ഓപ്പറേഷൻ സൈ ഹണ്ട്: തളിപ്പറമ്പിൽ ആറ് പേർക്കെതിരെ പൊലിസ് കേസെടുത്തു

Operation Psy Hunt  Police register cases against six people in Taliparamba

തളിപ്പറമ്പ്: ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കും വ്യാജ ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള പണം തട്ടിപ്പിനുമെതിരെ പൊലിസ് ശക്തമാക്കിയ 'ഓപ്പറേഷൻ സൈ ഹണ്ട്' പരിശോധനയുടെ ഭാഗമായി തളിപ്പറമ്പ് പൊലിസ് സ്റ്റേഷൻ പരിധിയിൽ ആറ് കേസുകൾ രജിസ്റ്റർ ചെയ്തു.

ബാങ്ക് അക്കൗണ്ടുകൾ ദുരുപയോഗം ചെയ്ത് പൊതുജനങ്ങളെ കബളിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത സംഭവങ്ങളിലാണ് പൊലിസ് നടപടി സ്വീകരിച്ചിരിക്കുന്നത്.   

ഓൺലൈൻ തട്ടിപ്പിലൂടെ 6,00,000 രൂപയുടെ ഇടപാടുകൾ നടത്തിയതിന് പട്ടുവം അരിയിലെ കെ. മുഹമ്മദ് സയീദ്, 5,11,400 രൂപയുടെ ഇടപാട് നടത്തിയതിന് ബക്കളം കാനൂലിലെ പി.പി സവാദ് എന്നിവർക്കെതിരെ കേസെടുത്തു. അന്വേഷണത്തിൽ ഇവർ ഇരുവരും നിലവിൽ വിദേശത്താണെന്ന് പൊലിസ് കണ്ടെത്തിയിട്ടുണ്ട്.   

അഞ്ചാംപീടികയിലെ കെ.വി രഞ്ജിത് 68,960 രൂപയും, പാലയാടെ കെ. രജിത്ത് 50,000 രൂപയും, കുപ്പത്തെ എം. മുഹമ്മദ് ഷാനവാസ് 50,000 രൂപയും, മോറാഴയിലെ കെ. അഷിത് രാജ് 25,000 രൂപയും തങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ വഴി അനധികൃതമായി ഇടപാടുകൾ നടത്തിയതായാണ് പൊലിസ് കണ്ടെത്തൽ.

പ്രതികളുടെ വീടുകളിൽ തളിപ്പറമ്പ് പൊലിസ് ഇൻസ്പെക്ടർ കെ.പി ശ്രീഹരി, എസ്.ഐമാരായ കെ. ഹേമന്ത് കുമാർ, വി.വി ഗോപിനാഥൻ, സി.ജി സാംസൺ,  എസ്.ഐ കെ. രമേശൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി.

Tags