ശ്രീമതി ടീച്ചറുടെ ഫേസ്ബുക്ക് പേജിന്റെ അഡ്മിന്‍ ബിജെപിക്കാരനോ...?

pk sreemathi teacher facebook post on vidya goes viral
pk sreemathi teacher facebook post on vidya goes viral

കണ്ണൂര്‍: അധ്യാപികയായി ജോലി ലഭിക്കാന്‍ വ്യാജ രേഖ ചമച്ചതുമായി ബന്ധപ്പെട്ട് മുന്‍ എസ്എഫ്‌ഐ പ്രവര്‍ത്തക കെ വിദ്യയ്‌ക്കെതിരെ സിപിഎം കേന്ദ്ര കമ്മറ്റി അംഗം പികെ ശ്രീമതി ടീച്ചര്‍ നടത്തിയ ട്രോളില്‍ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് സൈബര്‍ സഖാക്കള്‍. എന്നാലും എന്റെ വിദ്യേ എന്ന ഒറ്റ വാചകത്തിലാണ് ശ്രീമതി ടീച്ചര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ വിദ്യയെ ട്രോളിയത്.

tRootC1469263">

പാലക്കാട് അട്ടപ്പാടി ആര്‍ജിഎം ഗവ കോളജില്‍ ഗെസ്റ്റ് ലക്ചറര്‍ ഇന്റര്‍വ്യൂവിനു വിദ്യ വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചെന്ന് കണ്ടെത്തിയതാണ് വിവാദത്തിനിടയാക്കിയത്. 2018 ജൂണ്‍ 4 മുതല്‍ 2019 മാര്‍ച്ച് 31 വരെയും 2020 ജൂണ്‍ 10 മുതല്‍ 2021 മാര്‍ച്ച് 31 വരെയും മഹാരാജാസിലെ മലയാള വിഭാഗത്തില്‍ പഠിപ്പിച്ചിരുന്നുവെന്ന് പറയുന്ന സര്‍ട്ടിഫിക്കറ്റ് അന്വേഷണത്തില്‍ വ്യാജമെന്ന് തെളിയുകയായിരുന്നു.

വിദ്യയ്‌ക്കെതിരെ ആരോപണം ഉയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് ശ്രീമതി ടീച്ചറുടെ പോസ്റ്റില്‍ ട്രോള്‍ പ്രത്യക്ഷപ്പെടുന്നത്. ഇതോടെ സിപിഎം വിരുദ്ധരെല്ലാം പോസ്റ്റിലെത്തി അവസരം ശരിയായി പ്രയോജനപ്പെടുത്തുകയും ചെയ്തു. നൂറുകണക്കിന് കമന്റുകളാണ് ശ്രീമതി ടീച്ചറുടെ പോസ്റ്റില്‍ വിദ്യയ്‌ക്കെതിരെ ഉയര്‍ന്നുവന്നത്. എസ്എഫ്‌ഐയേയും സിപിഎമ്മിനേയും കണക്കിന് പരിഹസിക്കുന്ന കമന്റുകള്‍ക്കും കുറവൊന്നുമുണ്ടായില്ല.

പാര്‍ട്ടിയേയും വിദ്യാര്‍ഥി സംഘടനയേയും ആക്രമിക്കാനുള്ള അവസരം ഉണ്ടാക്കി നല്‍കുകയാണ് ശ്രീമതി ടീച്ചര്‍ ചെയ്തതെന്ന് സോഷ്യല്‍ മീഡിയയിലെ സഖാക്കള്‍ കുറ്റപ്പെടുത്തി. ശ്രീമതി ടീച്ചറുടെ ഫേസ്ബുക്ക് പേജിന്റെ അഡ്മിന്‍ ബിജെപിക്കാരനാണോയെന്നും അവര്‍ ചോദിക്കുന്നു. ഒരു വിവാദമുണ്ടായ ഉടന്‍ പ്രതികരിക്കേണ്ടത് ഈ രീതിയിലല്ലെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു.

വിദ്യ എസ്എഫ്‌ഐ നേതാവ് അല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ വ്യക്തമാക്കിയിട്ടുണ്ട്. കോളേജ് യൂണിയന്‍ ഭാരവാഹിയായാല്‍ നേതാവാകില്ലെന്നും എസ്എഫ്‌ഐയെ മനപൂര്‍വം ആക്രമിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ രീതിയില്‍ ശ്രീമതി ടീച്ചര്‍ക്കും പ്രതികരിക്കാമെന്നിരിക്കെ സോഷ്യല്‍ മീഡിയയില്‍ എതരാളികള്‍ക്ക് പരിഹസിക്കാന്‍ ട്രോളുണ്ടാക്കിയത് സിപിഎം നേതാക്കള്‍ക്കിടയിലും അതൃപ്തിക്കിടയാക്കിയിട്ടുണ്ട്.

വ്യാജരേഖ സമര്‍പ്പിച്ച കേസില്‍ വിദ്യയ്‌ക്കെതിരെ അന്വേഷണം നടക്കുകയാണ്. വ്യാജരേഖയുടെ ഒറിജിനല്‍ കണ്ടെത്താന്‍ അന്വേഷണസംഘം ശ്രമിച്ചുവരുന്നു. എന്നാല്‍, താന്‍ അങ്ങിനെയൊരു രേഖ സമര്‍പ്പിച്ചിട്ടില്ല എന്നാണ് വിദ്യയുടെ വാദം. സമര്‍പ്പിച്ചത് വ്യാജ രേഖ ആണെങ്കില്‍ നിയമ നടപടിയില്‍ നിന്നും രക്ഷപ്പെടാന്‍ വിദ്യയ്ക്ക് ഇതല്ലാതെ മറ്റു മാര്‍ഗമില്ല.

Tags