നവീന്‍ ബാബു കേസില്‍ സിബിഐ ഇനി എന്താണ് അന്വേഷിക്കാനുള്ളത്, കൈക്കൂലി വാങ്ങിയെന്ന ആരോപണം എന്താകും?

naveen babu pp divya

കുടുംബം ആവശ്യപ്പെട്ട സിബിഐ അന്വേഷണം എല്‍ഡിഎഫ് ഭരണകാലത്ത് ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നു. യുഡിഎഫ് അധികാരത്തിലെത്തിയതോടെ സിബിഐയ്ക്ക് വിട്ടു.

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം കെ. നവീന്‍ ബാബുവിന്റെ മരണം കേരള രാഷ്ട്രീയത്തില്‍ വീണ്ടും ചര്‍ച്ചാവിഷയമാവുകയാണ്. മുതിര്‍ന്ന ഒരു ഉദ്യോഗസ്ഥന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ഉയര്‍ന്ന വിവാദം ഇപ്പോള്‍ സിബിഐ അന്വേഷണത്തിലെത്തിയിരിക്കുകയാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ കേസ് സിബിഐയ്ക്ക് വിട്ടത് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണവും ശക്തമാണ്.

പത്തനംതിട്ടയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ട നവീന്‍ ബാബിന്റെ ഫെയര്‍വെല്‍ ഫംഗ്ഷനില്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന സിപിഎം നേതാവ് പി.പി. ദിവ്യ അനധികൃതമായി എത്തി അദ്ദേഹത്തിന്റെ നേരെ കൈക്കൂലി ആരോപണം ഉന്നയിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചത്. ഒരു പെട്രോള്‍ പമ്പിന്റെ എന്‍ഒസി നല്‍കുന്നത് വൈകിപ്പിച്ചെന്നും കൈക്കൂലി നല്‍കിയതോടെ അത് ലഭിച്ചുവെന്നുമാണ് ദിവ്യയുടെ ആരോപണം.

നവീന്‍ ബാബു ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പമ്പ് ഉടമ പ്രശാന്തന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായി അവകാശവാദമുണ്ടായിരുന്നു. എന്നാല്‍, റവന്യൂ വകുപ്പിന്റെ അന്വേഷണം കൈക്കൂലിയോ ക്രമവിരുദ്ധതയോ തെളിയിച്ചില്ല. നവീന്‍ ബാബുവിന്റെ കുടുംബം ഇതിനെ രാഷ്ട്രീയ ഗൂഢാലോചനയായി കണ്ടു.

കുടുംബം ആവശ്യപ്പെട്ട സിബിഐ അന്വേഷണം എല്‍ഡിഎഫ് ഭരണകാലത്ത് ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നു. യുഡിഎഫ് അധികാരത്തിലെത്തിയതോടെ സിബിഐയ്ക്ക് വിട്ടു.

ഈ കേസില്‍ ഇനി എന്താണ് തെളിയിക്കപ്പെടേണ്ടതെന്നത് വ്യക്തമല്ല. കേസിലെ ഏക പ്രതി ദിവ്യയാണ്. ദിവ്യയുടെ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതായിരിക്കും സിബിഐ പരിശോധിക്കുക.

റവന്യൂ വകുപ്പ് അന്വേഷണത്തില്‍ കൈക്കൂലി തെളിയിക്കപ്പെട്ടില്ല. പോലീസ് ആത്മഹത്യയായി രേഖപ്പെടുത്തി. പുതിയ തെളിവുകള്‍ ഇല്ലാതെ സിബിഐയെ വിളിക്കുന്നത് കുടുംബത്തിന്റെ ആവശ്യപ്രകാരം മാത്രമാണ്.

നവീന്‍ ബാബു കേസ് സിബിഐയ്ക്ക് വിടുന്നത് സംഭവം സജീവ ചര്‍ച്ചയാക്കിമാറ്റും. ഇതുതന്നെയാകണം യുഡിഎഫ് ലക്ഷ്യമിട്ടിരിക്കുക എന്നാണ് സിപിഎമ്മിന്റെ ആരോപണം.

Tags