വോട്ടര്‍ ഐഡിയും ആധാറും എന്തിന് പാസ്‌പോര്‍ട്ട് പോലും ഇന്ത്യന്‍ പൗരനാണെന്നതിന് തെളിവല്ല, ഇന്ത്യക്കാരന്‍ ആരാണെന്ന് കേന്ദ്രം പറയും, വിചിത്രവാദവുമായി സര്‍ക്കാര്‍

Passport

വോട്ടര്‍ ഐഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട് എന്നിവയൊന്നും പൗരത്വത്തിന്റെ അന്തിമ തെളിവല്ല എന്നാണ് ഔദ്യോഗിക നിലപാട്. മന്ത്രാലയങ്ങള്‍, കോടതികള്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവര്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്ന വാദം സാധാരണ പൗരന്മാരില്‍ ആശങ്കയും ആശയക്കുഴപ്പവും സൃഷ്ടിക്കുന്നു.

ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇപ്പോള്‍ പുതിയ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും പുതിയ നിലപാട്. വോട്ടര്‍ ഐഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട് എന്നിവയൊന്നും പൗരത്വത്തിന്റെ അന്തിമ തെളിവല്ല എന്നാണ് ഔദ്യോഗിക നിലപാട്. മന്ത്രാലയങ്ങള്‍, കോടതികള്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവര്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്ന വാദം സാധാരണ പൗരന്മാരില്‍ ആശങ്കയും ആശയക്കുഴപ്പവും സൃഷ്ടിക്കുന്നു.

പാസ്‌പോര്‍ട്ട് വെറും യാത്രാ രേഖ മാത്രമാണെന്നാണ് കഴിഞ്ഞദിവസം വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. അപ്പോള്‍ പൗരന്മാര്‍ അല്ലാത്തവര്‍ക്ക് പാസ്‌പോര്‍ട്ട് ലഭിക്കുമോ എന്ന ചോദ്യത്തിന് എന്ത് ഉത്തരമാണ് സര്‍ക്കാര്‍ നല്‍കുകയെന്ന് വ്യക്തമല്ല. ആധാര്‍ കാര്‍ഡ് ബയോമെട്രിക് ഐഡന്റിറ്റി മാത്രം, വോട്ടര്‍ ഐഡി വോട്ട് ചെയ്യാനുള്ള രേഖ മാത്രമെന്നും സര്‍ക്കാര്‍ പറയുന്നു.

ദിവസവും ലക്ഷക്കണക്കിന് ആളുകള്‍ ഈ ഡോക്യുമെന്റുകള്‍ ഉപയോഗിച്ച് ബാങ്ക്, ജോലി, യാത്ര, വോട്ട് തുടങ്ങിയവ ചെയ്യുന്നു. പക്ഷേ അടിസ്ഥാന അവകാശമായ പൗരത്വം തെളിയിക്കാന്‍ ഇവ പോരെങ്കില്‍, പിന്നെ എന്താണ് തെളിവ്?

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി ഈ വിഷയത്തില്‍ ശക്തമായി വിമര്‍ശിച്ചു. സര്‍ദേശായിയുടെ ചോദ്യം ഏറ്റവും കൃത്യമാണ്. പൗരത്വം തെളിയിക്കാന്‍ ഒരു ഏകീകൃത രേഖയില്ലാതെ ജനങ്ങളെ ബ്യൂറോക്രാറ്റുകളുടെ കൈകളിലേക്ക് തള്ളിവിടുന്നത് ജനാധിപത്യത്തിന് യോജിച്ചതല്ല.

ഈ നിലപാട് ജനങ്ങളെ ഭയപ്പെടുത്തുന്നതിനും, ഭരണകൂടത്തിന്റെ നിയന്ത്രണം വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകും. ജന്മസര്‍ട്ടിഫിക്കറ്റ്, പാരന്റ്‌സിന്റെ ഡോക്യുമെന്റുകള്‍ തുടങ്ങി പഴയ രേഖകള്‍ ആവശ്യപ്പെടുന്ന സിസ്റ്റം ആശങ്കപ്പെടുത്തുന്നതാണ്. വോട്ടര്‍ലിസ്റ്റ് പുതുക്കലിന്റെ പേരില്‍ ഭയം സൃഷ്ടിക്കലാണ് ലക്ഷ്യമിടുന്നത്. ഒരൊറ്റ ഡിജിറ്റല്‍ പൗരത്വ രേഖയ്ക്ക് പകരം ജനങ്ങളെ ഓഫീസുകള്‍ ചുറ്റിക്കുന്നത് അധികാരത്തിന്റെ കടന്നുകയറ്റമാണ്.

നിലവിലുള്ള ഐഡി കാര്‍ഡുകളൊന്നും അംഗീകരിക്കില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു ഏകീകൃത ഡിജിറ്റല്‍ സിറ്റിസന്‍ ഐഡി ഉണ്ടാക്കണം. എല്ലാ അടിസ്ഥാന രേഖകളും ലിങ്ക് ചെയ്ത, പൗരത്വം വ്യക്തമാക്കുന്ന ഒരു ഡോക്യുമെന്റ്. നിലവിലുള്ള പ്രധാന രേഖകളെ പൗരത്വത്തിന്റെ പ്രൈമറി പ്രൂഫ് ആക്കുക. ജനങ്ങളെ ഭയപ്പെടുത്തുന്നതിന് പകരം ഭരണസൗകര്യം ലളിതമാക്കുക.

വിചിത്രവാദങ്ങള്‍ തുടരുന്നത് ജനവിശ്വാസം കുറയ്ക്കുകയും, ഭരണഘടനാപരമായ അവകാശങ്ങളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യും. പൗരത്വം ഓരോ ഇന്ത്യന്‍ പൗരന്റെയും അടിസ്ഥാന അസ്തിത്വമാണ്. സര്‍ക്കാര്‍ ആശങ്കകള്‍ പരിഹരിക്കണം.

Tags