പാനി പൂരിക്കുള്ള മാവ് കുഴയ്ക്കുന്നത് കാലുകൊണ്ട്, രുചിക്കായി യൂറിയയും ഹാര്‍പിക്കും, വീഡിയോ വൈറലായതോടെ രണ്ടുപേര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: തട്ടുകടയിലെ ഭക്ഷണം ഇഷ്ടപ്പെടാത്തവര്‍ അപൂര്‍വമായിരിക്കും. കേരളം വിട്ടുകഴിഞ്ഞാല്‍ ഇത്തരം തട്ടുകടകളുടെ വൃത്തിയും വെടിപ്പുമെല്ലാം പേരിനു മാത്രമാണെന്നത് നാളുകളായുള്ള പരാതിയാണ്. പാനിപൂരിയും മറ്റും കഴിച്ചാല്‍ വയറിളക്കം ചോദിച്ചുവാങ്ങുന്നത് തുല്യമാണെന്ന് ചിലര്‍ പറയാറുണ്ട്. പതിനായിരക്കണക്കിന് ആളുകളുടെ ഉപജീവനമാര്‍ഗം കൂടിയായ ഇത്തരം തട്ടുകടകളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധനയും മറ്റും നടക്കാറില്ല.
ഉത്തരേന്ത്യയിലെ ചില തട്ടുകടകളിലേയും ഭക്ഷണശാലകളിലേതുമെല്ലാം വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാറുണ്ട്. എത്രമാത്രം വൃത്തിഹീനമായാണ് ഈ ഭക്ഷണങ്ങള്‍ ഉണ്ടാക്കുന്നതെന്ന് വീഡിയോയില്‍ വ്യക്തമാകും. ഈ രീതിയില്‍ അടുത്തിടെ പുറത്തുവന്ന ഒരു വീഡിയോ ഏറെ വിവാദങ്ങള്‍ക്കിടയാക്കി. ജാര്‍ഖണ്ഡിലെ ഗര്‍വാ മേഖലയില്‍ നിന്നുള്ള ഒരു വീഡിയോയില്‍ കാലുകൊണ്ട് ഗോല്‍ഗപ്പയ്ക്ക് മാവ് കുഴക്കുന്നത് കാണാം.
രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഭക്ഷ്യസുരക്ഷ ഒരു പ്രധാന ആശങ്കയായി മാറിയിരിക്കുന്ന വേളയിലാണ് വീഡിയോ പുറത്തുവന്നത്. തയ്യാറാക്കിയ ഗോല്‍ഗപ്പയുടെ പാക്കറ്റുകള്‍ സമീപത്ത് കിടക്കുന്നത് കാണാം. ക്ലിപ്പ് പുറത്തുവന്നതോടെ പോലീസ് ഇവരെ അറസ്റ്റ് ചെയ്തു. കടയുടമകള്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണെന്ന് പോലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ആകാശ് കുമാര്‍ പറഞ്ഞു. അരവിന്ദ് യാദവ് (35), സതീഷ് കുമാര്‍ ശ്രീവാസ്തവ (30) എന്നിവരാണ് അറസ്റ്റിലായവര്‍.
ഗോല്‍ഗപ്പ കഴിക്കുന്നവര്‍ സൂക്ഷിക്കണമെന്ന നിര്‍ദ്ദേശത്തോടെയാണ് വീഡിയോ ക്ലിപ്പ് പുറത്തുവന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതോടെ പ്രദേശവാസികള്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.
രുചിക്കായി ഭക്ഷണത്തില്‍ ഹാനികരമായ വസ്തുക്കള്‍ ഉപയോഗിച്ചതായി പ്രതി സമ്മതിച്ചു. പോലീസ് അന്വേഷണത്തില്‍ പാനി പൂരിയില്‍ യൂറിയയും ഹാര്‍പിക്കും ചേര്‍ത്തതായി പ്രതി വെളിപ്പെടുത്തി. ഗോല്‍ഗപ്പ ഉണ്ടാക്കുന്ന കടയുടമകളിലൊരാളായ അരവിന്ദ് യാദവ്, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തന്റെ ബന്ധുക്കളായ അന്‍ഷു, രാഘവേന്ദ്ര എന്നിവരുമായി വഴക്കുണ്ടായിരുന്നു. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് രണ്ട് കടയുടമകളും കാലുകൊണ്ട് മാവ് കുഴക്കുന്നത് വീഡിയോയില്‍ പകര്‍ത്തുകയായിരുന്നു.