8 മുതല്‍ പ്ലസ് ടു വരെ കഴിയാന്‍ വെറും 9 മാസം, 15-ാം വയസില്‍ എഞ്ചിനീയര്‍, അതി ബുദ്ധിമാനായ ഇന്ത്യന്‍ ബാലന്‍

അഹമ്മദാബാദ്: നമ്മളില്‍ മിക്കവരും ഏകദേശം 17 വയസ്സില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും 20-23 വയസ്സില്‍ ബിരുദം നേടുകയും ചെയ്യുന്നവരാണ്. എന്നാല്‍ ഗുജറാത്തിലെ ജാംനഗറില്‍ നിന്നുള്ള ഈ അത്ഭുത ബാലന്റെ കഥ ആരേയും അമ്പരപ്പിക്കും. നിര്‍ഭയ് താക്കര്‍ എന്ന വിദ്യാര്‍ത്ഥി നേരത്തെ തന്നെ തന്റെ ബുദ്ധിസാമര്‍ത്ഥ്യം കൊണ്ട് വാര്‍ത്തകളില്‍ ഇടംനേടിയിട്ടുണ്ട്.
പ്രായം 15 ആകുമ്പോഴേക്കും ബാച്ചിലര്‍ ഓഫ് എഞ്ചിനീയറിംഗ് ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കിയ നിര്‍ഭയ് താക്കര്‍ ഇപ്പോള്‍ ഐഐടിയിലാണ്. 2015-16 അധ്യയന വര്‍ഷത്തില്‍ 8-10 ക്ലാസുകള്‍ പാസാകാന്‍ നിര്‍ഭയ് എടുത്തത് വെറും ആറ് മാസമാണ്. പിന്നീട് 11, 12 സ്റ്റാന്‍ഡേര്‍ഡുകളിലേക്ക് വെറും 3 മാസവും. അതായത് 8-ാം ക്ലാസില്‍ നിന്നും പ്ലസ് ടു വരെ കഴിയാനെടുത്തത് വെറും 9 മാസം.
2002-ല്‍ ജനിച്ച നിര്‍ഭയ് 13-ാം വയസ്സില്‍ എച്ച്എസ്സി പൂര്‍ത്തിയാക്കി. 15-ാം വയസ്സില്‍ ഗുജറാത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എഞ്ചിനീയറായി. 4 വര്‍ഷത്തെ ഡിഗ്രി കോഴ്സില്‍ വിജയിക്കാന്‍ ഒരു വര്‍ഷം മാത്രമാണെടുത്തത്. ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷ (മെയിന്‍) എഴുതിയ നിര്‍ഭയ് 2018 ലാണ് ഗുജറാത്ത് ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് എഞ്ചിനീയറിംഗില്‍ ബിരുദം നേടുന്നത്.
ഇതിന് പിന്നാലെ നിര്‍ഭയ് കൂടുതല്‍ ഡിഗ്രികള്‍ നേടാനുള്ള ശ്രമത്തിലാണ്. മൂന്ന് വര്‍ഷത്തിനുള്ളില്‍ 10 എഞ്ചിനീയറിംഗ് ബിരുദങ്ങള്‍ നേടാനായിരുന്നു ശ്രമം. ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, കമ്പ്യൂട്ടര്‍, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് ഓട്ടോമേഷന്‍, കെമിക്കല്‍ തുടങ്ങിയ ബ്രാഞ്ചുകളെല്ലാം നിര്‍ഭയ് യുടെ പഠന വിഷയമായണ്.
നിര്‍ഭയുടെ അക്കാദമിക് ഉയര്‍ച്ചയെ നയിച്ചത് എഞ്ചിനീയറായ അച്ഛന്‍ ധവല്‍ താക്കറും ഡോക്ടറായ അമ്മയുമാണ്. അതിബുദ്ധിയുള്ള വിദ്യാര്‍ത്ഥികളെ ചുരുങ്ങിയ സമയത്തിനുള്ളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ അനുവദിക്കുന്ന ഇന്റര്‍നാഷണല്‍ ജനറല്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (IGCSE) പ്രകാരമാണ് നിര്‍ഭയ് തന്റെ സ്‌കൂള്‍ വിദ്യാഭ്യാസം നടത്തിയത്.
ഗാന്ധിനഗറിലെ പ്രശസ്തമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (ഐഐടി) ഗവേഷണത്തിലും പ്രൊഡക്ട് ഡവലപ്പ്‌മെന്റിലും പ്രവര്‍ത്തിക്കാന്‍ നിര്‍ഭയ് ചേര്‍ന്നിരുന്നു. പ്രതിരോധ മേഖലയിലെ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കാനാണ് ആഗ്രഹം. 10 എന്‍ജിനീയറിങ് ബിരുദങ്ങള്‍ക്ക് പുറമെ പിഎച്ച്ഡിയും ചെയ്യണമെന്നുണ്ട്.
എങ്ങിനെയാണ് തനിക്ക് പരീക്ഷകളെല്ലാം എളുപ്പമാകുന്നതെന്ന് നിര്‍ഭയ് പറയുന്നുണ്ട്. നിങ്ങള്‍ എന്താണ് വായിക്കുന്നതെന്ന് മനസിലാക്കിയാല്‍ നിങ്ങള്‍ക്ക് ഏത് പരീക്ഷയും പാസാക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു, ഒറ്റനോട്ടത്തില്‍ പഠിക്കുന്നത് ഒരിക്കലും സഹായിക്കില്ല. അങ്ങനെയാണ് ഞാന്‍ എന്റെ സ്‌കൂള്‍ വിദ്യാഭ്യാസവും ജൂനിയര്‍ കോളേജും പാസാക്കിയത്. ആറാം ക്ലാസ് വരെ ഞാന്‍ സിബിഎസ്ഇ സ്‌കൂളിലായിരുന്നു.
ആറാം ക്ലാസ് പൂര്‍ത്തിയാകുന്നത് വരെ ഒരു മത്സരത്തിലും പങ്കെടുക്കാന്‍ ആ സ്‌കൂള്‍ അനുവദിച്ചിരുന്നില്ല. അതിനാല്‍, ഞാന്‍ സ്‌കൂള്‍ മാറാന്‍ തീരുമാനിച്ചു. ഒരു ഐജിസിഎസ്ഇ സ്‌കൂളില്‍ പ്രൈവറ്റ് കാന്‍ഡിഡേറ്റായി ഞാന്‍ അഡ്മിഷന്‍ എടുത്തു. ഒരു വര്‍ഷം കൊണ്ട് അഞ്ച് ഗ്രേഡുകള്‍ നേടാന്‍ അത് സഹായിച്ചെന്നും നിര്‍ഭയ് പറഞ്ഞു.