മോദിയുടെ ധ്യാനം പട്ടിണികിടന്നല്ല, ധ്യാനത്തിനിടെ കഴിക്കുക ഈ ഭക്ഷണങ്ങള്‍

vivekananda rock

 

കന്യാകൂമാരി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിലെ വിവേകാനന്ദ പാറയില്‍ ധ്യാനത്തിനെത്തിയിരിക്കുകയാണ്. 45 മണിക്കൂര്‍ ധ്യാനത്തിനുശേഷം ജൂണ്‍ ഒന്ന് പ്രധാനമന്ത്രി ഇവിടെനിന്നും മടങ്ങും.

1892ല്‍ ഇന്ത്യയുടെ ഭാവിയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ലഭിക്കാന്‍ സ്വാമി വിവേകാനന്ദന്‍ ധ്യാനിച്ച സ്ഥലമായ ധ്യാന്‍ മണ്ഡപത്തിലാണ് മോദിയുടേയും ധ്യാനം. ഇന്ത്യന്‍ മഹാസമുദ്രം, ബംഗാള്‍ ഉള്‍ക്കടല്‍, അറബിക്കടല്‍ എന്നിവയുടെ സംഗമസ്ഥാനം കൂടിയാണിത്. തീര്‍ത്ഥാടകരും വിനോദസഞ്ചാരികളും ബോട്ടിലാണ് കടലിലെ വിവേകാന്ദ പാറയിലെത്തുന്നത്.

ഭക്ഷണമൊന്നും കഴിക്കാതെയല്ല പ്രധാനമന്ത്രിയുടെ ധ്യാനമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ധ്യാനത്തിലിരിക്കുമ്പോള്‍ മോദി ദ്രാവക ഭക്ഷണങ്ങളാകും കഴിക്കുക. ഇളനീര്‍, മുന്തിരി ജ്യൂസ്, മറ്റ് ദ്രാവകങ്ങള്‍ എന്നിവയാകും അദ്ദേഹത്തിന്റെ ഭക്ഷണം. ധ്യാനസമയത്ത് അദ്ദേഹം ധ്യാന ഹാളില്‍ നിന്ന് പുറത്തിറങ്ങാതെ നിശബ്ദത പാലിക്കും.

മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് തീര്‍ത്ഥാടകര്‍ക്കും സഞ്ചാരികള്‍ക്കും ഇവിടെ പ്രവേശനമുണ്ടാകില്ല. കന്യാകുമാരിയിലും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. രണ്ടായിരത്തിലധികം പോലീസുകാര്‍ പ്രദേശത്ത് കാവല്‍ നില്‍ക്കുകയാണ്.

മൂന്നാം തവണയും വിജയിക്കുകയെന്ന ലക്ഷ്യത്തോടെ വ്യാഴാഴ്ച വൈകീട്ട് കന്യാകുമാരിയിലെത്തിയ പ്രധാനമന്ത്രി ധ്യാനത്തിനുശേഷം ഡല്‍ഹിയിലേക്ക് മടങ്ങും. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന മാരത്തണ്‍ ലോക്സഭാ തിരഞ്ഞെടുപ്പ് ജൂണ്‍ ഒന്നിനാണ് അവസാനിക്കുക. വോട്ടെണ്ണല്‍ ജൂണ്‍ നാലിന് നടക്കും.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് മുന്നോടിയായി പ്രധാനമന്ത്രി മോദി ഉത്തരാഖണ്ഡില്‍ സമാനമായ ഒരു ആത്മീയ യാത്ര നടത്തിയിരുന്നു. അക്കാലത്ത്, കേദാര്‍നാഥിനടുത്തുള്ള ഒരു ഗുഹയില്‍ ധ്യാനിക്കുന്ന ഫോട്ടോയും എടുത്തു.

 

Tags