പത്മജയെ ബിജെപിയിലെത്തിച്ചത് അമിത് ഷായുടെ ചാണക്യ തന്ത്രം, സുരേന്ദ്രനും മുരളിയും അറിയാതെ രഹസ്യ ഓപ്പറേഷന്‍


കൊച്ചി: കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാലിനെ ബിജെപിയിലെത്തിച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സംഘമെന്ന് റിപ്പോര്‍ട്ട്. സംസ്ഥാന നേതാക്കളൊന്നും അറിയാതെ രഹസ്യമായാണ് പത്മജയെ ബിജെപി പാളയത്തിലെത്തിച്ചത്. ഒരുതരത്തിലും വാര്‍ത്ത ചോരരുതെന്ന് നിര്‍ബന്ധമുള്ളതിനാല്‍ കേരളത്തിലെ നേതാക്കളെ ഇക്കാര്യം അറിയിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.
ഇതര പാര്‍ട്ടിയിലെ നേതാക്കളെ ബിജെപിയിലെത്തിക്കാന്‍ ഡല്‍ഹിയില്‍ അമിത് ഷായുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. നേതാക്കളുടെ മെറിറ്റ് അനുസരിച്ച് വിലപേശിയും വഴങ്ങാത്തവരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വരുതിക്കാക്കിയുമാണ് ഷായുടെ സംഘത്തിന്റെ പ്രവര്‍ത്തനം. ബിജെപിയിലെ തന്നെ മറ്റു നേതാക്കള്‍ അറിയാതെയാണ് സംഘം ഇതരപാര്‍ട്ടിക്കാരുമായി ചര്‍ച്ച നടത്തുന്നതും ധാരണയിലെത്തുന്നതും.

കോണ്‍ഗ്രസിലോ മറ്റ് പാര്‍ട്ടികളിലോ അവഗണന നേരിടുന്ന നേതാക്കളുമായി നേരിട്ടും രഹസ്യമായുമാണ് ചര്‍ച്ച നടത്തുന്നത്. തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ സീറ്റ് കിട്ടാത്ത നേതാക്കളെ അടര്‍ത്തിമാറ്റാന്‍ എളുപ്പമാണ്. ഉത്തരേന്ത്യന്‍ നേതാക്കളെപ്പോലെ വഴങ്ങാത്തവരാണ് കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍. അതുകൊണ്ടുതന്നെ ഇഡി ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചാണ് പത്മജയെ ബിജെപിയിലെത്തിച്ചതെന്ന് അഭ്യൂഹമുണ്ട്. മുന്‍ മന്ത്രി ഉള്‍പ്പെടെ സംസ്ഥാനത്തെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളുമായി ബിജെപി ചര്‍ച്ച നടത്തിക്കഴിഞ്ഞു. താത്പര്യമുള്ളവര്‍ അടുത്തദിവസം തന്നെ അംഗത്വം സ്വീകരിച്ചേക്കും.