ജയരാജന്റെ റെക്കോര്‍ഡും വിറപ്പിച്ച് ചാണ്ടി ഉമ്മന്‍, അവസാന ലാപ്പില്‍ പിന്നിലായി


കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ വമ്പന്‍ വിജയം നേടിയ ആഘോഷത്തിലാണ് കോണ്‍ഗ്രസ്. വോട്ടെണ്ണലന്റെ തുടക്കം മുതല്‍ ഒടുക്കംവരെ ലീഡ് വിട്ടുകൊടുക്കാതെ കുതിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമി. യുഡിഎഫ് പോലും പ്രതീക്ഷിക്കാത്ത രീതിയിലുള്ള ഭൂരിപക്ഷം നേടാന്‍ ചാണ്ടി ഉമ്മന്‍ സാധിച്ചു.
പുതുപ്പള്ളിയിലെ ചരിത്രത്തിലെ എക്കാലത്തേയും ഉയര്‍ന്ന ഭൂരിപക്ഷമായ 36,454 ആണ് ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം. സഹതാപതരംഗത്തോടൊപ്പം ഭരണവിരുദ്ധ വികാരവും മണ്ഡലത്തിലുണ്ടായി എന്നുവേണം കരുതാന്‍. ബിജെപിക്ക് ഗണ്യമായ വോട്ടുകള്‍ കുറഞ്ഞതും ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം ഉയര്‍ത്തിയിട്ടുണ്ടാകും എന്നാണ് വിലയിരുത്തല്‍.

ഒരുവേള ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ ജെയ്ക്ക് തോമസിന് ലഭിച്ച വോട്ടിനേക്കാള്‍ കൂടുതല്‍ ചാണ്ടി ഉമ്മന്‍ ഭൂരിപക്ഷമുണ്ടാകുമെന്നായിരുന്നു കണക്കുകൂട്ടലുണ്ടായത്. എന്നാല്‍, ഔദ്യോഗിക കണക്ക് പുറത്തുവന്നപ്പോള്‍ ജയ്ക്കിന് ആശ്വാസമായി. 41,982 വോട്ടുകളാണ് ജെയ്ക്ക് നേടിയത്. ചാണ്ടി ഉമ്മന്‍ 78,649 വോട്ടുകളും നേടി.
ഉപതെരഞ്ഞെടുപ്പുകളിലെ എക്കാലത്തേയും റെക്കോര്‍ഡ് വിജയമായ പി ജയരാജന്റെ 45,377 ഭൂരിപക്ഷം ചാണ്ടി ഉമ്മന്‍ മറികടക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ഭൂരിപക്ഷം 40,000 കടന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണിത്. എന്നാല്‍, ജയരാജന്റെ റെക്കോര്‍ഡ് മറികടക്കാന്‍ ചാണ്ടി ഉമ്മന്‍ സാധിച്ചില്ല. 2005ല്‍ കൂത്തുപറമ്പില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ജയരാജന് റെക്കോര്‍ഡ് വിജയം നേടിയത്. അന്ന് കോണ്‍ഗ്രസിന്റെ കെ പ്രഭാകരനായിരുന്നു എതിരാളി.
2001 നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂത്തുപറമ്പില്‍നിന്ന് വിജയിച്ച പി. ജയരാജന്റെ തിരഞ്ഞെടുപ്പ് സുപ്രീം കോടതി റദ്ദാക്കിയതിനെ തുടര്‍ന്നായിരുന്നു ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. 2001 ലെ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ നേടിയ 18,620 വോട്ടിന്റെ ഭൂരിപക്ഷം മറികടന്നാണ് ഉപതിരഞ്ഞെടുപ്പില്‍ ജയരാജന് റെക്കോര്‍ഡിട്ടത്.