മോദിയുടെ നീക്കം ലജ്ജാകരം, പുതിയ കൂട്ടുകെട്ടില്‍ വാളെടുത്ത് ട്രംപിന്റെ ഉപദേശകന്‍, ഇന്ത്യ അമേരിക്കയോടൊപ്പം നില്‍ക്കണമെന്ന് ആവശ്യം

Peter Navarro

ചൈനയിലെ ടിയാന്‍ജിനില്‍ നടന്ന എസ്സിഒ ഉച്ചകോടിയുടെ വേദിയില്‍ മോദി, പുടിന്‍, ഷി എന്നിവര്‍ സൗഹൃദപരമായി ഇടപഴകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

വാഷിംഗ്ടണ്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് എന്നിവര്‍ ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) ഉച്ചകോടിയില്‍ ഒന്നിച്ചതിനെ 'ലജ്ജാകരം' എന്ന് വിശേഷിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുഖ്യ വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ, റഷ്യയോടല്ല, അമേരിക്ക, യൂറോപ്പ്, യുക്രെയ്ന്‍ എന്നിവയോടൊപ്പം നില്‍ക്കണമെന്ന് നവാരോ ആവശ്യപ്പെട്ടു.

ചൈനയിലെ ടിയാന്‍ജിനില്‍ നടന്ന എസ്സിഒ ഉച്ചകോടിയുടെ വേദിയില്‍ മോദി, പുടിന്‍, ഷി എന്നിവര്‍ സൗഹൃദപരമായി ഇടപഴകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മോദിയും പുടിനും ഒരുമിച്ച് കാറില്‍ യാത്ര ചെയ്യുകയും, ഷിയുമായി സൗഹാര്‍ദപരമായ സംഭാഷണം നടത്തുകയും ചെയ്തു. ഈ 'ഐക്യപ്രകടനം' അമേരിക്കയെ 'അസ്വസ്ഥമാക്കുന്നു' എന്ന് നവാരോ വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ നേതാവായ മോദി, ലോകത്തിലെ ഏറ്റവും വലിയ സ്വേച്ഛാധിപതികളായ പുടിനും ഷിയുമായി ചേരുന്നത് ലജ്ജാകരമാണ്. ഇത് യുക്തിക്ക് നിരക്കുന്നതല്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു.

നവാരോയുടെ പരാമര്‍ശങ്ങള്‍, വാഷിംഗ്ടണും ന്യൂഡല്‍ഹിയും തമ്മിലുള്ള ബന്ധം വഷളാകുന്ന സാഹചര്യമാണ് ചൂണ്ടിക്കാട്ടുന്നത്. റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേര് പറഞ്ഞ് അമേരിക്ക ഇന്ത്യന്‍ സാധനങ്ങള്‍ക്ക് 50% തീരുവ ഏര്‍പ്പെടുത്തിയിരുന്നു.

ഇന്ത്യ, തങ്ങളുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കായി റഷ്യന്‍ എണ്ണ വാങ്ങുന്നത് ദേശീയ താല്‍പര്യവും വിപണി ചലനാത്മകതയും കണക്കിലെടുത്താണെന്ന് പറയുന്നു. അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് വഴങ്ങില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

നവാരോ ഇതിന് മുമ്പും ഇന്ത്യയെ വിമര്‍ശിച്ചിട്ടുണ്ട്. ഇന്ത്യയെ 'തീരുവകളുടെ മഹാരാജ' എന്നും 'ക്രെംലിന്റെ കള്ളപ്പണം വെളുപ്പിക്കല്‍ കേന്ദ്രം' എന്നും അദ്ദേഹം വിശേഷിപ്പിച്ചിരുന്നു. റഷ്യന്‍ എണ്ണ വാങ്ങി ശുദ്ധീകരിച്ച് പ്രീമിയം വിലയ്ക്ക് കയറ്റുമതി ചെയ്യുന്നതിലൂടെ ഇന്ത്യ യുക്രെയ്‌നിലെ യുദ്ധത്തെ സഹായിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

മോദിയുടെ ചൈന സന്ദര്‍ശനവും റഷ്യ-ചൈന നേതാക്കളുമായുള്ള സൗഹൃദപരമായ ഇടപെടലുകളും, അമേരിക്കന്‍ നേതൃത്വത്തിന് ബദലായി ഒരു പുതിയ ആഗോള ക്രമം രൂപപ്പെടുത്താനുള്ള ശ്രമമായി വിലയിരുത്തപ്പെടുന്നു. ട്രംപിന്റെ തീരുവ നയം, ഇന്ത്യയെ ചൈനയുമായും റഷ്യയുമായും അടുപ്പിക്കുന്നതിന് കാരണമായി. ഇത് അമേരിക്കയുടെ ആഗോള സ്വാധീനത്തിന് വെല്ലുവിളിയാകുന്നു.
 

Tags