ഓണത്തിന് സാധാരണക്കാരെ മറന്നാലും ഗവ. ജീവനക്കാരെ ചേര്‍ത്തുപിടിച്ച് സര്‍ക്കാര്‍, ശമ്പളക്കാര്‍ക്ക് കൈനിറയെ ബോണസും ഉത്സവബത്തയും അഡ്വാന്‍സും
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരിതാപകരമായിരിക്കെ, ശമ്പളം ലഭിക്കുന്ന ഒരു വിഭാഗത്തിന് മാത്രം കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നതിന്റെ ന്യായമെന്താണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം.
തിരുവനന്തപുരം: ഓണാഘോഷത്തിന് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4,500 രൂപ ബോണസ് പ്രഖ്യാപിച്ചു. ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് 3,000 രൂപ പ്രത്യേക ഉത്സവബത്തയും, എല്ലാവര്‍ക്കും 20,000 രൂപ വരെ ഓണം അഡ്വാന്‍സും (പാര്‍ട്ട് ടൈം/കണ്ടിഞ്ചന്റ് വിഭാഗങ്ങള്‍ക്ക് 6,000 രൂപ) അനുവദിച്ച് ഉത്തരവിറക്കി. ശമ്പള പരിധി ഉയര്‍ത്തിയതുകൊണ്ട് കൂടുതല്‍ പേര്‍ക്ക് ബോണസ് ലഭിക്കും.
ജീവനക്കാരെ സന്തോഷിപ്പിക്കാന്‍ ഇത്തവണയും സര്‍ക്കാര്‍ മറന്നില്ല. അതേസമയം, സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരിതാപകരമായിരിക്കെ, ശമ്പളം ലഭിക്കുന്ന ഒരു വിഭാഗത്തിന് മാത്രം കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നതിന്റെ ന്യായമെന്താണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം.
കേരളത്തിന്റെ കടം, ധനക്കുറവ്, വരുമാനമാര്‍ഗങ്ങളുടെ പരിമിതി എന്നിവ ആരും അറിയാത്തതല്ല. പെന്‍ഷന്‍, ശമ്പളം, പലിശ തുടങ്ങിയ നിര്‍ബന്ധ ചെലവുകള്‍ തന്നെ ബജറ്റിന്റെ വലിയ ഭാഗം വിഴുങ്ങുന്നു. അത്തരം സാഹചര്യത്തിലും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസും അഡ്വാന്‍സും നല്‍കുന്നത് പതിവാണ്. അഡ്വാന്‍സ് തിരിച്ചടയ്‌ക്കേണ്ടതാണെങ്കിലും, ബോണസ് നേരിട്ടുള്ള ചെലവാണ്. ലക്ഷക്കണക്കിന് ജീവനക്കാര്‍ക്ക് നല്‍കുമ്പോള്‍ ഇത് കോടികളുടെ ബാധ്യതയായി മാറും.
സാധാരണക്കാരന് ഇത്തവണയും ഒന്നും നല്‍കാന്‍ സര്‍ക്കാരിന് സാധിച്ചില്ല. ക്ഷേമ പെന്‍ഷന്‍ ഒരു രൂപപോലും വര്‍ദ്ധിപ്പിച്ചില്ല. വിലക്കയറ്റം, തൊഴിലില്ലായ്മ, കാര്‍ഷിക പ്രതിസന്ധി, ചെറുകിട വ്യാപാരികളുടെ ബുദ്ധിമുട്ട് ഇവയൊക്കെ ഓണക്കാലത്തും തുടരുന്നു. റേഷന്‍ കിറ്റുകള്‍ പ്രഖ്യാപിച്ചത് പരിമിതമായ ആളുകള്‍ക്ക് മാത്രം. സര്‍ക്കാര്‍ ശമ്പളക്കാരന് മാസാമാസം ഉറപ്പുള്ള വരുമാനവും ആനുകൂല്യങ്ങളും ഉണ്ട്. സാധാരണക്കാരന് അങ്ങനെയൊന്നുമില്ല. ഓണത്തിന് പുതിയ വസ്ത്രമോ വിഭവമോ വാങ്ങാന്‍ പോലും പലര്‍ക്കും ബുദ്ധിമുട്ടാണ്.
സര്‍ക്കാര്‍ ജീവനക്കാരെ ചേര്‍ത്തുപിടിക്കുന്നത് രാഷ്ട്രീയമായും പ്രായോഗികമായും മനസ്സിലാക്കാവുന്നതാണ്. അവര്‍ സംഘടിതരാണ്, വോട്ട് ബാങ്ക് ആണ്, ഭരണയന്ത്രത്തിന്റെ ഭാഗമാണ്. എന്നാല്‍, സംസ്ഥാനത്തിന്റെ ഭൂരിപക്ഷവും സാധാരണക്കാരാണ്. കര്‍ഷകര്‍, തൊഴിലാളികള്‍, സ്വയംതൊഴില്‍ ചെയ്യുന്നവര്‍, ചെറുകിട കച്ചവടക്കാര്‍, വയോജനങ്ങള്‍. അവരുടെ ഓണം ആഘോഷിക്കാന്‍ സര്‍ക്കാര്‍ എന്ത് പ്രത്യേക പാക്കേജാണ് നല്‍കുന്നത്? ജീവനക്കാരുടെ ബോണസ് പോലെ നേരിട്ടും ഉറപ്പായും ലഭിക്കുന്ന ഒന്നുമില്ല.
സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി പല ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കുമ്പോള്‍, ശമ്പളക്കാര്‍ക്കുള്ളത് നിലനിര്‍ത്തുകയോ വര്‍ധിപ്പിക്കുകയോ ചെയ്യുന്നത് ഇരട്ടത്താപ്പാണ്. ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും പൊതുഖജനാവില്‍ നിന്നാണ്. ആ പണം സാധാരണക്കാരുടെ നികുതിയും വായ്പയും കൊണ്ടാണ് വരുന്നത്. അതുകൊണ്ട് തന്നെ മുന്‍ഗണന ആര്‍ക്ക് വേണമെന്ന് ചോദിക്കേണ്ടതുണ്ട്.
ഓണം എല്ലാവരുടെയും ഉത്സവമാണ്. മാവേലി നാടുവാണീടും കാലം എന്ന് പാടുമ്പോള്‍, ഒരു വിഭാഗത്തിന് മാത്രം കൈനിറയെ നല്‍കി മറ്റുള്ളവരെ മറക്കുന്നത് ആ ആത്മാവിന് വിരുദ്ധമാണ്. സര്‍ക്കാര്‍ ജീവനക്കാരെ സംരക്ഷിക്കുന്നത് തെറ്റല്ല. പക്ഷേ, സാധാരണക്കാരെ മറന്നുകൊണ്ടുള്ള സംരക്ഷണം നീതിയല്ല. സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം എല്ലാവരും പങ്കിടണം. ആനുകൂല്യങ്ങളുടെ ഭാരവും അങ്ങനെ തന്നെ.
.jpg)

