ഡൽഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിർമ്മിച്ച നൈജീരിയൻ, ക്യാമറൂണിയൻ സ്വദേശിനികൾ പിടിയിൽ; കണ്ണൂർ സിറ്റി പൊലീസിന്റെ സിനിമയെ വെല്ലുന്ന അന്വേഷണ വിജയം

Nigerian and Cameroonian nationals arrested for manufacturing MDMA in Delhi; a cinematic investigative triumph by the Kannur City Police.

അന്താരാഷ്ട്ര ലഹരി മാഫിയയുടെ വേരുകൾ തേടിയുള്ള കണ്ണൂർ പൊലീസിന്റെ സിനിമയെ വെല്ലുന്ന അന്വേഷണമാണ് ഒടുവിൽ പ്രതികളിൽ എത്തിച്ചേർന്നത്

  
കണ്ണൂർ: ഡൽഹി കേന്ദ്രീകരിച്ച മാരക ലഹരിവസ്തുവായ എംഡിഎംഎ നിർമ്മിച്ച് നൽകിയിരുന്ന വിദേശ വനിതകളെ കണ്ണൂർ സിറ്റി പൊലീസ് സ്ക്വാഡ് സാഹസികമായി പിടികൂടി. നൈജീരിയൻ സ്വദേശിനിയായ ചിനെലോ ലിലിയൻ (36), ക്യാമറൂണിയൻ സ്വദേശിനിയായ ഫിലോമെനെ ചാൻസെലിൻ (30) എന്നിവരാണ്  ഡൽഹി ബുരാരിയിൽ വെച്ച് പിടിയിലായത്. അന്താരാഷ്ട്ര ലഹരി മാഫിയയുടെ വേരുകൾ തേടിയുള്ള കണ്ണൂർ പൊലീസിന്റെ സിനിമയെ വെല്ലുന്ന അന്വേഷണമാണ് ഒടുവിൽ പ്രതികളിൽ എത്തിച്ചേർന്നത്.ന്യൂമാഹിയിൽ വെച്ച് 0.6 ഗ്രാം എംഡിഎംഎയുമായി രജിനാസ് എന്നയാൾ പിടിയിലായതാണ് കേസിൽ നിർണ്ണായക വഴിത്തിരിവായത്.

Nigerian and Cameroonian nationals arrested for manufacturing MDMA in Delhi; a cinematic investigative triumph by the Kannur City Police.

ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് ലഹരി എത്തിച്ചത് മുഹമ്മദ് സമീലാണെന്ന് വ്യക്തമാവുകയും, തുടർന്ന് സമീലിന്റെ വീട്ടിൽ നിന്നും വാഹനത്തിൽ നിന്നുമായി 185 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു. സമീലിന്റെ ഫോൺ-ബാങ്ക് രേഖകൾ പരിശോധിച്ചതോടെയാണ് 'തബു' എന്ന മുജിതാബയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്. ലഹരി ഇടനിലക്കാർ വഴി ആളൊഴിഞ്ഞ കേന്ദ്രങ്ങളിൽ എംഡിഎംഎ ഒളിപ്പിച്ചുവെച്ച് ലൊക്കേഷൻ മാത്രം കൈമാറുന്ന ഹൈടെക് രീതിയാണ് തബു അനുവർത്തിച്ചിരുന്നത്. ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ ബംഗളൂരുവിൽ വെച്ച് തബുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഡൽഹിയിൽ നിന്ന് പാർസൽ വഴിയാണ് ഇവർ നാട്ടിലേക്ക് ലഹരി കടത്തിയിരുന്നത്. കേരള പൊലീസിന്റെ കൃത്യമായ വിവരകൈമാറ്റത്തെ തുടർന്ന് തബുവിന്റെ കൂട്ടാളി അർഷാദ് അലിയെ 800 ഗ്രാം എംഡിഎംഎയുമായി ഹരിയാന പൊലീസ് ഗുരുഗ്രാമിൽ വെച്ച് പിടികൂടിയിരുന്നു. പിന്നാലെ ലഹരി വ്യാപാരത്തിന് വ്യാജ രേഖകളും സിം കാർഡുകളും മ്യൂൽ അക്കൗണ്ടുകളും ഒരുക്കി നൽകിയ അബ്ദുൾ റഹ്മാൻ, എറണാകുളം സ്വദേശി റിഷാദ് എന്നിവരും പിടിയിലായി.  

ഈ കണ്ണിയിലൂടെ ലഭിച്ച തെളിവുകളാണ് ഡൽഹിയിൽ ഇരുന്ന് എംഡിഎംഎ നിർമ്മിച്ചു നൽകിയിരുന്ന വിദേശ വനിതകളിലേക്ക് പൊലീസിനെ എത്തിച്ചത്. പ്രതികൾ സിമ്മുകൾ നിരന്തരം മാറ്റിയും ഇരുപതോളം ബാങ്ക് അക്കൗണ്ടുകൾ വഴിയും കോടികളുടെ ഇടപാടുകളാണ് നടത്തിയിരുന്നത്. കണ്ണൂർ സിറ്റി പോലീസിന്റെ സ്‌ക്വാഡ് അംഗങ്ങൾ 10 ദിവസത്തോളം ഡൽഹിയിൽ താമസിച്ചുള്ള സാഹസികമായ അന്വേഷണത്തിലാണ് പ്രതികളിലേക്ക് എത്തിച്ചെന്നത്.

കണ്ണൂർ റേഞ്ച് ഡിഐജി കെ കാർത്തിക് ഐപിഎസ്‌, കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡി ഐപിഎസ് എന്നിവരുടെ നിർദേശപ്രകാരം തലശ്ശേരി എഎസ്‌പി ഡോ. എം. നന്ദഗോപൻ  ഐപിഎസ്സിന്റെ നേതൃത്വത്തിലാണ് കണ്ണൂർ ഡാൻസാഫ്  സ്ക്വാഡ്, തലശ്ശേരി എഎസ്‌പി സ്ക്വാഡ്, തലശ്ശേരി പൊലീസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. ലഹരി മാഫിയക്കെതിരെയുള്ള കണ്ണൂർ പൊലീസിന്റെ വിട്ടുവീഴ്ചയില്ലാത്ത നടപടി തുടരുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.

Tags