കണ്ണൂർ ചെങ്ങളായിൽ ഫോർമാൽഡിഹൈഡ് ഫാക്ടറിക്കെതിരെ ജനകീയ പ്രതിഷേധം ശക്തം; പൊതുതെളിവെടുപ്പിൽ കടുത്ത എതിർപ്പ്

Public protest against formaldehyde factory in Chemagadal is strong; Strong opposition in public opinion polls

കണ്ണൂർ: ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ ജനവാസ മേഖലയിൽ ഫോർമാൽഡിഹൈഡ് രാസവ്യവസായ യൂണിറ്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികൾ ശക്തമായ പ്രതിഷേധവുമായി രംഗത്ത്. ചുഴലി വില്ലേജിലെ കൂനം കിരാത്ത് ഭാഗത്ത് ആരംഭിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിക്കെതിരെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ നേതൃത്വത്തിൽ വളക്കൈ കൃഷിഭവൻ ഹാളിൽ നടന്ന പൊതുതെളിവെടുപ്പിൽ കക്ഷിരാഷ്ട്രീയ ഭേദമന്യേ നാട്ടുകാർ ഒറ്റക്കെട്ടായി എതിർപ്പ് രേഖപ്പെടുത്തി.

പ്ലൈവുഡ് നിർമ്മാണത്തിനാവശ്യമായ റെസിനുകളും പശകളും ഉൽപ്പാദിപ്പിക്കുന്നതിനായി 'കണ്ണൂർ ഗ്ലോബൽ പ്ലൈവുഡ് കൺസോർഷ്യം' വിഭാവനം ചെയ്യുന്ന പദ്ധതിക്കെതിരെയാണ് പ്രതിഷേധം ആളിക്കത്തുന്നത്. ഫാക്ടറി വരുന്ന പ്രദേശത്തിന് 2.5 കിലോമീറ്റർ ചുറ്റളവിൽ ജനവാസമില്ലെന്നാണ് പാരിസ്ഥിതിക ആഘാത പഠന റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ 200 മീറ്ററിനുള്ളിൽ തന്നെ നിരവധി വീടുകളും സ്ഥാപനങ്ങളും സ്കൂളുകൾ, അംഗൻവാടികൾ, ആരാധനാലയങ്ങൾ എന്നിവയും പ്രവർത്തിക്കുന്നുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. യാതൊരു പ്രൈമറി ഡാറ്റാ ശേഖരണവും നടത്താതെയാണ് തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ട് തയ്യാറാക്കിയതെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.

അപകടകാരിയായ രാസവസ്തുക്കൾ ഉപയോഗിക്കുന്ന പ്ലാന്റിൽ നിന്ന് വാതക ചോർച്ചയുണ്ടായാൽ ഭോപ്പാൽ ദുരന്തത്തിന് സമാനമായ വലിയ അപകടത്തിന് കാരണമായേക്കാമെന്ന ആശങ്കയും നാട്ടുകാർ പങ്കുവെക്കുന്നു. പ്രതിദിനം 86,000 ലിറ്റർ വെള്ളം ആവശ്യമായി വരുന്ന പദ്ധതി പ്രദേശത്തെ രൂക്ഷമായ ജലക്ഷാമം കൂടുതൽ വഷളാക്കും. പാറപ്രദേശമായ ഇവിടെ നിന്നും രാസമാലിന്യങ്ങൾ ഒഴുകിയെത്തി സമീപത്തെ വയലുകളിലെ നെൽകൃഷിയും കുടിവെള്ള സ്രോതസ്സുകളും നശിക്കുമെന്നും ആശങ്കയുണ്ട്. വ്യവസായത്തിനായി നോട്ടിഫൈ ചെയ്യാത്ത പ്രദേശത്ത് 'റെഡ് കാറ്റഗറി' വ്യവസായം നിയമപരമായി അനുവദനീയമല്ലെന്നും നാട്ടുകാർ വ്യക്തമാക്കുന്നു.

സാധാരണ പശ നിർമ്മാണ യൂണിറ്റായി ആരംഭിക്കുന്ന പദ്ധതി മനുഷ്യന്റെ ജീവനും ആരോഗ്യത്തിനും വലിയ ഭീഷണിയാണെന്ന് വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു. നാടിന്റെ നിലനിൽപ്പിനായി രൂപീകരിച്ച ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ പ്രത്യക്ഷ സമരപരിപാടികളും നിയമപോരാട്ടങ്ങളും സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.

Tags