പോറ്റിയെ കേറ്റിയേ എന്ന പാരഡി ഗാനത്തിന് പിറകെ പോകുന്നത് തീകൊണ്ടുള്ള കളി, വര്‍ഗീയ വിഷയമായി മാറുന്നു, പാട്ടിന്റെ പിറകെ പോയാല്‍ സിപിഎമ്മിന് തിരിച്ചടി

Pottiye kettiye
Pottiye kettiye

പാരഡിക്കെതിരെ പ്രതികരിക്കുന്നത് വര്‍ഗീയ വിഷയമായി മാറാനുള്ള സാധ്യതയുണ്ടാക്കും. പാരഡി ഗാനത്തിന്റെ രചയിതാവും ഗായകനും സംഗീത സംവിധായകനുമൊക്കെ മുസ്ലീങ്ങളാണ് എന്നത് ശ്രദ്ധിക്കണമെന്നും അദ്ദേഹം പറയുന്നു.

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്ന പോറ്റിയേ കേറ്റിയേ എന്ന പാരഡി ഗാനത്തിന് പിന്നാലെ പോകുന്നത് തീകൊണ്ടുള്ള കളിയാണെന്ന് സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് ബഷീര്‍ വള്ളിക്കുന്ന്. പാരഡിക്കെതിരെ പ്രതികരിക്കുന്നത് വര്‍ഗീയ വിഷയമായി മാറാനുള്ള സാധ്യതയുണ്ടാക്കും. പാരഡി ഗാനത്തിന്റെ രചയിതാവും ഗായകനും സംഗീത സംവിധായകനുമൊക്കെ മുസ്ലീങ്ങളാണ് എന്നത് ശ്രദ്ധിക്കണമെന്നും അദ്ദേഹം പറയുന്നു.

tRootC1469263">

ബഷീര്‍ വള്ളിക്കുന്നിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

'പോറ്റിയെ കേറ്റിയേ' എന്ന പാട്ട് വിവാദവും അത് പോകുന്ന ദിശയും സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. ഇതൊരു രാഷ്ട്രീയ വിവാദമായി പരിണമിക്കുന്നതിലുപരി അപകടകരമായ ഒരു വര്‍ഗ്ഗീയ വിഷയമായി മാറാനുള്ള സാധ്യതയാണ് കൂടുതലുള്ളത്. ആ അര്‍ത്ഥത്തില്‍ സിപിഎം ഇപ്പോള്‍ കളിക്കാന്‍ ശ്രമിക്കുന്നത് തീ കൊണ്ടുള്ള കളിയാണ്.

സോഷ്യല്‍ മീഡിയയില്‍ ഈ വിഷയത്തില്‍ വരുന്ന കമന്റുകളില്‍ അധികവും തികച്ചും വര്‍ഗീയമായ ദിശയിലേക്കാണ് പോകുന്നത്. ശബരിമലയും അയ്യപ്പനുമൊക്കെ വിഷയമായി വരുന്ന ഈ പാരഡി ഗാനത്തിന്റെ രചയിതാവും ഗായകനും സംഗീത സംവിധായകനുമൊക്കെ മുസ്ലിംകളാണ് എന്നും നിങ്ങളുടെ മതത്തെക്കുറിച്ച് ഇതുപോലെ എഴുതുമോ എന്നൊക്കെയുള്ള കമന്റുകള്‍ പലയിടത്തും കാണുന്നുണ്ട്. വിഷയം തീ പിടിച്ചു വരുന്നതിന്റെ ഒരു സൂചനയാണ് ഇത്..
 
ഈ പാട്ട് മതവികാരം വ്രണപ്പെടുത്തുന്ന ഒന്നാണെന്ന പരാതിയും കേസും വിവാദങ്ങളുമൊക്കെയായി ഇത് മുന്നോട്ട് പോകുന്ന പക്ഷം അത് പരിണമിക്കാന്‍ പോകുന്ന റൂട്ട് എന്തായിരിക്കുമെന്നത് വ്യക്തമാണ്. ആ റൂട്ട് കേരളത്തെ കൂടുതല്‍ വിഭജിക്കാന്‍ പോകുന്ന റൂട്ടാണ്. 
ഇതൊരു വിവാദവും കേസുമാക്കുന്നവര്‍ സത്യത്തില്‍ ചെയ്യുന്നത് അവഗണിച്ച് വിടാവുന്ന ഒരു ബിലോ ആവറേജ് പാരഡി ഗാനത്തെ ഒരു വന്‍ ഹിറ്റാക്കാന്‍ ശ്രമിക്കുകയുമാണ്. കൂടുതല്‍ ആളുകളിലേക്ക് അത് എത്തിക്കാന്‍ ശ്രമിക്കുകയാണ്. ഏണി വെച്ച് പിടിച്ചു കൊണ്ട് വരുന്ന വയ്യാവേലി എന്നും പറയാം. 

മുമ്പ് ഇതുപോലെ ഒരു വിവാദമുണ്ടായിരുന്നു. 'ഒരു അഡാര്‍ ലവ്' സിനിമയിലെ പാട്ടിനെപ്പറ്റി.
മാണിക്യമലരായ പൂവി
മഹതിയാം ഖദീജ ബീവി
ആ പാട്ടും അതിന്റെ ചിത്രീകരണവും പ്രവാചകനെ അവഹേളിക്കുന്നതാണെന്ന് പറഞ്ഞായിരുന്നു വിവാദം.  കോടതിയും കേസുമൊക്കെയായി അത് പുരോഗമിച്ചു. അന്ന് ഈ പ്രൊഫൈലില്‍ എഴുതിയ പോസ്റ്റിലെ (2018 ഫിബ്രുവരി 14) വരികള്‍ താഴെ കൊടുക്കുന്നു. 

'ആ പാട്ടിന്റെ ചിത്രീകരണം എങ്ങിനെയുണ്ടെന്ന് ചോദിച്ചാല്‍ 'അഡാറഡാറ്' എന്നേ ഞാന്‍ പറയൂ.. അത്ര മാത്രം സൂപ്പറായിട്ടുണ്ട്.. ഒരു മുസ്ലിയാരുടെ പ്രസംഗം കേട്ടു. പ്രവാചകന്റെ പ്രണയത്തിന്റെ ആവിഷ്‌കാരമാണ് അതെന്നും അതുകൊണ്ടു തന്നെ സിനിമയില്‍ നിന്ന് ആ പാട്ട് മാറ്റണമെന്നും. ആ പാട്ടില്‍ നബിയേയോ ഖദീജ ബീവിയേയോ അപകീര്‍ത്തിപ്പെടുത്തുന്ന ഒരു കുന്തവുമില്ല മുസ്ലിയാരേ. അത് നബിയുടെ പ്രണയത്തിന്റെ ചിത്രീകരണവുമല്ല. ന്യൂജന്‍ പിള്ളാരുടെ ലൈഫാണ് ആ പാട്ടിന്റെ ജീവന്‍. പതിറ്റാണ്ടുകളായി കേള്‍ക്കുന്ന മനോഹരമായ ആ മാപ്പിളപ്പാട്ട് സ്റ്റേജില്‍ കുട്ടികള്‍ പാടുന്നു. പാട്ട് നടക്കുന്നതിനിടെ സദസ്സിലുള്ള കുട്ടികളുടെ അഡാര്‍ കളികളിലേക്ക് ക്യാമറാമാന്‍ പോകുന്നു. ഇതിലെവിടെയാണ് പ്രവാചക നിന്ദ?. മുസ്ലിയാര്‍ ഒരു കാര്യം ചെയ്യണം. വെറുതേ യൂടൂബില്‍ കയറി ആവശ്യമുള്ളതും ഇല്ലാത്തതുമൊന്നും ഞെക്കി ഞെക്കി കളിക്കരുത്.. ഇനി ഞെക്കിപ്പോയാല്‍ തന്നെ ആളറിയാതെ കണ്ട ശേഷം മെല്ലെ ഓഫാക്കി പോരുക. എല്ലാം ആസ്വദിച്ച് കണ്ട ശേഷം ഇതുപോലുള്ള പ്രസംഗങ്ങള്‍ നടത്തരുത്'
അന്ന് പറഞ്ഞത് തന്നെയാണ് ഇന്നും പറയാനുള്ളത്. 

ഇല്ലാത്ത വികാരം ഉണ്ടെന്ന് വരുത്തി അത് ഇളക്കിവിടാന്‍ ശ്രമിക്കരുത്. സിപിഎം പ്രത്യേകിച്ചും. അയ്യപ്പനായാലും മുഹമ്മദ് നബിയായാലും ഇത്തരം വിഷയങ്ങളില്‍ സ്വീകരിക്കേണ്ട സമീപനം ഒന്നാണ്. 

വെള്ളാപ്പള്ളിയെ മുന്നില്‍ നിര്‍ത്തി സിപിഎം നടത്തിയ സോഷ്യല്‍ എന്‍ജിനീയറിങ് വഴി വലിയ സാമൂഹ്യ വിഭജനങ്ങള്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. അതിന്റെ ഫലം ഈ തെരഞ്ഞെടുപ്പില്‍ സിപിഎം അനുഭവിക്കുകയും ചെയ്തു. ഒരു പാരഡി ഗാനത്തിന്റെ പേരും പറഞ്ഞു ഇനിയും ആ  സോഷ്യല്‍ എന്‍ജിനീയറിങ്ങിന്റെ പിറകില്‍ പോകരുത്. അത് തീ കൊണ്ടുള്ള കളിയാണ്.
 

Tags