പാചകവാതക പ്രതിസന്ധി അതിരൂക്ഷം, ഇരുട്ടടിയായി വിലക്കയറ്റവും : കണ്ണൂർ നഗരത്തിലെ ഹോട്ടലുകൾക്ക് താഴ് വീണു

Price hikes in the dark: Cooking gas crisis is severe, hotels in Kannur city are facing hardships
 കണ്ണൂർ : പാചകവാതക വില വർദ്ധനവും ക്ഷാമവും കാരണം കണ്ണൂർ നഗരത്തിലെ ഹോട്ടലുകൾ ഭൂരിഭാഗവും അടച്ചുപൂട്ടി. കേന്ദ്ര സർക്കാർ വാണിജ്യപാചക വാതകത്തിന് വീണ്ടും വിലവർദ്ധിപ്പിച്ചതോടെ ഭക്ഷ്യോൽപന്നങ്ങൾക്ക് വീണ്ടും വില വർദ്ധിപ്പിച്ചു പിടിച്ചു നിൽക്കാനുള്ള ശ്രമത്തിലാണ് ഹോട്ടൽ ഉടമകൾ.

 ഹോട്ടലുകളിൽ ചായയുൾപ്പെടെ ഭക്ഷ്യ വിഭവങ്ങളുടെ വില വർദ്ധിപ്പിച്ചത് സാധാരണക്കാരെ പൊള്ളിക്കുകയാണ്.
12 രൂപ നിരക്കിൽ ലഭിച്ചിരുന്ന ചായയ്ക്കും പലഹാരങ്ങൾക്കും 14 മുതൽ 15 രൂപ വരെയാണ് പല ഹോട്ടലുകളിലും ഈടാക്കുന്നത്. ബിരിയാണിക്കും പൊറോട്ടയ്ക്കും എണ്ണക്കടികൾക്കും വില വർധിച്ചിട്ടുണ്ട്. 140 രൂപ നിരക്കിൽ ഫുൾ ബിരിയാണി നൽകിയിരുന്ന ചെറുകിട ഹോട്ടലുകൾ 20 രൂപ വർധിപ്പിച്ച് 160 രൂപ നിരക്കിലാണ് നൽകുന്നത്. 100 രൂപയുണ്ടായിരുന്ന ഹാഫ് ബിരിയാണിക്ക് 120 രൂപയുമാണ് പുതുക്കിയ നിരക്ക്. പൊറോട്ടയ്ക്ക് 12 രൂപയിൽ നിന്ന് 14 രൂപയായി. ഹോട്ടൽ വിലനിലവാരമനുസരിച്ച് 20 രൂപ വരെ ഈടാക്കുന്നവരുമുണ്ട്. 

എണ്ണക്കടികൾക്ക് പലതും രണ്ട് രൂപ നിരക്കിലും വർധിപ്പിച്ചിട്ടുണ്ട്. 18 രൂപ യുടെ മുട്ടപഫ്‌സിന് 20 രൂപയും 12 രൂപയുടെ പഴം പൊരി, ഉള്ളിവട തുടങ്ങിയ ചെറുകടികൾക്ക് 14 രൂപയുമാണ് പുതിയ നിരക്ക്. അതേസമയം ഭൂരിഭാഗം ഹോട്ടലുകളിലും രണ്ടാഴ്ചയായി ഊൺനിർത്തിവെച്ച നിലയിലാണ്. പലവിധം കറികൾ ഉണ്ടാക്കേണ്ടതും ചോറ് വേവിക്കാൻ പാചകവാതകം കൂടുതൽ ആവശ്യമുള്ളതിനാലും ചോറ്  ഒഴിവാക്കേണ്ടി വരുന്നതായി ഹോട്ടലുടമകൾ പറയുന്നു. ചിക്കൻ, മുട്ടക്കറി, പച്ചക്കറി എന്നിവയ്ക്ക് അഞ്ച് രൂപ നിരക്കിലും വർധിപ്പിച്ചിട്ടുണ്ട്. മെനുവിലെ വില കൂട്ടയാണ് ഹോട്ടലുകൾ നിലവിൽ പ്രവർത്തിക്കുന്നത്. വിലകൂട്ടാനാകാതെയും അടച്ചുപൂട്ടിയ ഹോട്ടലുകളുമേറെ. 

രാത്രി എട്ട് മണികഴിഞ്ഞാൽ നഗരത്തിൽ എങ്ങും ഭക്ഷണം ലഭിക്കാത്ത അവസ്ഥയാണ്. ലഭിക്കുന്നതാകട്ടെ  ഇരട്ടി വില നൽകിയുമാണ്. ചെറുകിട ഹോട്ടലുകളെയാണ് പ്രതിസന്ധി കൂടുതലായി ബാധിച്ചിരിക്കുന്നത്. ഒരുദിവസം മൂന്ന് സിലിണ്ടർ വരെ ചെറുകിട ഹോട്ടലുകൾക്ക് ആവശ്യമാണ്. 1000 രൂപ നിരക്കിൽ ലഭിച്ചുകൊണ്ടിരുന്ന സിലിണ്ടറിന് ഇപ്പോൾ 4800 രൂപയാണ്‌നൽകേണ്ടിവരുന്നത്. അതേസമയം വൻകിട ഹോട്ടലുകൾക്ക് 2000 നിരക്കിലും സിലിണ്ടർ ലഭിക്കുന്നുണ്ട്. 20 ശതമാനം വാണിജ്യവാതകം നൽകുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടപ്പായിട്ടില്ല. സിലിണ്ടറിന്റെ പൂഴ്ത്തിവെപ്പ് കൂടുതലായി നടക്കുന്നതായും വ്യാപാരികൾ ആരോപിക്കുന്നു. നിലവിൽ തൊഴിലാളികൾക്ക് കൂലി കൊടുക്കാൻ മാത്രമാണ് ഹോട്ടലുകൾ പ്രവർത്തിക്കുന്നത്. വിറകടുപ്പ് പകരം വെക്കാമെങ്കിലും വിറകടുപ്പിൽ ജോലിചെയ്യാൻ തൊഴിലാളികൾ വിസമ്മതിക്കുന്നതായും വ്യാപാരികൾ പറയുന്നു. ഇതും കടുത്ത പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്. ഇറാൻ-ഇസ്രായേൽ യുദ്ധത്തിൻ്റെ ഭാഗമായാണ് ഇന്ധനക്ഷാമം കേരളത്തിലും അതിരൂക്ഷമായത്.

Tags