മുഖക്കുരു മാറാന്‍ എഫ്ട്യൂണ്‍ മരുന്നെഴുതിയ ഡോക്ടറെ പോലുള്ളവര്‍ ക്രിമിനലുകള്‍, ശക്തമായ നടപടിയുണ്ടാകണമെന്ന് ഡോ. ഷിംന അസീസ്

Shimna Azeez

മുഖത്ത് വെളുപ്പ് കൂടിവന്നപ്പോള്‍ മറ്റൊരു ഡോക്ടറെ കാണിക്കുകയായിരുന്നു. അപ്പോഴാണ് ക്രീം ഉപയോഗിക്കരുതെന്ന് നിര്‍ദേശിച്ചത്. പകരം മറ്റൊരു ഓയിന്‍മെന്റ് നല്‍കിയെന്നും യുവതി പറഞ്ഞു.

കോഴിക്കോട്: മുഖക്കുരു മാറാന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന 'എഫ് ട്യൂണ്‍' എന്ന ഫേസ് ക്രീം രോഗികള്‍ക്ക് കുറിപ്പടിയായി എഴുതി നല്‍കി ഡോക്ടര്‍ക്കെതിരെ ഡോ. ഷിംന അസീസ്. 

വിവാഹത്തിന് മുമ്പ് മുഖക്കുരു മാറ്റാന്‍ തിരൂര്‍ തൃക്കണ്ണൂരിലെ അമൃത മെഡിക്കല്‍സിലാണ് യുവതി ചികിത്സ തേടിയത്. ഡോ. എസ്. ആര്‍. ബാലകൃഷ്ണന്‍ നായര്‍ എഫ് ട്യൂണ്‍ ഫേസ് ക്രീം നിര്‍ദ്ദേശിച്ചു. അമൃത മെഡിക്കല്‍സിന്റെ മെഡിക്കല്‍ സ്റ്റോറില്‍ നിന്നുതന്നെ അത് നല്‍കുകയും ചെയ്തു.

മുഖത്ത് വെളുപ്പ് കൂടിവന്നപ്പോള്‍ മറ്റൊരു ഡോക്ടറെ കാണിക്കുകയായിരുന്നു. അപ്പോഴാണ് ക്രീം ഉപയോഗിക്കരുതെന്ന് നിര്‍ദേശിച്ചത്. പകരം മറ്റൊരു ഓയിന്‍മെന്റ് നല്‍കിയെന്നും യുവതി പറഞ്ഞു. ഡോക്ടര്‍ നിര്‍ദേശിച്ചത് കൊണ്ട് ആര്‍ക്കും പേടിയുണ്ടാകില്ലെന്നും വിശ്വാസം ഉണ്ടാകുമെന്നും യുവതി പറഞ്ഞു. എന്നാല്‍ എഫ് ട്യൂണ്‍ ക്രീമിന് പാര്‍ശ്വഫലങ്ങള്‍ ഒന്നും ഇല്ലെന്നും രോഗികള്‍ക്ക് നല്‍കുന്നതിനൊപ്പം താനും രണ്ടു വര്‍ഷത്തോളമായി ഇത് ഉപയോഗിക്കുന്നുണ്ട് എന്നുമായിരുന്നു ഡോക്ടറുടെ പ്രതികരണം. കിഡ്‌നിക്ക് പ്രശ്‌നമാണ് അരീക്കോട്ടെ പെണ്‍കുട്ടി പറയുന്നതില്‍ പ്രശ്‌നമില്ലെന്നും ആ കുട്ടിക്ക് മറ്റെന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിക്കൂടെയെന്നും പറഞ്ഞു ഡോ. ബാലകൃഷ്ണന്‍ നായര്‍ അതിനെ ന്യായീകരിക്കുകയും ചെയ്തു. മാധ്യമ പ്രവര്‍ത്തകന്‍ നടത്തിയ ഒളിക്യാമറ ദൃശ്യത്തിലാണ് ഡോക്ടറുടെ ന്യായീകരണം.

സംഭവത്തില്‍ ഡോ. ഷിംന അസീസ് രൂക്ഷ വിമര്‍ശനം നടത്തി. ഇയാളെ പോലുള്ളവര്‍ ക്രിമിനലുകളാണെന്നും കര്‍ശന നടപടി ആവശ്യമാണെന്നും ഷിംന അസീസ് വ്യക്തമാക്കി.
 

ഡോ. ഷിംന അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

'അലോപ്പതി' എന്നും ഇംഗ്ലീഷ് മരുന്ന് എന്നുമൊക്കെ പൊതുവെ വിളിക്കപ്പെടുന്ന, മോഡേണ്‍ മെഡിസിന്‍ ശാഖക്ക് വേറൊരു പേര് കൂടിയുണ്ട്. എവിഡന്‍സ് ബേസ്ഡ് മെഡിസിന്‍- ശാസ്ത്രീയമായി തെളിയിക്കപ്പെട്ട മരുന്നുകള്‍ മാത്രം പിന്തുടരുന്ന വൈദ്യശാഖ.

എംബിബിഎസ് ബിരുദമോ അതില്‍ കൂടുതലോ ഉള്ള ഡോക്ടര്‍ക്ക്, എങ്ങനെ ശരീരത്തില്‍ രോഗത്തെ/പരിക്കിനെ ഇല്ലാതാക്കുന്നു, അല്ലെങ്കില്‍  പ്രതിരോധം വര്‍ധിപ്പിക്കുന്നു/ ആരോഗ്യപരിരക്ഷ നല്‍കുന്നു, എന്ന് വ്യക്തമായി അറിവില്ലാത്ത, പ്രവര്‍ത്തനം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലാത്ത മരുന്ന് കണ്ണും പൂട്ടി എഴുതാന്‍ അനുമതിയില്ല. അതും പോരാഞ്ഞിട്ട് വൃക്കകളെ സാരമായി ബാധിക്കുന്ന മെര്‍ക്കുറി അടങ്ങിയതെന്ന് ഡ്രഗ് ടെസ്റ്റില്‍ കണ്ടെത്തിയ, ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗവും സര്‍ക്കാരും ഏറ്റെടുത്ത ഒരു കേസിലെ വിവാദ ക്രീം- എഫ് ട്യൂണിനെ കുത്തിയിരുന്നങ്ങ് ന്യായീകരിക്കുകയാണ് ഒരു ഡെര്‍മറ്റോളജിസ്റ്റ്! വാങ്ങി പോക്കറ്റിലിട്ട കമ്മീഷനോട് ഇത്രക്ക് കൂറ് വേണോ ഡോക്ടറേ? ആ ക്രീമിന്റെ വെബ്‌സൈറ്റും അവരുടെ കൊണ്ടാക്ട് നമ്പറുകളും പോലും നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല. അവര് മുങ്ങി. എന്നിട്ടും?
ജീവന്‍ രക്ഷിക്കേണ്ട, നിത്യം കഴിക്കേണ്ട മരുന്നുകള്‍ പോലും രോഗികള്‍ ഉപേക്ഷിക്കുന്നത്, മോഡേണ്‍ മെഡിസിന് വിശ്വാസ്യത നഷ്ടപ്പെടുന്നത് ഡോ. എസ്. ആര്‍. ബാലകൃഷ്ണന്‍ നായരെപ്പോലുള്ള കള്ളനാണയങ്ങള്‍ കാരണമാണ്. സകല ഡോക്ടര്‍മാരും 'മെഡിക്കല്‍ മാഫിയ' എന്ന ടാഗ് ലൈനില്‍ ചെന്ന് തന്റേതല്ലാത്ത കാരണത്താല്‍ തല കുനിച്ചു നില്‍ക്കേണ്ടി വരികയാണ്. 

ഡോക്ടര്‍മാര്‍ മുഴുവന്‍ കമ്മീഷന്‍ വാങ്ങാത്തവരും പച്ചവെള്ളം ചവച്ചു കുടിക്കുന്നവരും ആണ് എന്ന അഭിപ്രായമൊന്നുമില്ല. പക്ഷെ, ഇത്തരക്കാര്‍ മൂലം എഴുതി കൊടുക്കുന്ന മരുന്നുകളെയും ചികിത്സകരെയും രോഗികള്‍ വിശ്വസിക്കാതെയാകുന്നത് കൊണ്ട്, ഇവിടെ കൃത്യമായ ചികിത്സ പിന്തുടരാതെ രോഗികളുടെ എണ്ണം കുത്തനെ വര്‍ധിക്കുന്നുണ്ട്. ജീവിതശൈലീരോഗങ്ങള്‍ ഉള്‍പ്പെടെയുള്ളവ ചികിത്സ പാതിക്ക് ഉപേക്ഷിച്ച വകയില്‍ സാരമായ കൊമ്പ്‌ലിക്കേഷനുകളില്‍ ചെന്ന് വീഴുന്നുണ്ട്. ഇതിന്റെ പ്രധാനകാരണങ്ങളില്‍ ഒന്ന് മോഡേണ്‍ മെഡിസിന്‍ പ്രാക്ടീസിലെ നെറികേടുകള്‍ തന്നെയാണ്. ഇതിന്റെ തിക്തഫലം സഹിക്കുന്നതാകട്ടെ,  സാധാരണക്കാരായ രോഗികളും.

ചെറിയൊരു പെണ്‍കുട്ടിയെ വൃക്കരോഗിയാക്കി എന്നുറപ്പുള്ള, അതിന് ശേഷം അനേകര്‍ തങ്ങള്‍ക്ക് കിഡ്‌നി രോഗമുണ്ടാക്കി എന്ന് തുറന്നു പറഞ്ഞൊരു ക്രീമിനെയാണ് മേല്‍പ്പറഞ്ഞ ഡോക്ടര്‍ ഇപ്പോഴും തുറന്ന് പ്രമോട്ട് ചെയ്യുന്നത്, അറഞ്ചംപുറഞ്ചം ന്യായീകരിക്കുന്നത്. അടിച്ചു പോകുന്നത് സ്വന്തം കിഡ്‌നി അല്ലാത്തിടത്തോളം എന്തുമാവാം എന്നായിരിക്കും? ഡോക്ടറായി പാസ് ഔട്ട് ആവുമ്പോള്‍ നെഞ്ചില്‍ കൈ വെച്ച് ഹിപ്പൊക്രാട്ടിക് പ്രതിജ്ഞയില്‍ 'അറിഞ്ഞു കൊണ്ട് രോഗിയെ ഉപദ്രവിക്കില്ല' എന്ന് ചൊല്ലി ഇറങ്ങിയവരാണ് ഈ പണി ചെയ്യുന്നത്. എന്തിനാണ് മനുഷ്യരുടെ ആയുസ്സും ആരോഗ്യവും ഊറ്റിക്കുടിക്കുന്ന അത്യാര്‍ത്തിയുടെ നാറ്റം പേറുന്ന കാശ്?
നാണക്കേട് തോന്നുന്നു. ഇയാള്‍ക്കെതിരെ കൃത്യമായ നടപടികള്‍  സംവിധാനം എടുക്കണം എന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്. മനുഷ്യന്റെ ശരീരമാണ്, റീസ്റ്റാര്‍ട്ട് ചെയ്യാനോ റീവൈന്‍ഡ് ചെയ്യാനോ റീടേക്ക് എടുക്കാനോ പറ്റില്ല. സ്‌പെയര്‍പാര്‍ട്‌സ് കിട്ടാനും നിര്‍വ്വാഹമില്ല, വാഹനമല്ല. 

ദയവ് ചെയ്ത് എത്തിക്‌സ് കൈയില്‍ പിടിച്ചു ജീവിക്കുന്ന ഡോക്ടര്‍മാര്‍ക്ക് കൂടി മാന്യമായി ജോലി ചെയ്യാന്‍ പറ്റാത്ത സ്ഥിതി ആക്കരുത്. ചികിത്സയില്‍ അറിഞ്ഞു കൊണ്ട് ന്യൂനത വരുന്നതും അശ്രദ്ധ സംഭവിക്കുന്നത് പോലും അക്ഷന്തവ്യമാണ് എന്നിരിക്കേ, അറിഞ്ഞു കൊണ്ട് ഉപദ്രവിക്കുന്നതിന്റെ പേര് 'കുറ്റകൃത്യം' എന്നാണ്, ഇയാളെ പോലുള്ളവര്‍ ക്രിമിനലുകളാണ്. 

വീഡിയോ തെളിവടക്കം ഉണ്ടല്ലോ, ശക്തമായ നടപടിയുണ്ടാകണം. നാളെയൊരാള്‍ ഇപ്പണി ചെയ്യരുത് 
ജീവനാണ്, ജീവിതമാണ്. ജീവനെ പരിപാലിക്കേണ്ടവരാണ്. 'ഡോക്ടര്‍' എന്നത് മനുഷ്യര്‍ അത്രക്ക് വിലമതിക്കുന്ന ഒരു വാക്കാണ്, കര്‍മ്മവും കര്‍ത്തവ്യവുമാണ്.
 

Tags