തോട്ടട ദുരന്തത്തിൽ പാഠം പഠിച്ചില്ല ; കണ്ണൂർ ജില്ലയിൽ ന്യൂജെൻ വിവാഹ ആഭാസങ്ങൾ തുടരുന്നും
കണ്ണൂർ: കണ്ണൂർ ജില്ലയിൽ വിവാഹ ആഭാസങ്ങൾ ദുരന്തങ്ങളായി മാറുന്നത് തടയാനാവാതെ പൊലിസും നാട്ടുകാരും. വിവിധ രാഷ്ട്രീയ പാർട്ടി യുവജന സംഘടനകളു ഈ കാര്യത്തിൽ ശക്തമായി ബോധവത്ക്കരണം നടത്തിയിരുന്നുവെങ്കിലും ഫലപ്രദമായില്ല.
രണ്ടു വർഷം മുൻപാണ് തോട്ടട പന്ത്രണ്ടു കണ്ടിയിൽ വിവാഹ ആഭാസ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ വരൻ്റെ സുഹൃത്തായ ഏച്ചൂർ സ്വദേശി കൊല്ലപ്പെട്ടിരുന്നു. ബോംബേറിൽ തല ചിതറിയാണ് യുവാവ് മരിച്ചത്. ഇതിനു ശേഷം പൊലിസ് നടപടി ശക്തമാക്കിയെങ്കിലും വിവാഹ ആഭാസക്കാർ വീണ്ടും തല പൊക്കുകയായിരുന്നു.
ഇതിനു ശേഷം കണ്ണൂർ വാരത്ത് പൊതുഗതാഗതം മുടക്കി ഒട്ടകപുറത്ത് വരനെ ഇരുത്തി വിവാഹഘോഷയാത്ര നടത്തുകയും പടക്കം പൊട്ടിക്കുകയും ചെയ്ത സംഘത്തിനെതിരെ പൊലിസ് കേസെടുത്തിരുന്നു. വരൻ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തത്.