തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, തമ്പുരാൻ നഗർ ഭാഗങ്ങളിലേക്ക് പോകുന്ന ഇടിഞ്ഞ റോഡ് പൂർവ്വ സ്ഥിതിയിലാക്കാൻ നടപടിയില്ല; നിരാഹാര സമരം പ്രഖ്യാപിച്ച് നാട്ടുകാർ
തളിപ്പറമ്പ് : ദേശീയപാതയിൽ ചിറവക്കിൽ നിന്ന് രാജരാജേശ്വര ക്ഷേത്രം, തമ്പുരാൻ നഗർ ഭാഗങ്ങളിലേക്ക് പോകുന്ന റോഡ് തകർന്ന് ആഴ്ചകൾ പിന്നിട്ടിട്ടും നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു.
റോഡ് പൂർവ്വസ്ഥിതിയിലാക്കുന്ന പ്രവൃത്തി തിങ്കളാഴ്ചയ്ക്കകം ആരംഭിച്ചില്ലെങ്കിൽ ചൊവ്വാഴ്ച മുതൽ നിരാഹാര സമരം നടത്താനാണ് പ്രദേശവാസികളുടെ തീരുമാനം.സ്ഥലമുടമകൾ 10 മീറ്ററിലധികം ഉയരത്തിൽ റോഡിൽ നിന്ന് ഒരടി പോലും വിടാതെ മണ്ണെടുത്തതാണ് 20 മീറ്ററോളം നീളത്തിൽ റോഡ് ഇടിയാൻ ഇടയാക്കിയത്.

ഇതിനെ തുടർന്ന് ഇതുവഴി ഗതാഗതം പൂർണ്ണമായും തടസപ്പെട്ടിരിക്കുകയാണ്. വൈദ്യുതി തൂണുകളും അപകടാവസ്ഥയിലാണ്.സ്ഥലമുടമയിൽ നിന്ന് പിഴയീടാക്കാനും റോഡ് പൂർവ്വ സ്ഥിതിയിലാക്കാൻ 10 മീറ്റർ ഉയരത്തിൽ കോൺക്രീറ്റ് ഭിത്തി നിർമ്മിക്കാൻ നിർദ്ദേശം നൽകാനും നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു.
എന്നാൽ ആഴ്ച്ചകൾക്ക് ശേഷവും പ്രവൃത്തി തുടങ്ങാത്തതാണ് ഇപ്പോൾ പ്രതിഷേധത്തിനിടയാക്കിയത്. വാർഡ് കൗൺസിലർ ലതികയുടെയും റസിഡൻസ് അസോസിയേഷൻ ഭാരവാഹികളുടെയും നേതൃത്വത്തിൽ നാട്ടുകാർ ഇന്നലെ എം.എൽ.എയെ കണ്ട് നിവേദനം നൽകി.

തിങ്കളാഴ്ചയ്ക്കകം സ്വകാര്യ വ്യക്തി നിർമ്മാണം തുടങ്ങിയില്ലെങ്കിൽ ചൊവ്വാഴ്ച രാവിലെ മുതൽ ഹാപ്പിനസ് സ്ക്വയറിൽ നിരാഹാര സമരം ആരംഭിക്കുവാനാണ് തീരുമാനം. അതേ സമയം സ്ഥലം സന്ദർശിച്ച ശേഷം എം.എൽ.എ നടത്തിയ ഇടപെടലിനെ തുടർന്ന് ഡെപ്യൂട്ടി കളക്ടറും റോഡ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയറും ഉൾപ്പെടുന്ന വിദഗ്ധ സംഘം ഇന്ന് സ്ഥലം സന്ദർശിക്കുന്നുണ്ട്.
.jpg)

