അധികാര ഭ്രമത്തില്‍ ജനങ്ങളോട് ആത്മാര്‍ത്ഥതയില്ലാതാകുന്നോ? എംഎല്‍എ, എംപി സ്ഥാനത്തിരുന്നുകൊണ്ട് മത്സരിക്കരുത്, ഉപതെരഞ്ഞെടുപ്പിന് ചെലവഴിക്കുന്ന കോടികള്‍ സാധാരണക്കാരുടേത്
രാജ്യത്തോടും ജനങ്ങളോടും ആത്മാര്‍ത്ഥമായി പ്രതിബദ്ധതയുള്ള ഒരു പൊതുപ്രവര്‍ത്തകന്‍, ഒരു സ്ഥാനത്തിരുന്നുകൊണ്ട് മറ്റൊരു സ്ഥാനത്തേക്ക് മത്സരിക്കരുത് എന്നാണ് ചിലരുടെ പ്രതികരണം.
കൊച്ചി: കേരള രാഷ്ട്രീയത്തില്‍ നിലവില്‍ ഏറ്റവും ചൂടേറിയ ചര്‍ച്ചയാണ് കണ്ണൂര്‍ എംപി കെ. സുധാകരന്റെ നിയമസഭാ തിരഞ്ഞെടുപ്പിലെ മത്സരം. പാര്‍ലമെന്റ് അംഗമായ അദ്ദേഹം കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ വലിയ വിവാദമായി മാറിയിരിക്കുന്നു.
tRootC1469263">കെപിസിസി നേതൃത്വം അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സുധാകരന്‍ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ വൈകാരികമായ പോസ്റ്റുകള്‍ ഇട്ടുകൊണ്ട് തന്റെ തീരുമാനത്തെ ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കുന്ന അദ്ദേഹം, മുഖ്യമന്ത്രി സ്ഥാനത്തിന്റെ സാധ്യതയും ഉയര്‍ത്തിക്കാട്ടുന്നുണ്ട്.
രാജ്യത്തോടും ജനങ്ങളോടും ആത്മാര്‍ത്ഥമായി പ്രതിബദ്ധതയുള്ള ഒരു പൊതുപ്രവര്‍ത്തകന്‍, ഒരു സ്ഥാനത്തിരുന്നുകൊണ്ട് മറ്റൊരു സ്ഥാനത്തേക്ക് മത്സരിക്കരുത് എന്നാണ് ചിലരുടെ പ്രതികരണം. കാരണം, ഇത് കോടിക്കണക്കിന് രൂപയുടെ ദുര്‍വ്യയത്തിന് കാരണമാകും. ഉപതെരഞ്ഞെടുപ്പുണ്ടായാല്‍ ജനങ്ങളുടെ നികുതിപ്പണമാണ് തെരഞ്ഞെടുപ്പിനായി വിനിയോഗിക്കുന്നത്. സുധാകരന്‍ കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ച് ജയിച്ചാല്‍ ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന് കാരണമാകും.
ഇന്ത്യയില്‍ ലോക്സഭാ ഉപതിരഞ്ഞെടുപ്പുകളുടെ ഭരണപരമായ ചെലവ് ഏകദേശം 20 മുതല്‍ 50 കോടി രൂപ വരെ വരാം എന്നാണ് കണക്ക്. സ്ഥാനാര്‍ത്ഥികളുടെ പ്രചാരണചെലവ് വേറെ. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പുകളിലെ മൊത്തം ചെലവ് 60,000 കോടി രൂപയോളം ആയിരുന്നു. 2024 ആകുമ്പോഴേക്കും അത് ഒരു ലക്ഷം കോടി കടന്നിട്ടുണ്ടാകാമെന്നാണ് റിപ്പോര്‍ട്ട്.
ഒരു എംപി അല്ലെങ്കില്‍ എംഎല്‍എ സ്വന്തം അഭിലാഷത്തിനായി സീറ്റ് മാറി മത്സരിക്കുമ്പോള്‍, ജനങ്ങള്‍ക്ക് വീണ്ടും വോട്ട് ചെയ്യേണ്ടിവരുന്നു. പുതിയ തിരഞ്ഞെടുപ്പ് യന്ത്രങ്ങള്‍, പോലീസ് സുരക്ഷ, ഉദ്യോഗസ്ഥരുടെ ശമ്പളം, പ്രചാരണം എല്ലാം സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചെലവഴിക്കണം.
ഒരു പൊതുപ്രവര്‍ത്തകന്‍ തന്റെ സീറ്റ് ഒഴിഞ്ഞ് മറ്റൊരു മണ്ഡലത്തേക്ക് പോകുമ്പോള്‍, അയാളുടെ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് പ്രതിനിധിയില്ലാത്ത കാലയളവ് വരുന്നു. ലോക്സഭയിലോ നിയമസഭയിലോ ബില്ലുകള്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ആ മണ്ഡലത്തിന്റെ പ്രശ്‌നങ്ങള്‍ ആരു ഉയര്‍ത്തും. ഉപതിരഞ്ഞെടുപ്പിന് കാലതാമസമെടുത്തേക്കാം. കണ്ണൂരിലെ ജനങ്ങള്‍ക്ക് ഇപ്പോള്‍ ഒരു എംപിയുണ്ട. അദ്ദേഹം നിയമസഭയിലേക്ക് പോയാല്‍ ലോക്സഭാ സീറ്റ് ഒഴിയും. ജനങ്ങള്‍ വീണ്ടും വോട്ട് ചെയ്യണം. ഇത് ജനാധിപത്യത്തിന്റെ ദുരുപയോഗമാണെന്നാണ് വിലയിരുത്തല്‍.
സുധാകരന്‍ ഒരു മുതിര്‍ന്ന നേതാവാണ്. മുന്‍ കെപിസിസി പ്രസിഡന്റ്, കണ്ണൂരിലെ ശക്തനായ നേതാവ് എന്ന നിലയില്‍ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തിന് സ്വപ്നം കാണുന്നത് വ്യക്തിപരമായ അഭിലാഷമായി കാണാം. പക്ഷേ, അത് സാക്ഷാത്കരിക്കാന്‍ ജനങ്ങളുടെ പണം പാഴാക്കുന്നത് ശരിയല്ല.
രാജ്യത്ത് ഇത്തരം ഉദാഹരണങ്ങള്‍ ഏറെയാണ്. എംഎല്‍എമാര്‍ ലോക്സഭയിലേക്ക് മത്സരിക്കുകയും ജയിക്കുകയും ചെയ്താല്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പ് വരുന്നു. 2019-ല്‍ ഇതുസംബന്ധിച്ച് കോടതിയില്‍ ഒരു ഹരജി വന്നിരുന്നു സിറ്റിങ് എംഎല്‍എകള്‍ ലോക്സഭയിലേക്ക് മത്സരിച്ച് ജയിച്ചാല്‍ ഉപതിരഞ്ഞെടുപ്പ് ചെലവ് അവര്‍ തന്നെ വഹിക്കണമെന്ന് കാട്ടിയായിരുന്നു ഹരജി. ഇന്നും ആ ഹരജിയിലെ ആവശ്യം പ്രസക്തമാണ്.
ആത്മാര്‍ത്ഥതയുള്ള പൊതുപ്രവര്‍ത്തകര്‍ക്ക് ഒരൊറ്റ സീറ്റ് മതി. ജനങ്ങള്‍ അവരെ തിരഞ്ഞെടുത്താല്‍ അത് പൂര്‍ണമായി സേവിക്കുക. സീറ്റ് മാറി മത്സരിക്കുന്നത് വ്യക്തിഗത അഭിലാഷമല്ലാതെ മറ്റൊന്നുമല്ല. സുധാകരനെ പോലുള്ള നേതാക്കള്‍ക്ക് ജനങ്ങള്‍ക്ക് മുന്നില്‍ മാതൃകയാകേണ്ടതാണ്. ഒരു സീറ്റില്‍ മത്സരിക്കുക, ജയിക്കുക, സേവിക്കുക. ഉപതിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കുക. കോടികള്‍ പാഴാക്കരുത്.
.jpg)


