പാർട്ടിയോട് കളിച്ച പൊലിസുകാർക്ക് സ്ഥലംമാറ്റം ; സി.പി.എം സെൽ ഭരണത്തിൽ കണ്ണൂർ ജില്ലയിലെ പൊലിസ് സേനയിൽ അതൃപ്തി ശക്തമാകുന്നു


തലശേരി: പാർട്ടിയോട് കളിച്ചാൽ ഒരൊറ്റ യെണ്ണത്തെ തലശേരി സ്റ്റേഷനിലിരുത്തില്ലെന്ന സി.പി.എം പ്രവർത്തകരുടെ വെല്ലുവിളി ആഭ്യന്തര വകുപ്പ് നടപ്പിലാക്കിയതിൽ പൊലിസ് സേനയിൽ അതൃപ്തി ശക്തമാകുന്നു. പാർട്ടി സെൽ ഭരണത്തിൽ കണ്ണൂർ ജില്ലയിലെ പൊലിസ് സ്റ്റേഷനുകളിൽ ജോലി ചെയ്യാൻ കഴിയില്ലെന്നാണ് ഇവർ സേനയിലെ ഉന്നത ഉദ്യോഗസ്ഥരടക്കം പറയുന്നത്.
പൊതു സ്ഥലങ്ങളിൽ പാർട്ടികൾ തമ്മിൽ സംഘർഷമുണ്ടാകുമ്പോൾ സി.പി.എം പ്രവർത്തകർ ഔദ്യോഗിക കൃത്യനിർവഹണം നടത്തുന്ന പൊലിസുകാരെ മർദ്ദിക്കുന്നതും പതിവായി മാറിയിട്ടുണ്ടെന്നാണ് സേനയിൽ നിന്നും ഉയർന്നു വരുന്ന വിമർശനം. ഇന്ത്യൻ നീതിന്യായ സംഹിതയനുസരിച്ച് കേസെടുത്ത് അറസ്റ്റു ചെയ്തു കൊണ്ടുപോകുന്ന പ്രതികളെ വാഹനം തടഞ്ഞ് സി.പി.എം പ്രാദേശിക നേതാക്കൾ ഇറക്കിവിടുകയാണെന്നാണ് സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥർ ആരോപിക്കുന്നത്.
തലശേരി നഗരസഭയിൽ ഇല്ലത്ത് താഴെ മണോളിക്കാവ് ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൻ്റെ ഭാഗമായി പൊലിസിൻ്റെ കൃത്യനിർവഹണം തടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സി.പി.എമ്മുകാർക്കെതിരെ കേസെടുത്ത പൊലിസ് ഉദ്യോഗസ്ഥൻമാരെ ആഭ്യന്തര വകുപ്പ് കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയിരുന്നു. തലശേരി ടൗൺഎസ്.ഐമാരായ ടി.കെ അഖിൽ. വി. വിദീപ്തി എന്നിവരെയാണ് അച്ചടക്കനടപടിയുടെ ഭാഗമായി സ്ഥലം മാറ്റിയത്. ദീപ്തിയെ കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷനിലേക്കും അഖിലിനെ കൊളവല്ലൂരിലേക്കുമാണ് സ്ഥലം മാറ്റിയത്. പകരം കണ്ണൂർ ടൗൺ എസ്.ഐ പി.പി ഷമീലിനെയും കൊളവല്ലൂർ എസ്.ഐ.പി. വി പ്രശോഭിനെയും തലശേരിയിൽ നിയമിച്ചു.

മയ്യിൽ എസ്. ഐ പ്രശോഭിനെ ന്യു മാഹിയിലും സൈബർ എസ് ഐ സജേഷ് സി. ജോസിനെ ചക്കരക്കല്ലിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി 19നായിരുന്നു തലശേരി മണോളി കാവിൽ ഉത്സവ സ്ഥലത്ത് സംഘർഷമുണ്ടായത്. 'കാവിലെ എഴുന്നെള്ളിപ്പിനിടെ സി.പി.എം പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത് ബി.ജെ.പി പ്രവർത്തകർ ചോദ്യം ചെയ്തതോടെ ഇരു വിഭാഗവും ഏറ്റുമുട്ടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ തലശേരി ടൗൺഎസ് ഐ ടി.കെ അഖിലും സംഘവുമായി സി.പി.എം പ്രവർത്തകർ ഉന്തുംതള്ളുമുണ്ടാക്കി.
സി.പി.എം പ്രവർത്തകരെ തൊട്ടുകളിക്കുന്ന ഒരുത്തനും തലശേരി സ്റ്റേഷനിലുണ്ടാവില്ലെന്ന് സി.പി.എം പ്രവർത്തകർ ഭീഷണി മുഴക്കുകയും ചെയ്തു. പിറ്റേ ദിവസം ഈ കേസിലെ പ്രതികളെ അറസ്റ്റുചെയ്യുന്നതിനാണ് വി.വി ദീപ്തിയും സംഘവുമെത്തിയത്. പൊലിസിനെ അക്രമിച്ച കേസിലെ പ്രതിയും സി.പി.എം പ്രവർത്തകനുമായ ലിപി നെ ബലപ്രയോഗത്തിലൂടെ വാഹനത്തിൽ കയറ്റുന്നതിനിടെ സി.പി.എം പ്രവർത്തകർ റോഡിലേക്കുള്ള ഗേറ്റ് അടച്ചു വാഹനം കടത്തിവിടാതെ ലിപി നെ മോചിപ്പിച്ചു. ഈ സംഭവത്തിൽ 80 പേർക്കെതിരെ പൊലിസ് കേസെടുത്തിരുന്നു. ഇതിലെ പ്രതികളെ ഓരോരുത്തരെയായി പിടി കൂടുന്നതിനിടെയാണ് സ്ഥലമാറ്റത്തിൽ തലശേരിയിലെ രണ്ടു പൊലിസ് ഉദ്യോഗസ്ഥരും ഉൾപ്പെട്ടത്.
പൊലിസ് നടപടിയിൽ സി.പി.എം പ്രാദേശികനേതാക്കൾക്ക് ആഭ്യന്തര വകുപ്പിനെതിരെ കടുത്ത എതിർപ്പുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെയും സർക്കാരിനെയും വിമർശിച്ചുകൊണ്ട് പാർട്ടി അനുഭാവികൾ സോഷ്യൽ മീഡിയയിൽ രംഗത്തുവന്നിരുന്നു. ഇതിനെ തുടർന്നാണ് പാർട്ടി തലത്തിൽ നടപടിയുണ്ടായതെന്നാണ് സൂചന. എന്നാൽ മണോളിക്കാവിൽ നടന്ന ഏറ്റുമുട്ടലിന് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു സി.പി.എം ജില്ലാ നേതൃത്വത്തിൻ്റെ വിശദീകരണം.
വ്യക്തിപരമായ ഏറ്റുമുട്ടലാണ് നടന്നതെന്നും പൊലിസിനെ കുറിച്ച് പാർട്ടിക്ക് യാതൊരു പരാതിയുമില്ലെന്നാണ് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ ഇപ്പോൾ നീതി നിർവഹണം നടത്തിയ പൊലിസുകാർക്കെതിരെ പാർട്ടി തന്നെ സർക്കാരിനെ കൊണ്ടു നടപടിയെടുപ്പിച്ചിരിക്കുകയാണ്.