നവീന്‍ ബാബുവിന്റെ മരണം, കൈക്കൂലി ആരോപണത്തില്‍ സാഹചര്യത്തെളിവുകളുണ്ടെന്ന് കുറ്റപത്രം, പ്രശാന്തനുമായി ഫോണില്‍ സംസാരിച്ചു, കൂടിക്കാഴ്ച നടത്തി, ദിവ്യ നിയമ നടപടി സ്വീകരിച്ചില്ല

Naveen Babu PP Divya
Naveen Babu PP Divya

പെട്രോള്‍ പമ്പിന് അപേക്ഷിച്ച ടി വി പ്രശാന്തന്‍ കേസില്‍ 43 ആം സാക്ഷിയാണ്. ആകെ 79 സാക്ഷികളാണ് ഉള്ളത്. 97 പേരുടെ മൊഴി രേഖപ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി പി ദിവ്യയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന കുറ്റപത്രം സമര്‍പ്പിച്ച് പോലീസ്. ദിവ്യയാണ് കേസിലെ ഏക പ്രതിയെന്ന് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

നവീന്‍ ബാബു മരിച്ച് അഞ്ചുമാസത്തിന് ശേഷമാണ് പ്രത്യേക അന്വേഷണ സംഘം നൂറിലേറെ പേജുള്ള കുറ്റപത്രം സമര്‍പ്പിക്കുന്നത്. പ്രശാന്തന്‍ നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന് പരോക്ഷമായി സൂചിപ്പിക്കുന്ന ദിവ്യയുടെ പ്രസംഗം അദ്ദേഹത്തെ മാനസിക സമ്മര്‍ദ്ദത്തിലാക്കിയെന്ന് പോലീസ് പറയുന്നു.

നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന കാര്യത്തില്‍ ദിവ്യ പിന്നീട് ഉറച്ചുനിന്നു. ഇതനെ സാധൂകരിക്കുന്ന തെളിവുകളുണ്ടെന്ന് അവര്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇത് പുറത്തുവിട്ടില്ല. പോലീസ് അന്വേഷണത്തിലും ദിവ്യയുടെ ആരോപണം ശരിവെക്കുന്ന സാഹചര്യ തെളിവുകളുണ്ടെന്ന് വ്യക്തമാക്കുന്നു.

നവീന്‍ ബാബുവും പെട്രോള്‍ പമ്പിനായി അപേക്ഷിച്ച പ്രശാന്തനും ഒട്ടേറെ തവണ ഫോണില്‍ സംസാരിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ഇരുവരും പള്ളിക്കുന്നില്‍ വെച്ച് കൂടിക്കാഴ്ച നടത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന് പറയപ്പെടുന്ന ദിവസത്തിന്റെ തലേദിവസം പ്രശാന്തന്‍ ബാങ്കില്‍ നിന്നും പണം പിന്‍വലിച്ചതായും പോലീസ് കണ്ടെത്തി.

എന്‍ഒസി അനുവദിക്കും മുന്‍പ് പ്രശാന്തന്‍ ക്വാര്‍ട്ടേഴ്‌സിലെത്തി നവീന്‍ ബാബുവിനെ കണ്ടിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അതേസമയം പ്രശാന്തന്‍ നവീന്‍ ബാബുവിന് പണം കൈമാറിയതിന് നേരിട്ടുള്ള തെളിവുകള്‍ ഇല്ല. സാധൂകരണ തെളിവുകള്‍ ഉണ്ടെങ്കിലും സ്വീകരിക്കേണ്ട നിയമ നടപടി ദിവ്യ സ്വീകരിച്ചില്ല. പൊതുമധ്യത്തില്‍ ഉന്നയിക്കും മുമ്പ് എവിടെയും പരാതി അറിയിച്ചില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു.

യാത്രയയപ്പ് വേളയിലുണ്ടായ അഴിമതി ആരോപണം തുടര്‍ന്നുള്ള ഔദ്യോഗിക ജീവിതത്തില്‍ ഗുരുതര വേട്ടയാടല്‍ ഉണ്ടാകുമെന്ന് നവീന്‍ ബാബു ഭയപ്പെട്ടതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് പോലീസ് കണ്ടെത്തല്‍. തെളിവുകള്‍ ലഭിച്ചിട്ടും അതില്‍ പരാതി നല്‍കാതെ പൊതുസമൂഹത്തിന് മുന്നില്‍ കുറ്റക്കാരനാക്കാനായിരുന്നു ദിവ്യ ശ്രമിച്ചത്. ഇതിനായി മാധ്യമങ്ങളെ ക്ഷണിച്ചുവരുത്തിയതും ദിവ്യയാണ്.

പെട്രോള്‍ പമ്പിന് അപേക്ഷിച്ച ടി വി പ്രശാന്തന്‍ കേസില്‍ 43 ആം സാക്ഷിയാണ്. ആകെ 79 സാക്ഷികളാണ് ഉള്ളത്. 97 പേരുടെ മൊഴി രേഖപ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ശാസ്ത്രീയ തെളിവുകളായി സിസിടിവി ദൃശ്യങ്ങളും ഫോണ്‍ രേഖകളും ഉള്‍പ്പെടെ ശേഖരിച്ചിരുന്നു.

 

Tags

News Hub