പെട്രോളിനും ഡീസലിനും 18 രൂപയെങ്കിലും കുറയ്ക്കാം, ക്രൂഡ് ഓയില്‍ വില കുത്തനെ കുറഞ്ഞു, കൊള്ളലാഭം കൊയ്ത് എണ്ണക്കമ്പനികള്‍, പാചക വാതകത്തിനും വിലകൂട്ടി മോദി സര്‍ക്കാര്‍

Petrol Price
Petrol Price

ക്രൂഡ് ഓയില്‍ വില കുറഞ്ഞതോടെ ലിറ്ററിന് ചുരുങ്ങിയത് 18 രൂപ കുറച്ച് ജനങ്ങള്‍ക്ക് ഇന്ധനം നല്‍കാനാകുമെന്ന അവസ്ഥയിലാണ് സര്‍ക്കാരിന്റെ പകല്‍ക്കൊള്ള.

കൊച്ചി: അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ (ക്രൂഡ് ഓയില്‍) വില കുത്തനെ കുറഞ്ഞിട്ടും കൊള്ളലാഭം കൊയ്യുകയാണ് കേന്ദ്ര സര്‍ക്കാരും എണ്ണക്കമ്പനികളും. ക്രൂഡ് ഓയില്‍ വില കുറഞ്ഞതോടെ ലിറ്ററിന് ചുരുങ്ങിയത് 18 രൂപ കുറച്ച് ജനങ്ങള്‍ക്ക് ഇന്ധനം നല്‍കാനാകുമെന്ന അവസ്ഥയിലാണ് സര്‍ക്കാരിന്റെ പകല്‍ക്കൊള്ള.

എണ്ണ വില കുറച്ചില്ലെന്ന് മാത്രമല്ല ഇന്ധനതീരുവ വര്‍ധിപ്പിച്ചും പാചകവാതകവില കുത്തനെകൂട്ടിയും കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിട്ടു. പ്രധാനമന്ത്രി ഉജ്വല്‍ യോജനയില്‍ ദാരിദ്ര്യരേഖയ്ക്ക് കീഴിലുള്ള ജനങ്ങള്‍ക്ക് നല്‍കുന്ന സിലിണ്ടറിനടക്കം 50 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്.

അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പകരച്ചുങ്കം ലോകത്തെ മറ്റൊരു ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിയിടുമെന്ന വിലയിരുത്തലും ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ (ഒപെക്) തീരുമാനവുമാണ് എണ്ണവില ഇടിയാന്‍ കാരണം. ആറുദിവസം കൊണ്ടുമാത്രം 11.49 ഡോളറാണ് (ഏകദേശം 1000 രൂപ) കുറഞ്ഞത്. ഈ മാസമാദ്യം വീപ്പയ്ക്ക് 74.49 ഡോളറായിരുന്നത് (ഏകദേശം 6414 രൂപ) തിങ്കള്‍ 63 ഡോളര്‍ (ഏകദേശം 5406 രൂപ) നിലവാരത്തിലേക്ക് താഴ്ന്നു.

റഷ്യ, ഉക്രയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് റഷ്യയില്‍നിന്ന് ഡിസ്‌കൗണ്ട് നിരക്കില്‍ വന്‍തോതില്‍ അസംസ്‌കൃത എണ്ണ ഇന്ത്യയിലേക്ക് എത്തിയപ്പോഴും കേന്ദ്രം ഇന്ധനവില കുറച്ചില്ല. സര്‍ക്കാര്‍ ജനങ്ങള്‍ക്കുമേല്‍ അധികഭാരം ചുമത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുന്‍ ധനമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക് പറഞ്ഞു.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

അമേരിക്കയിലേക്കുള്ള എല്ലാ ഇറക്കുമതികള്‍ക്കുമേലും ശരാശരി 20 ശതമാനം ചുങ്കം ചുമത്തിയിരിക്കുകയാണ്. ഏതാണ്ട് 9 ലക്ഷം കോടി ഡോളര്‍ ഇതുവഴി വരുമാനം കിട്ടുമത്രേ! ഈ പണം കൊണ്ട് അമേരിക്കയിലുള്ള പണക്കാരുടെമേലുള്ള നികുതി വെട്ടിക്കുറയ്ക്കാമെന്നാണ് ട്രംപ് കണക്കുകൂട്ടുന്നത്.

ഇന്ത്യയില്‍ ട്രംപിന്റെ ഉറ്റസുഹൃത്തായ മോദി ചെയ്തിരിക്കുന്നതും ഇതു തന്നെ. ഡീസലിനും പെട്രോളിനും 20 ശതമാനം അഡീഷണല്‍ സ്‌പെഷ്യല്‍ എക്‌സൈസ് ഡ്യൂട്ടി വര്‍ദ്ധിപ്പിച്ചു. ലിറ്ററിന് 2 രൂപ വീതം. ഇതിലൂടെ കിട്ടുന്ന പണം ഉപയോഗിച്ച് കമ്പനികള്‍ക്ക് നികുതിയിളവ് നല്‍കുകയാണ് മോദിയുടെ ലക്ഷ്യം.

നികുതി കൂട്ടിയാലും വില കൂടില്ല എന്നതാണ് മോദി പറയുന്ന ന്യായം. ആഗോളമായി ക്രൂഡോയിലിന്റെ വില ഇടിഞ്ഞ് ബാരലിന് 63 രൂപയായി. ക്രൂഡോയിലിനുമേല്‍ റിഫൈനറികളുടെ സംസ്‌കരണ ചെലവുകൂടി ചേരുന്നതാണ് പെട്രോളിന്റെയും ഡീസലിന്റെയും വില. ക്രൂഡോയിലിന്റെ വില കുറയുകയും കൂടുകയും ചെയ്തുകൊണ്ടിരിക്കും. അതനുസരിച്ച് പെട്രോളിന്റെയും ഡീസലിന്റെയും വില കുറയുകയും കൂടുകയും ചെയ്യണം. ഇതാണ് ഇപ്പോഴത്തെ തത്വം.

പണ്ട് ഇങ്ങനെ അല്ലായിരുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വില സര്‍ക്കാരാണ് നിശ്ചയിച്ചിരുന്നത്. ക്രൂഡോയിലിന്റെ വില കൂടുമ്പോള്‍ എണ്ണക്കമ്പനികള്‍ക്ക് നഷ്ടമുണ്ടാകും. ആ നഷ്ടം സര്‍ക്കാര്‍ നികത്തിക്കൊടുക്കും. ഈ സമ്പ്രദായം സര്‍ക്കാരിനുമേല്‍ വലിയ ഭാരം ചുമത്തുന്നൂവെന്നു പറഞ്ഞാണ് ഈ വില സമ്പ്രദായം മാറ്റി കമ്പോളത്തിലെ ക്രൂഡോയിലിന്റെ വില മാറ്റത്തിനനുസരിച്ച് പെട്രോളിനും ഡീസലിനും വില നിശ്ചയിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയത്. എന്നു മാത്രമല്ല, സര്‍ക്കാര്‍ വില നിശ്ചയിക്കുന്നതില്‍ ഇടപെടില്ലായെന്നും ക്രൂഡോയിലിന്റെ വില കുറഞ്ഞാല്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയുമെന്നും ഉറപ്പു നല്‍കി. ഈ ഉറപ്പ് ഇന്നേവരെ പാലിക്കപ്പെട്ടിട്ടില്ല. റിലയന്‍സ് റിഫൈനറി ഒഴിച്ചുള്ള മറ്റുള്ള എല്ലാ റിഫൈനറികളും പൊതുമേഖലയിലാണല്ലോ. അതുകൊണ്ട് ഉടമസ്ഥനായ സര്‍ക്കാര്‍ തന്നെയാണ് ഫലത്തില്‍ എണ്ണവില നിശ്ചയിക്കുന്നത്.

ഇന്നിപ്പോള്‍ പെട്രോളിനും ഡീസലിനും ഏതാണ്ട് 100 രൂപ വീതമാണ് ലിറ്ററിന് വില. ഈ വില നിശ്ചയിച്ചത് ക്രൂഡോയിലിന് 85 ഡോളര്‍ ബാരല്‍ ഒന്നിന്  ഉണ്ടായിരുന്നപ്പോഴാണ്. ഇപ്പോള്‍ 63 ഡോളറേയുള്ളൂ. എണ്ണക്കമ്പനികള്‍ കുറച്ചുനാളായി വലിയ ലാഭം കൊയ്തുകൊണ്ടിരിക്കുകയായിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ ഇടപെട്ടിരിക്കുകയാണ്. എക്‌സൈസ് ഡ്യൂട്ടി വര്‍ദ്ധിപ്പിച്ചു. എന്നാല്‍ വില വര്‍ദ്ധിപ്പിക്കില്ല. ക്രൂഡോയില്‍ വിലയിടിവിന്റെ നേട്ടം ജനങ്ങള്‍ക്ക് കൊടുക്കുന്നതിനു പകരം ഇന്ത്യാ സര്‍ക്കാര്‍ കോരിയെടുക്കുകയാണ്.

ഇതില്‍ ഒരു പൈസ പോലും സംസ്ഥാനങ്ങള്‍ക്ക് നല്‍കില്ല. ബെയ്‌സിക് എക്‌സൈസ് ഡ്യൂട്ടിയാണ് വര്‍ദ്ധിപ്പിച്ചതെങ്കില്‍ 41 ശതമാനം സംസ്ഥാനങ്ങള്‍ക്കു നല്‍കേണ്ടി വരുമായിരുന്നു. ഇത് ഒഴിവാക്കാനുള്ള കുരുട്ടുവിദ്യയാണ് സ്‌പെഷ്യല്‍ അഡീഷല്‍ എക്‌സൈസ് ഡ്യൂട്ടിയുടെ വര്‍ദ്ധന. ഈ നികുതി സംസ്ഥാനങ്ങളുമായി പങ്കുവയ്‌ക്കേണ്ടതില്ല.
ഇതിനും പുറമേ പാചകവാതകത്തിന്റെ വില ഇന്ത്യാ സര്‍ക്കാര്‍ 50 രൂപ കൂട്ടിയിരിക്കുകയാണ്. മാന്ദ്യത്തിലേക്ക് ഇന്ത്യന്‍ സമ്പദ്ഘടനയും വഴുതിവീഴുകയാണ്. ഈയൊരു സന്ദര്‍ഭത്തില്‍ ജനങ്ങളുടെ ക്രയശേഷി ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ധര്‍മ്മം. എന്നാല്‍ ഈയൊരു സന്ദര്‍ഭത്തെ ജനങ്ങളെ കൊള്ളയടിക്കാന്‍ അവസരമാക്കിയിരിക്കുകയാണ് മോദി സര്‍ക്കാര്‍.

 

Tags