മോദി ഗ്യാരന്റി, പ്രധാനമന്ത്രി മാസങ്ങള്‍ക്ക് മുന്‍പ് ഉദ്ഘാടനം ചെയ്ത കോടികളുടെ ശിവാജി പ്രതിമ തകര്‍ന്നുവീണു, ഉരുക്കുകൊണ്ട് 35 അടി ഉയരത്തില്‍ പണിതത്


മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി മാസങ്ങള്‍ക്ക് മുന്‍പ് ഉദ്ഘാടനം ചെയ്ത ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമ തിങ്കളാഴ്ച തകര്‍ന്നു. സിന്ധുദുര്‍ഗ് ജില്ലയിലെ മാല്‍വാനിലെ രാജ്കോട്ട് കോട്ടയില്‍ നാവികസേനാ ദിനത്തോടനുബന്ധിച്ച് 9 മാസം മുമ്പ് ഡിസംബര്‍ 4 നാണ് പ്രധാനമന്ത്രി മോദി അനാച്ഛാദനം ചെയ്തത്.
35 അടി ഉയരമുള്ള ഉരുക്ക് പ്രതിമയാണിത്. തകര്‍ച്ചയുടെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല. ശക്തമായ കാറ്റും മഴയും പ്രദേശത്തുണ്ടായിരുന്നു. എന്നാല്‍, ഇത്തരമൊരു സാഹചര്യത്തില്‍ പോലും പ്രതിമയ്ക്ക് കേടുപാടുകള്‍ വരാന്‍ പാടില്ലായിരുന്നെന്ന് വിദഗ്ധര്‍ പറഞ്ഞു. ഉന്നത പോലീസും ജില്ലാ ഭരണകൂടവും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
നാവികസേനയാണ് പ്രതിമ രൂപകല്പന ചെയ്ത് നിര്‍മ്മിച്ചതെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ പറഞ്ഞു. മഹാരാഷ്ട്രയിലെ ആരാധനാമൂര്‍ത്തിയാണ് ഛത്രപതി ശിവജി മഹാരാജ്. നാവികസേനയാണ് ഈ പ്രതിമ സ്ഥാപിച്ചത്. അവര്‍ അത് ഡിസൈന്‍ ചെയ്യുകയും ചെയ്തിരുന്നു. പിഡബ്ല്യുഡിയിലെയും നാവികസേനയിലെയും ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് ഇതിന് പിന്നിലെ കാരണം അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിമ സ്ഥാപിക്കുന്നതിന് നാവികസേനയ്ക്ക് സംസ്ഥാനം 2.36 കോടി രൂപ നല്‍കിയെന്ന് ബിജെപി മന്ത്രി ചവാന്‍ പറഞ്ഞു. എന്നാല്‍ കലാകാരനെ തിരഞ്ഞെടുക്കുന്നതിനുള്ള മുഴുവന്‍ നടപടിക്രമങ്ങളും അതിന്റെ രൂപകല്‍പ്പനയും നേവി ഉദ്യോഗസ്ഥരാണ് ചെയ്തത്. ശില്‍പിയായ ജയദീപ് ആപ്തെ ജൂണില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടും പ്രതിമ ഇളകുന്നതായി പ്രദേശത്തെ ഗ്രാമപഞ്ചായത്തും വിനോദസഞ്ചാരികളും പരാതിപ്പെട്ടിരുന്നു. പ്രതിമ നിര്‍മാണത്തില്‍ വലിയ അഴിമതി നടന്നതായാണ് പ്രതിപക്ഷത്തിന്റെ ആരോപണം.