുടർച്ചയായ അവധികളും അധ്യാപകരുടെ സെൻസസ് ഡ്യൂട്ടിയും കാരണം സംസ്ഥാനത്ത് സ്‌കൂൾ അധ്യയനം കടുത്ത പ്രതിസന്ധിയിൽ. പാഠഭാഗങ്ങൾ തീർക്കാൻ കഴിയാത്ത സാഹചര്യത്തിൽ വരാനിരിക്കുന്ന കാൽക്കൊല്ല പരീക്ഷകൾ സെപ്റ്റംബർ 15-ലേക്ക് നീട്ടിവെക്കണമെന്ന ആവശ്യം ശക്തമാകുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രകൃതിയും ഭരണപരമായ ജോലികളും ഒരുപോലെ തിരിച്ചടിയായതോടെ സ്‌കൂൾ വിദ്യാഭ്യാസ മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അവധി ഒഴിവാക്കാൻ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഇതിനുപുറമെ ഇത്തവണ ഓണം നേരത്തെ എത്തുകയും പകുതിയോളം അധ്യാപകർക്ക് സെൻസസ് ഡ്യൂട്ടി ലഭിക്കുകയും ചെയ്തതോടെ കൃത്യസമയത്ത് പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കാൻ കഴിയാത്ത ആശങ്കയിലാണ് അധ്യാപക ലോകം.
ഒരു വശത്ത് പ്രകൃതിയുടെ തിരിച്ചടിയും മറു വശത്ത് പാഠഭാഗങ്ങൾ തീർക്കാൻ കഴിയാത്തതിന്റെ നിരാശയും അധ്യാപകരെ അലട്ടുമ്പോൾ, സെൻസസ് ഡ്യൂട്ടിയുള്ളവരുടെ അധിക ജോലിഭാരം പ്രതിസന്ധിയുടെ വ്യാപ്തി കൂട്ടുന്നു. ഈ സാഹചര്യത്തിൽ പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം നടത്തിയാൽ വിദ്യാർത്ഥികളെ അത് പ്രതികൂലമായി ബാധിക്കും.
അതിനാൽ നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് കാൽക്കൊല്ല പരീക്ഷകൾ സെപ്റ്റംബർ 15-ലേക്ക് നീട്ടിവെക്കണമെന്നും, പരീക്ഷ ഓണാവധിക്ക് ശേഷം നടത്തണമെന്നുമാണ് പ്രധാനമായും ഉയരുന്ന ആവശ്യം. പരീക്ഷ നീട്ടിവെക്കുമ്പോൾ നഷ്ടപ്പെടുന്ന അധ്യയന ദിവസങ്ങൾ പരിഹരിക്കാൻ ഇത്തവണത്തെ ഓണാവധി നാല് പ്രധാന ഓണം ദിനങ്ങളിൽ മാത്രമായി ചുരുക്കാമെന്ന ബദൽ നിർദ്ദേശവും മുന്നോട്ടുവെക്കുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി ഇടപെട്ട് അനുകൂല തീരുമാനമെടുക്കുമെന്ന പ്രതീക്ഷയിലാണ് അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും.
.jpg)

