പറശിനിക്കടവ് മുത്തപ്പനെയും പുഴയേയും സാക്ഷിയാക്കി ഓളപ്പരപ്പിൽ ഒരു കതിർ മണ്ഡപം....


കണ്ണൂർ : വിവാഹം എങ്ങനെ വ്യത്യസ്തവും ആകർഷകവുമാക്കാം എന്ന ചിന്തയിലാണ് പുതുതലമുറ. അതുകൊണ്ടു തന്നെ കല്യാണാഘോഷങ്ങളിലും കല്യാണ വേദികൾ തിരഞ്ഞെടുക്കുന്നതിലും അവർ വ്യത്യസ്തത കൊണ്ടുവരുന്നു. അത്തരത്തിൽ വെറൈറ്റിയായ വിവാഹം കണ്ണൂരിലും നടന്നു. അലകൾ അലതല്ലുന്ന പുഴയി ലായിരുന്നു ഈ വിവാഹം.
മലബാറിലെ ആദ്യത്തെ ബോട്ടിലെ കല്ല്യാണം. മട്ടന്നൂർ ചെറുപഴശ്ശി സ്വദേശികളായ അനന്യ- ലജിത് എന്നിവരാണ് പറശ്ശിനിപ്പുഴയുടെ തീരത്ത് പ്രകൃതിയെയും സാക്ഷിയാക്കി വിവാഹിതരായത്.
ശിവപുരം സ്കൂളിലെ അധ്യാപകനായ രാജീവൻ വിദ്യാർഥികളുമായി പഠനയാത്രയുടെ ഭാഗമായി പറശിനിക്കടവിലെത്തി ബോട്ട് യാത്ര നടത്തിയിരുന്നു. അന്ന് മനസിൽ ഉടലെടുത്ത ആശയമാണ് മകളുടെ വിവാഹം വളരെ വ്യത്യസ്ഥമായി നടത്തുന്നതിൽ കലാശിച്ചത്.
പറശിനിക്കടവ് മുത്തപ്പനെയും പ്രകൃതിയെയും സാക്ഷിയാക്കി പുഴയിലെ ഓളപ്പരപ്പിൽ നിർത്തിയിട്ട ഹൗസ് ബോട്ടിൽ ഒരുക്കിയ കതിർമണ്ഡപത്തിൽ അധ്യാപകരായ ആർ.കെ രജീവൻ്റെയും സ്നേഹയുടെയും മകൾ ഡോ.അനന്യയുടെ കഴുത്തിൽ മട്ടന്നൂർ പഴശ്ശിയിലെ കക്കണ്ടി ലക്ഷ്മണൻ്റെയും സുശീലയുടെയും മകൻ ലജിത്ത് താലി ചാർത്തിയപ്പോൾ പുതിയൊരു ചരിത്രം കൂടിയാണ് പിറന്നത്. മലബാറിലെ ആദ്യത്തെ ഡെസ്റ്റിനേഷൻ വിവാഹം.

ബഹറിൻ ധനകാര്യ കമ്പിനിയിൽ ജോലി ചെയ്യുകയാണ് ലജിത്ത്. വളരെ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ ആയിരുന്നു വിവാഹചടങ്ങുകൾ. പറശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിന് മുന്നിൽ വളപട്ടണം പുഴയിൽ നിർത്തിയിട്ട നന്മ ടൂറിസം ബോട്ട് ക്ലബിൻ്റെ ജലറാണി ലക്ഷ്വറി ഹൗസ് ബോട്ടിലാണ് ലജിത്തിൻ്റെയും അനന്യയുടെയും വിവാഹം നടന്നത്.
നന്മ ടൂറിസം ബോട്ട് ക്ലബ് നടത്തിപ്പുകാരുമായി ബന്ധപ്പെട്ട് ബോട്ടിൽ വിവാഹം നടത്താൻ പറ്റുമോയെന്ന് അന്വേഷിച്ചപ്പോൾ എല്ലാ സൗകര്യവും ചെയ്തു തരാമെന്ന് ഉറപ്പു നൽകുകയായിരുന്നു . തുടർന്നാണ് ബന്ധുക്കളോടും ഈ ആശയം പങ്കുവച്ചത് . ആദ്യം ഭയാശങ്കകൾ പങ്കുവച്ചുവെങ്കിലും ബോട്ട് അധികൃതർ സുരക്ഷാ വാഗ്ദാനം നൽകിയതോടെ ബന്ധുക്കളും സമ്മതം മൂളിയെന്ന് വധുവിൻ്റെ പിതാവ് രാജീവൻ പറഞ്ഞു.
വ്യത്യസ്ഥമായ രീതിയിൽ വിവാഹം നടന്നതിൽ അതിയായ സന്തോഷത്തിലാണ് നവദമ്പതികളും.പിതാവ് മുന്നോട്ടുവച്ച ആശയം വരൻ്റെ വീട്ടുകാരെ അറിയിച്ചപ്പോൾ ആദ്യം ആശങ്കപ്പെട്ടുവെങ്കിലും സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ബോട്ടിൽ ചടങ്ങുകൾ നടക്കുന്നതെന്നറിഞ്ഞപ്പോൾ എല്ലാവരും സമ്മതമറിയിച്ചുവെന്ന് വധു അനന്യ പറഞ്ഞു.
ഈ വിവാഹത്തോടെ മലബാർ ഒരു വിവാഹ ഡസ്റ്റിനേഷനായി മാറുമെന്നത് തീർച്ചയാണ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ നിരവധി പ്രകൃതി സുന്ദരമായ ഡസ്റ്റിനേഷനുകൾ വരും നാളുകളിൽ വിവാഹ ഡസ്റ്റിനേഷനുകളായി മാറുമെന്ന് ആർക്കിടെക്റ്റ് മധുകുമാർ പറഞ്ഞു.
പുതിയ തലമുറ വിവാഹത്തിന് പുതിയ മാനം നൽകുമ്പോൾ മനോഹരമായ ഡസ്റ്റിനേഷനുകൾ തേടി ഇനി വിദേശരാജ്യങ്ങളിൽ പോകേണ്ടി വരില്ല. പറശിനിയിലെതുൾപ്പെടെയുള്ള ഫ്ളോട്ടിങ് റസ്റ്റോറൻ്റുകൾ, ബോട്ട് റെയ്സിങ് പവലിയൻ, കണ്ടൽ കാടുകൾ തുടങ്ങിയ ഇടങ്ങളെല്ലാം
വിവാഹവേദിയായി മാറുന്ന കാലം ഇനി വിദൂരമല്ല..