കരിമണല്‍ മാസപ്പടി ലിസ്റ്റിലെ പിവി പത്മജ വേണുഗോപാലോ? ബിജെപിയില്‍ ചേര്‍ന്നത് വിരട്ടിയിട്ടെന്ന് ഫേസ്ബുക്ക് പോസ്റ്റ്

padmaja venugopal
padmaja venugopal

 

തൃശൂര്‍: കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നത് സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പത്മജയുടെ കാലുമാറല്‍ പല മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാക്കുമെന്ന ഭയമുണ്ട്. പ്രത്യേകിച്ചും വമ്പന്‍ മത്സരം നടക്കുന്ന തൃശൂരില്‍ സ്ഥാനാര്‍ത്ഥിയെ തന്നെ മാറ്റി പരീക്ഷിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നത് പത്മജയുടെ കാലുമാറലിനെ തുടര്‍ന്നാണ്.

tRootC1469263">

പത്മജ ബിജെപിയിലെത്തിയത് എങ്ങിനെയെന്നത് സംബന്ധിച്ച് പല അഭ്യൂഹങ്ങളും സജീവമാണ്. അതിലൊന്നാണ് പത്മജയുടെ ഭര്‍ത്താവ് വേണുഗോപാലിനെ ഇഡി വിരട്ടി എന്നത്. കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ തന്നെ ഇങ്ങനെയൊരു ആരോപണവുമായെത്തിയതോടെ ഇക്കാര്യം വേണുഗോപാല്‍ നിഷേധിച്ചു. ഇതര പാര്‍ട്ടികളിലെ നേതാക്കളെ ബിജെപിയിലെത്തിക്കാന്‍ ഇഡിയെ ഉപയോഗിക്കുന്നുണ്ടെന്ന വിമര്‍ശനം സജീവമാണ്.

കരിമണല്‍ മാസപ്പടിയുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണമാണ് പത്മജയെ ബിജെപിയിലെത്തിച്ചതെന്നും പറയപ്പെടുന്നുണ്ട്. മാസപ്പടി പട്ടികയില്‍ രാഷ്ട്രീയക്കാരുടെ പേരുകള്‍ക്കിടയിലെ പിവി എന്നത് പത്മജ വേണുഗോപാലാണെന്നാണ് ചിലര്‍ സംശയം പ്രകടിപ്പിക്കുന്നത്. പിവി പിണറായി വിജയനാണെന്ന് നേരത്തെ മാത്യു കുഴല്‍നാടന്‍ ആരോപിച്ചിരുന്നു.

അതിനിടെ ഇഡി വിരട്ടിയെന്ന ആരോപണം ശരിവെച്ചുള്ള പത്മജയുടെ ഫേസ്ബുക്ക് പോസ്റ്റും പലരിലും അമ്പരപ്പുണ്ടാക്കി. മിനിറ്റുകള്‍ക്കുള്ളില്‍ അത് ഡിലീറ്റാക്കിയെങ്കിലും പത്മജയുടെ ഔദ്യോഗിക ഐഡിയില്‍ നിന്നാണ് പോസ്റ്റ് വന്നതെന്നത് ശ്രദ്ധേയമാണ്.

ഇ.ഡി വന്നാല്‍ പിന്നെ ഗുരുവായൂരപ്പനെക്കൊണ്ടും രക്ഷിക്കാന്‍ കഴിയില്ല. ബിജെപിയില്‍ ചേരുകയെ ഒരു നിവൃത്തി കണ്ടുള്ളൂ. അത്രയേ ഞാനും ചെയ്തുള്ളൂ, എന്നായിരുന്നു പോസ്റ്റ്.

പത്മജയുടെ നിര്‍ദേശപ്രകാരം അഡ്മിന്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പോസ്റ്റ് പിന്‍വലിച്ചെങ്കിലും സ്‌ക്രീന്‍ഷോട്ടുകള്‍ വ്യാപകമായി പ്രചരിച്ചു. പോസ്റ്റിനു കീഴില്‍ അനേകം കമന്റുകളും നിറഞ്ഞു.

വ്യാഴാഴ്ച വൈകിട്ട് ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്തു വച്ചാണ് പത്മജ വേണുഗോപാല്‍ ഔദ്യോഗികമായി ബിജെപിയില്‍ ചേര്‍ന്നത്. കേരളത്തിന്റെ ചുമതലുള്ള പ്രകാശ് ജാവദേക്കര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വ സ്വീകരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി കരുത്തനായ നേതാവാണെന്നും അതുകൊണ്ടു മാത്രമാണ് ബിജെപി ചേരുന്നതെന്നും പത്മജ മാധ്യമങ്ങളോടു പറഞ്ഞു.

 

Tags