പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ചാച്ചാജി വാർഡ് പാംകോസ് ഒഴിയേണ്ടി വരും; എച്ച്.ഡി.എസ് തീരുമാനം റദ്ദാക്കിയ ഹൈക്കോടതി പൊതുലേലം നടത്താൻ നിർദേശിച്ചു

PAMCOS will have to vacate the Chachaji Ward at Pariyaram Government Medical College; the High Court has set aside the Hospital Development Society HDS decision and ordered a public auction

കണ്ണൂർ: പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ചാച്ചാജി വാർഡ് സി.പി.എം നിയന്ത്രണത്തിലുള്ള പാംകോസ് (പരിയാരം മെഡിക്കൽ കോളേജ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി) സൊസൈറ്റിക്ക് കൈമാറിയ ആശുപത്രി വികസന സമിതിയുടെ (എച്ച്.ഡി.എസ്) തീരുമാനം കേരള ഹൈക്കോടതി റദ്ദാക്കി.

 പൊതുലേലത്തിൽ പങ്കെടുക്കാതെ 4,310 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള കെട്ടിടം അനിശ്ചിതകാലത്തേക്ക് ഉപയോഗിക്കാൻ പാംകോസിന് യാതൊരു അവകാശവുമില്ലെന്ന് കോടതി വ്യക്തമാക്കി. കെട്ടിടം തിരിച്ച് കൈമാറുന്നത് വരെ മാത്രമേ പാംകോസിന് ഇത് ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ.

പരിയാരം മെഡിക്കൽ കോളേജിലെ വാർഡ് കെട്ടിട നമ്പർ 3 ആയ ചാച്ചാജി വാർഡിന്റെ പൊതുലേലം രണ്ടുമാസത്തിനകം നടത്താൻ കണ്ണൂർ ജില്ലാ കളക്ടർക്ക് കോടതി കർശന നിർദ്ദേശം നൽകി. പൊതുലേലം നടത്തുമ്പോൾ ഹർജിക്കാർക്കും പങ്കെടുക്കാവുന്നതാണെന്നും ഉത്തരവിലുണ്ട്.

 കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ എംപ്ലോയീസ് പെൻഷനേഴ്‌സ് സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിനിധി ടി.പി. ഉണ്ണികൃഷ്ണൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ നിർണ്ണായക വിധി. ഹർജിക്കാർക്ക് വേണ്ടി അഡ്വ. അലീന അനബെല്ലി ഹാജരായി. നിയമപോരാട്ടത്തിന് നേതൃത്വം നൽകിയ അഡ്വ. രാജീവൻ കപ്പച്ചേരി വാർത്താസമ്മേളനത്തിലാണ് കോടതി വിധിയുടെ വിശദാംശങ്ങൾ മാധ്യമങ്ങളെ അറിയിച്ചത്.


1960-ൽ കേരള ഗാന്ധി കെ. കേളപ്പൻ ക്ഷയരോഗം ബാധിച്ച കുട്ടികളെ പാർപ്പിച്ച് ചികിത്സിക്കുന്നതിനായി നിർമ്മിച്ചു നൽകിയതാണ് ചാച്ചാജി വാർഡ്. ഈ കെട്ടിടം പാംകോസ് കയ്യേറി അനധികൃതമായി പുതുക്കിപ്പണിയുന്നുവെന്ന് ചൂണ്ടിക്കാട്ടി 2024 സെപ്റ്റംബർ 5-ന് അഡ്വ. രാജീവൻ കപ്പച്ചേരി കണ്ണൂർ ജില്ലാ കളക്ടർക്ക് പരാതി നൽകിയതോടെയാണ് നിയമപോരാട്ടത്തിന് തുടക്കമായത്. 


പരാതിയുടെ അടിസ്ഥാനത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ കളക്ടർ തടഞ്ഞിരുന്നു.
തുടർന്ന്, ഈ സ്റ്റേ നിലനിർത്തുന്നതിനായി രാജീവൻ കപ്പച്ചേരി ഹൈക്കോടതിയെ സമീപിച്ചു. എല്ലാ നിയമനടപടികളും പാലിച്ച് മാത്രമേ തീരുമാനമെടുക്കുകയുള്ളൂവെന്ന് ജില്ലാ കളക്ടർ കോടതിയെ അറിയിച്ചു. പരാതിക്കാരന്റെ വാദങ്ങൾ കേട്ട് രേഖപ്പെടുത്തിയ ശേഷം മാത്രമേ എച്ച്.ഡി.എസ് കമ്മിറ്റിയും കളക്ടറും തീരുമാനമെടുക്കാവൂ എന്ന് ഹൈക്കോടതി (WP(C) 33404/2024) ഉത്തരവിട്ടിരുന്നു. 

എന്നാൽ, കളക്ടർ നിയോഗിച്ച സമിതി പാംകോസിന് അനുകൂലമായി തെറ്റായ റിപ്പോർട്ട് തയ്യാറാക്കുകയും, 2025 ഏപ്രിൽ 21-ന് ചേർന്ന എച്ച്.ഡി.എസ് യോഗത്തിൽ നാലാം നമ്പർ തീരുമാനമായി കെട്ടിടം പാംകോസിന് നൽകാൻ തീരുമാനിക്കുകയുമായിരുന്നുവെന്ന് രാജീവൻ കപ്പച്ചേരി ആരോപിച്ചു.

2018 മുതൽ ഓഫീസ് ആവശ്യത്തിനായി ഒരു മുറി അനുവദിക്കണമെന്ന് പെൻഷനേഴ്‌സ് വെൽഫെയർ സൊസൈറ്റി ആവശ്യപ്പെട്ടിരുന്നെങ്കിലും, ആശുപത്രിയിൽ സൗകര്യങ്ങൾ പരിമിതമാണെന്ന മറുപടിയാണ് കളക്ടറും എച്ച്.ഡി.എസ് സെക്രട്ടറിയും രേഖാമൂലം നൽകിയിരുന്നത്. എന്നാൽ, സി.പി.എം അനുകൂല സംഘടനകൾക്ക് കെട്ടിടങ്ങൾ നിർബാധം അനുവദിച്ചു നൽകുന്ന ഇരട്ടത്താപ്പിനെതിരെയാണ് സൊസൈറ്റി ഹൈക്കോടതിയെ സമീപിച്ചതെന്നും ശ്രമം വിജയിച്ചതിൽ സന്തോഷമുണ്ടെന്നും രാജീവൻ കപ്പച്ചേരിയും ടി.പി. ഉണ്ണികൃഷ്ണനും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Tags