രാജ്യത്തെ മൂന്നു പരീക്ഷകള്‍ താറുമാറായി, 40 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളേയും കുടുംബത്തേയും ബാധിക്കുന്നത്, ഇതെന്ത് സര്‍ക്കാരാണെന്ന് സോഷ്യല്‍ മീഡിയ

Neet

വര്‍ഷങ്ങളോളമുള്ള പഠനം കേന്ദ്ര സര്‍ക്കാരിന്റെ കെടുകാര്യസ്ഥതമൂലം തുലാസിലായി. യാതൊരു മുന്നൊരുക്കവുമില്ലാതെയാണ് പരീക്ഷ നടത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ന്യൂഡല്‍ഹി: രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളേയും അവരുടെ ഭാവിയേയും ബാധിക്കുന്ന നിര്‍ണായകമായ മൂന്ന് പരീക്ഷകളാണ് താറുമാറായതെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെജെ ജേക്കബ്. വര്‍ഷങ്ങളോളമുള്ള പഠനം കേന്ദ്ര സര്‍ക്കാരിന്റെ കെടുകാര്യസ്ഥതമൂലം തുലാസിലായി. യാതൊരു മുന്നൊരുക്കവുമില്ലാതെയാണ് പരീക്ഷ നടത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കെജെ ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

രാജ്യത്തെ മൂന്നു പ്രധാനപ്പെട്ട പരീക്ഷകളാണ് ആകെ താറുമാറായിരിക്കുന്നത്. 

ഒന്ന്: സി ബി എസ് ഇ യുടെ പന്ത്രണ്ടാം ക്ളാസ് പരീക്ഷ. രാജ്യമൊട്ടാകെ 17 ലക്ഷം കുട്ടികള്‍ എഴുതിയ പരീക്ഷയാണ്. കുട്ടികള്‍ എഴുതിയ ഉത്തരക്കടലാസ് നേരിട്ട് നോക്കുന്നതിനു പകരം അവ സ്‌കാന്‍ ചെയ്തു പി ഡി എഫ് ഫയലാക്കി അത് മൂല്യനിര്‍ണ്ണയം നടത്തുന്ന പരിപാടി യാതൊരു മുന്നൊരുക്കവുമില്ലാതെ നടപ്പാക്കിയതാണ് വിഷയം. പ്രതീക്ഷിച്ചതിലും വലിയ തോതില്‍ മാര്‍ക്ക് കുറഞ്ഞതുകണ്ടപ്പോള്‍ പുനര്‍മൂല്യനിര്ണയത്തിനു അപേക്ഷിക്കാന്‍ ശ്രമിച്ച കുട്ടികള്‍ കണ്ടത് രാജ്യത്തു ഇതുവരെ കണ്ടിട്ടില്ലാത്ത കെടുകാര്യസ്ഥത, തോന്ന്യാസം.   

പുനര്‍മൂല്യനിര്ണയത്തിനു അപേക്ഷിക്കണമെങ്കില്‍ ഉത്തരക്കടലാസിന്റെ കോപ്പി വേണം; അത് കിട്ടണമെങ്കില്‍ ഓരോ വിഷയത്തിനും നൂറു രൂപ വച്ച് അടയ്ക്കണം. ആരുടെ കുറ്റത്തിന് എന്ന ചോദ്യം പോലുമില്ല. പണം  അടയ്ക്കാന്‍ നോക്കിയാല്‍ അത് പറ്റുന്നില്ല. പലപ്പോഴും സൈറ്റ് അപ്രത്യക്ഷമാകുന്നു, അവസാന നിമിഷം വരെ എത്തിയപ്പോള്‍ ആദ്യ പേജിലേക്ക് പോകുന്നു. 

അങ്ങിനെ ഒരു വിധം അടച്ചു കിട്ടിയ പേപ്പറുകള്‍  നോക്കിയ കുട്ടികള്‍, ആയിരക്കണക്കിന് കുട്ടികള്‍, വീണ്ടും ഞെട്ടി.  അവര്‍ക്കു അവരുടെ ഉത്തരക്കടലാസല്ല കിട്ടിയത്. പലര്‍ക്കും സ്‌കാന്‍ ചെയ്തതു ഒട്ടും തെളിഞ്ഞിട്ടില്ല. പിന്നെങ്ങനെയാണ് ശരിയായ മാര്‍ക്ക് കിട്ടുന്നത്?

പിന്നീടാണ് കുട്ടികള്‍ തന്നെ ഇതിന്റെ പിറകില്‍ സംഭവിച്ചതെന്ത് എന്ന് കണ്ടുപിടിച്ചു നാട്ടുകാരോട് പറഞ്ഞത്: യാതൊരു തയ്യാറെടുപ്പുകളുമില്ലാതെ നടത്തിയ പരിഷ്‌കാരമാണ് ലക്ഷക്കണക്കിന് കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന വിധത്തില്‍ പരീക്ഷ അലങ്കോലമാക്കിയത്. അതും, ഇമ്മാതിരി പരിപാടി 2019-ല്‍ തെലങ്കാനയില്‍ നടത്തി ഫലം താറുമാറാക്കി 23 കുട്ടികളുടെ ആത്മഹത്യയിലേക്കു നയിച്ച കമ്പനി പേര് മാറിവന്നാണ് സര്‍ക്കാരില്‍നിന്നു ഈ പണി ഏറ്റെടുത്തതും ഇതൊക്കെ കാട്ടിക്കൂട്ടിയതും. സാധാരണ ഓരോ മേഖലയിലും പരീക്ഷണാടിസ്ഥാനത്തില്‍ നടത്തി പോരായ്മകള്‍ പരിഹരിച്ചു മാത്രം രാജ്യമാകെ നടപ്പാക്കേണ്ട പദ്ധതിയാണ് കുട്ടിക്കളി നടത്തി കുട്ടികളുടെ ഭാവി വച്ച് പന്താടിയത്. 
 
രണ്ട്: നീറ്റ് മെഡിക്കല്‍ പ്രവേശനപ്പരീക്ഷ. 22 ലക്ഷം കുട്ടികള്‍ എഴുതിയ പരീക്ഷ ആദ്യമായി റദ്ദാക്കി. ചോദ്യപേപ്പറിന്റെ ചില ഭാഗങ്ങള്‍ അപ്പാടെ ചോര്‍ന്നതുകൊണ്ടാണ് അങ്ങിനെ ചെയ്യേണ്ടി വന്നത്. സാധാരണ സംഭവിക്കാറുള്ളതുപോലെ ഏതെങ്കിലും ഒരു സെന്ററില്‍നിന്നു ചോര്‍ന്നുപോയി കുറച്ചുപേര്‍ക്ക് കിട്ടുന്ന ഇടപാടായിരുന്നില്ല ഇപ്രാവശ്യം. പരീക്ഷ നടത്താന്‍ ഉത്തരവാദപ്പെട്ട നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി എന്ന സര്‍ക്കാര്‍ സംവിധാനം ചോദ്യം സെറ്റ് ചെയ്യാന്‍ ഏല്പിച്ച വ്യക്തി തന്നെയാണ് ചോര്‍ത്തിയെന്ന കേസില്‍ ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.

നമ്മുടെ രാജ്യത്തു കുട്ടികള്‍ നീറ്റ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് എട്ടാം ക്ളാസ് മുതല്‍ ആരംഭിക്കും. ചില കോച്ചിങ് സെന്ററുകള്‍ അതിനു മുന്‍പും. അങ്ങിനെ ലക്ഷക്കണക്കിന് കുട്ടികള്‍ വര്ഷങ്ങളോളം ഉറക്കമിളച്ചും കഷ്ടപ്പെട്ടും പഠിച്ചെഴുതിയ പരീക്ഷയാണ് സര്‍ക്കാരിന്റെ പിടിപ്പുകേടുമൂലം റദ്ദാക്കേണ്ടി വന്നത്.  

മൂന്ന്: കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (CUET). കേന്ദ്ര സര്‍വ്വകലാശാലകളടക്കം രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സര്‍വ്വകലാശാലകളിലേയ്ക്കും കോളേജുകളിലേക്കുമുള്ള പ്രവേശനത്തിനുള്ള പരീക്ഷ. ഒന്നേകാല്‍ ലക്ഷത്തോളം കുട്ടികള്‍ എഴുതിയ പരീക്ഷയുടെ തുടക്കത്തില്‍ സാങ്കേതിക പിഴവുവന്നു. 73,000 കുട്ടികള്‍ക്ക് പരീക്ഷ തുടങ്ങാന്‍ താമസിച്ചു. ഏകദേശം 3,700 കുട്ടികള്‍ക്ക് എഴുതാനേ കഴിഞ്ഞില്ല. അവരിനിയും പുനഃപരീക്ഷയ്ക്കു ഹാജരാകണം. 

***

ഈ പരീക്ഷകളുടെ പ്രത്യേകത, ഇതില്‍ ഓരോ പരീക്ഷയും ഓരോ കുട്ടിയുടെയും ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായക പരീക്ഷയാണ്. കൊല്ലങ്ങളായുള്ള അധ്വാനമാണ് പരീക്ഷയെഴുത്തിനു പിറകില്‍. എഴുതുന്ന ഓരോ കുട്ടിയുടെയും പിറകില്‍ അവളുടെ മാതാപിതാക്കളും സഹോദരങ്ങളും ഒക്കെയുണ്ട്; ചിലപ്പോള്‍ ബന്ധുക്കളും അധ്യാപകരുമൊക്കെ. ഈ പരീക്ഷകളെ നോക്കിയിരിക്കുന്നത് എട്ടാം ക്ളാസ് മുതലുള്ള കുട്ടികളാണ്. അവരിലാണ് നമ്മുടെ നാട്ടിലെ സംവിധാനങ്ങളെക്കുറിച്ചു അവിശ്വാസമുണ്ടാക്കുന്ന പരിപാടി ഒന്നിന് പിറകെ ഒന്നായി വരുന്നത്. 

അവരില്‍ ഓരോരുത്തരും ഈ തകരാറില്‍ ആശങ്കാകുലരാണ്. രാജ്യത്തെ ഒട്ടേറെ മനുഷ്യര്‍ ആശങ്കാകുലരാണ്. സാമൂഹ്യമാധ്യമങ്ങളിലെ  പ്രതികരണങ്ങളില്‍ രോഷം കുമിഞ്ഞുപതയുകയാണ്. 
നീറ്റ് പോലെയൊരു പരീക്ഷയില്‍ കേന്ദ്രസ്ഥാനത്തുനിന്നും ചോദ്യപേപ്പര്‍ ചോരണമെങ്കില്‍ അത് എന്തിന്റെ ലക്ഷണമാണ് എന്ന് ഈ രാജ്യം എങ്ങിനെയാണ് നടക്കുന്നത് എന്നതിനെപ്പറ്റി ഏകദേശ ധാരണയുള്ളവര്‍ക്കു ഊഹിച്ചെടുക്കാം.
പാറ്റകള്‍ ഇറങ്ങുന്നതില്‍ അദ്ഭുതമില്ല. 

നമ്മുടെ നാട്ടില്‍ പക്ഷെ കാര്യമായ ചര്‍ച്ചയൊന്നുമില്ല. പിണറായി വിജയന്റെ വീട്ടില്‍നിന്നിറങ്ങിയിട്ടു വേണമല്ലോ മാധ്യമങ്ങള്‍ക്കു ഇതുപോലുള്ള ചീളുകേസുകള്‍ ചര്‍ച്ച ചെയ്യാന്‍. അതുകൊണ്ട് അതില്‍ പ്രതീക്ഷ വച്ചിട്ട് കാര്യമില്ല. 

ലക്ഷക്കണക്കിന് കുട്ടികളെ ബാധിക്കുന്ന, felt need എന്നൊക്കെ പറയാവുന്ന  ഈ വിഷയത്തില്‍, ഒരു മുദ്രാവാക്യം പോലും മുഴങ്ങികേള്‍ക്കുന്നില്ല. 

എന്റെ സംശയം, എവിടെയാണ് നമ്മുടെ നാട്ടിലെ വിദ്യാര്‍ത്ഥി സംഘടനകള്‍?

Tags