ഇലക്ടറല്‍ ബോണ്ട് ലോകത്തിലെ ഏറ്റവും വലിയ അഴിമതിയെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്റെ ഭര്‍ത്താവ്

nirmala sitharaman

 

ന്യൂഡല്‍ഹി: ദിവസങ്ങള്‍ക്കു മുന്‍പ് പുറത്തുവന്ന ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ ലോകത്തെ ഏറ്റവും വലിയ അഴിമതിയിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധനും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവുമായ പരകാല പ്രഭാകര്‍.

ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായാണ് അദ്ദേഹം രംഗത്തെത്തിയത്. ഇലക്ടറല്‍ ബോണ്ട് വിഷയം വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് ബിജെപിക്ക് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ലോകത്തിലെ ഏറ്റവും വലിയ അഴിമതിയാണിതെന്നും പരകാല പ്രഭാകര്‍ വ്യക്തമാക്കി.

ഇലക്ടറല്‍ ബോണ്ട് വിഷയം അതിന്റെ നിലവിലെ അവസ്ഥയ്ക്ക് അപ്പുറത്തേക്ക് പ്രാധാന്യമര്‍ഹിക്കുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ തട്ടിപ്പ് മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും വലിയ അഴിമതിയാണിത്. ഇപ്പോള്‍ പോരാട്ടം രണ്ട് സഖ്യങ്ങള്‍ തമ്മിലല്ല. ബിജെപിയും ഇന്ത്യയിലെ ജനങ്ങളും തമ്മിലാണ്. ബിജെപിയുടെയും ബിജെപി സര്‍ക്കാറിന്റെയും നിയന്ത്രണത്തില്‍ നിന്ന് അത് ഇതിനകം തന്നെ പുറത്തായിക്കഴിഞ്ഞു. ഈ വിഷയം സര്‍ക്കാരിനെ വോട്ടര്‍മാര്‍ കഠിനമായി ശിക്ഷിക്കാന്‍ ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സുപ്രിം കോടതിയുടെ നിര്‍ദ്ദേശങ്ങളെത്തുടര്‍ന്ന്, തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫ് ഇന്ത്യ ഇലക്ടറല്‍ ബോണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ദിവസങ്ങള്‍ക്കു മുന്‍പാണ് അവരുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. ഈ കണക്കുകള്‍ പ്രകാരം 2019 ഏപ്രില്‍ 12 നും 2024 ഫെബ്രുവരി 15 നും ഇടയില്‍ 6,986.5 കോടി രൂപ സ്വീകരിച്ച ബിജെപിയാണ് ഏറ്റവും കൂടുതല്‍ പണം ഇലക്ടറല്‍ ബോണ്ടുകളിലൂടെ നേടിയെടുത്തത്. പശ്ചിമ ബംഗാളില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് 1,397 കോടിയും കോണ്‍ഗ്രസിന് 1,334 കോടിയും ബിആര്‍എസ്സിന് 1,322 കോടിയും ലഭിച്ചു.

 

Tags