ഭാര്യയ്ക്കും കുഞ്ഞിനും ജീവനാംശം നൽകാതിരിക്കുന്നത് സാമ്പത്തിക പീഡനം; അത് ഗാർഹിക പീഡനത്തിന്റെ ഭാഗമാണ്: കേരള ഹൈക്കോടതി
ഗാർഹിക പീഡനം എന്നത് ശാരീരിക മർദനത്തിൽ മാത്രം ഒതുങ്ങുന്നതല്ല. ഭാര്യയെയും മക്കളെയും നിയമപരമായി സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ട ബാധ്യത മനഃപൂർവം നിറവേറ്റാതിരിക്കുന്നത് സാമ്പത്തിക പീഡനത്തിന്റെ (Economic Abuse) ഭാഗമാണെന്നും, അത് ഗാർഹിക പീഡനമായി (Domestic Violence) കണക്കാക്കപ്പെടുമെന്നും കേരള ഹൈക്കോടതി സുപ്രധാനമായ വിധിയിൽ വ്യക്തമാക്കി.
ഈ നിരീക്ഷണം നടത്തിയത് Justice Jobin Sebastian ആണ്.
കേസ്: Shameer B.L. v. State of Kerala & Others
Criminal Revision Petition No. 268 of 2026
Citation: 2026:KER:45092
വിധി: 17 ജൂൺ 2026
കേസിന്റെ പശ്ചാത്തലം
ഭർത്താവ് തന്നെ നോക്കുന്നില്ലെന്നും, കുഞ്ഞ് ജനിച്ചതിനുശേഷം ഭർത്താവ് കുഞ്ഞിനെ കാണുകയോ പരിപാലിക്കുകയോ ചെയ്തിട്ടില്ലെന്നും, പ്രസവാനന്തര ശുശ്രൂഷകൾക്കുള്ള ചെലവ് പോലും നൽകിയിട്ടില്ലെന്നും ആരോപിച്ച് ഭാര്യ Protection of Women from Domestic Violence Act, 2005 പ്രകാരം മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. എന്നാൽ മജിസ്ട്രേറ്റ് കോടതി ഹർജി തള്ളുകയായിരുന്നു.
തുടർന്ന് ഭാര്യ സെഷൻസ് കോടതിയിൽ അപ്പീൽ നൽകി. തെളിവുകൾ വിലയിരുത്തിയ സെഷൻസ് കോടതി, മജിസ്ട്രേറ്റിന്റെ ഉത്തരവ് മാറ്റി താഴെ പറയുന്ന ആശ്വാസങ്ങൾ അനുവദിച്ചു:
- ഭാര്യയ്ക്ക് പ്രതിമാസം ₹10,000 ജീവനാംശം.
- മകൾക്ക് പ്രതിമാസം ₹7,500 ജീവനാംശം.
- പ്രസവാനന്തര ചെലവിനായി ₹50,000.
- ഭാര്യയുടെ 10 പവൻ സ്വർണം തിരികെ നൽകുക; സാധ്യമല്ലെങ്കിൽ അതിന്റെ നിലവിലെ വിപണി വില നൽകുക.
ഈ ഉത്തരവിനെതിരെ ഭർത്താവ് കേരള ഹൈക്കോടതിയിൽ ക്രിമിനൽ റിവിഷൻ പെറ്റീഷൻ സമർപ്പിച്ചു.
ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം
ഹൈക്കോടതി ഭർത്താവിന്റെ വാദങ്ങൾ അംഗീകരിച്ചില്ല. ഭാര്യയ്ക്കും പ്രായപൂർത്തിയാകാത്ത മകൾക്കും ജീവനാംശം നൽകാതിരിക്കുകയും, അവരെ സാമ്പത്തികമായി അവഗണിക്കുകയും ചെയ്യുന്നത് സാമ്പത്തിക പീഡനമാണെന്നും, അത് ഗാർഹിക പീഡന നിയമത്തിന്റെ പരിധിയിൽ വരുന്ന ഡൊമസ്റ്റിക് വയലൻസാണെന്നും കോടതി വ്യക്തമാക്കി.
കോടതിയുടെ ശ്രദ്ധേയമായ നിരീക്ഷണം:
«"Non-payment of maintenance to a wife and children ipso facto constitutes an economic abuse, and the same will certainly constitute domestic violence."»
അതായത്, ഭാര്യയ്ക്കും മക്കൾക്കും ജീവനാംശം നൽകാതിരിക്കുന്നത് തന്നെ സാമ്പത്തിക പീഡനമാണ്; അത്തരം സാമ്പത്തിക പീഡനം ഗാർഹിക പീഡനത്തിന്റെ ഭാഗമാണെന്ന് കോടതി വ്യക്തമാക്കി.ഇതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി ഭർത്താവിന്റെ ക്രിമിനൽ റിവിഷൻ പെറ്റീഷൻ തള്ളുകയും സെഷൻസ് കോടതിയുടെ ഉത്തരവ് ശരിവെക്കുകയും ചെയ്തു.
ഈ വിധിയുടെ പ്രാധാന്യം
ഈ വിധി കുടുംബനിയമ രംഗത്ത് ഏറെ പ്രസക്തമാണ്. വിവാഹബന്ധം തകരുകയോ ദമ്പതികൾ വേർപിരിഞ്ഞ് താമസിക്കുകയോ ചെയ്താലും, ഭാര്യയോടും മക്കളോടും ഉള്ള നിയമപരമായ സാമ്പത്തിക ബാധ്യത അവസാനിക്കുന്നില്ല. ആ ബാധ്യത മനഃപൂർവം നിറവേറ്റാതിരിക്കുന്നത് ഒരു സാധാരണ സാമ്പത്തിക വീഴ്ച മാത്രമല്ല; Protection of Women from Domestic Violence Act, 2005 പ്രകാരമുള്ള സാമ്പത്തിക പീഡനവും ഗാർഹിക പീഡനവും ആണെന്ന് കേരള ഹൈക്കോടതി ഈ വിധിയിലൂടെ വീണ്ടും ഊന്നിപ്പറയുന്നു
അഡ്വ. വിമല ബിനു
(കേരളഹൈക്കോടതി അഭിഭാഷക)
വെബ്സൈറ്റ്; https://vimalabinuassociates.in
.jpg)

