ക്രിസ്റ്റിയാനോയ്ക്ക് പാസ് നല്‍കിയില്ല, ഫ്രീകിക്കും, സൂപ്പര്‍ താരം കിക്ക് എടുക്കും മുന്‍പേ പുറത്തേക്ക് അടിച്ചുകളഞ്ഞ് ബ്രൂണോ

bruno fernandes

മ്യൂണിക്: യുറോ കപ്പ് 2024ല്‍ നിന്നും പോര്‍ച്ചുഗല്‍ പുറത്താകുമ്പോള്‍ ടീമിനുള്ള പടലപ്പിണക്കങ്ങള്‍ ഒരിക്കല്‍ക്കൂടി മറനീക്കി പുറത്തുവരികയാണ്. 2022ലെ ലോകകപ്പ് ടൂര്‍ണമെന്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ ടീമില്‍ ഒറ്റപ്പെടുത്തിയ ബ്രൂണോ ഫെര്‍ണാണ്ടസ് ആണ് ഒരിക്കല്‍ക്കൂടി വിമര്‍ശനത്തിനിടയാകുന്നത്. യൂറോയിലുടനീളം ക്രിസ്റ്റിയാനോയ്ക്ക് പാസ് കൊടുക്കാന്‍ മടിച്ച ബ്രൂണോ ഫ്രാന്‍സിനെതിരായ നിര്‍ണായക ഫ്രീകിക്ക് ക്രിസ്റ്റ്യാനോയ്ക്ക് നല്‍കാതെ പുറത്തടിച്ചു കളയുകയും ചെയ്തു.

ഫ്രീകിക്കില്‍ അസാമാന്യ വൈഭവമുള്ള ക്രിസ്റ്റ്യാനോ ബ്രോണോയ്ക്ക് തൊട്ടുപിന്നില്‍ കിക്കെടുക്കാന്‍ തയ്യാറെടുക്കവെ ബ്രൂണോയുടെ കിക്ക് ലക്ഷ്യം തെറ്റുകയായിരുന്നു. ക്രിസ്റ്റ്യാനോയാണ് കിക്കെടുക്കുകയെന്ന ധാരണയില്‍ ബ്രോഡ്കാസ്റ്റര്‍ സൂപ്പര്‍താരത്തെ സൂം ചെയ്തിരിക്കെ ബ്രൂണോ കിക്കെടുത്തുകഴിഞ്ഞിരുന്നു. ഇതോടെ ബ്രൂണോയുടെ കിക്കിന്റെ ലൈവ് പ്രേക്ഷകര്‍ക്ക് ലഭിച്ചതുമില്ല.

ഫ്രീകിക്ക് ആരെടുക്കുമെന്നതിനെച്ചൊല്ലി ഫെര്‍ണാണ്ടസും റൊണാള്‍ഡോയും തമ്മില്‍ തര്‍ക്കമുണ്ടായതായി പറയുന്നു. ഫ്രീകിക്ക് എടുക്കാനുള്ള റൊണാള്‍ഡോയുടെ തയ്യാറെടുപ്പുകള്‍ കണ്ടതോടെ താരം തന്നെ കിക്കെടുക്കുമെന്നായിരുന്നു ബ്രോഡ്കാസ്റ്ററുടെ പ്രതീക്ഷ. റൊണാള്‍ഡോയുടെ മുഖത്ത് ക്യാമറ ഫോക്കസ് ചെയ്തപ്പോള്‍ ഫെര്‍ണാണ്ടസ് കിക്കെടുക്കുന്നത് കാണാനായില്ല.

ക്വാര്‍ട്ടര്‍ ഫൈനല്‍ ഗോള്‍ രഹിതമായി അവസാനിച്ചപ്പോള്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഫ്രാന്‍സ് ജയം നേടുന്നത്. ഇതോടെ ഒരു ഗോള്‍ പോലും നേടാനാകാതെ ക്രിസ്റ്റിയാനോ യൂറോയില്‍നിന്നും മടങ്ങി. കഴിഞ്ഞ മാസം അയര്‍ലന്‍ഡിനെതിരായ സൗഹൃദ മത്സരത്തില്‍ രണ്ട് ഗോളുകള്‍ നേടിയതിന് ശേഷം ദേശീയ ടീമിനായി ക്രിസ്റ്റ്യാനോയ്ക്ക് ഗോള്‍ നേടാനായിട്ടില്ല.

തുര്‍ക്കിക്കെതിരെ പോര്‍ച്ചുഗല്‍ 3-0ന് വിജയിച്ചപ്പോള്‍ റൊണാള്‍ഡോയ്ക്ക് ഗോള്‍ നേടാനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍, ഗോളി മാത്രം മുന്നില്‍ നില്‍ക്കവെ പന്ത് ഫെര്‍ണാണ്ടസിന് നല്‍കുകയാണ് ക്രിസ്റ്റ്യാനോ ചെയ്തത്. ഇതോടെ ഇരുവരും സൗഹൃദത്തിലാണെന്ന രീതിയില്‍ വാര്‍ത്തകളുമെത്തി. എന്നാല്‍, ടൂര്‍ണമെന്റില്‍ നിന്നും പുറത്താകവെ പോര്‍ച്ചുഗല്‍ ടീമിലെ തമ്മിലടി ഒരിക്കല്‍ക്കൂടി വെളിപ്പെടുകയാണെന്നാണ് വിമര്‍ശകരുടെ വാദം.

 

Tags