ബിജെപി മുന്നണിയില്‍ നോട്ടമിട്ട് ശ്രേയാംസ് കുമാറും സംഘവും, ലക്ഷ്യം കേന്ദ്രമന്ത്രിസ്ഥാനമോ?

shreyams kumar
shreyams kumar

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ശ്രേയാംസ് കുമാറിന്റെ നേതൃത്വത്തിലുള്ള സംസ്ഥാനത്തെ ആര്‍ജെഡി വിഭാഗം ബിജെപി മുന്നണിയിലേക്ക് പോയേക്കുമെന്ന് റിപ്പോര്‍ട്ട്. ആര്‍ജെഡി ദേശീയ ഘടകം നിലവില്‍ ഇന്ത്യ മുന്നണിയുമായാണ് സഹകരിക്കുന്നതെങ്കിലും കേരളത്തിലെ പ്രത്യേക രാഷ്ട്രീയ താത്പര്യം മുന്‍നിര്‍ത്തി ബിജെപിയുമായി സഹകരിക്കാനാണ് നീക്കം.

നേരത്തെ എല്‍ജെഡിയായി ഇടതുപക്ഷത്തിനൊപ്പമുണ്ടായിരുന്ന ശ്രേയാംസ് കുമാര്‍ അടുത്തിടെയാണ് പാര്‍ട്ടിയെ ആര്‍ജെഡിയില്‍ ലയിപ്പിച്ചത്. ആര്‍ജെഡിയുടെ സംസ്ഥാന അധ്യക്ഷനും ശ്രേയാംസ് കുമാറാണ്. നിലവില്‍ ഇടതുപക്ഷത്തിനൊപ്പം നിലകൊള്ളുന്ന പാര്‍ട്ടിക്ക് മുന്നണിയുമായി കടുത്ത അഭിപ്രായവ്യത്യാസമുണ്ട്. അതുകൊണ്ടുതന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പുതന്നെ രാഷ്ട്രീയമാറ്റമുണ്ടായേക്കുമെന്ന് പറയപ്പെടുന്നു.

മന്ത്രിസഭാ പുനസംഘടനയില്‍ മന്ത്രിസ്ഥാനം വേണമെന്ന് ശ്രേയാംസ് നേരത്തെ മുന്നണിയോട് ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍, അക്കാര്യം എല്‍ഡിഎഫ് നിഷ്‌കരുണം തള്ളിക്കളഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് വീണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് ദുര്‍ബലമായിക്കഴിഞ്ഞ ശ്രേയാംസിനും സംഘത്തിനും സീറ്റുനല്‍കിയാല്‍ രാഷ്ട്രീയ തിരിച്ചടിയുണ്ടാകുമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍.

മന്ത്രിസ്ഥാനവും ലോക്‌സഭാസീറ്റും ലഭിക്കില്ലെന്ന് ഉറപ്പായതോടെ മാതൃഭൂമി ദിനപത്രത്തിലും ന്യൂസ് ചാനലിലും സിപിഎം സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ സൃഷ്ടിച്ചാണ് ശ്രേയാംസ് പകരംവീട്ടുന്നതെന്ന് അണികള്‍ ആരോപിക്കുന്നു. ബിജെപി മുഖപത്രമായ ജന്മഭൂമിയേക്കാള്‍ കൂടുതല്‍ ബിജെപി അനുകൂല വാര്‍ത്തകളും മാതൃഭൂമിയില്‍ കാണാം. ജനം ടിവിയേക്കാള്‍ ബിജെപി സ്‌നേഹമാണ് മാതൃഭൂമി ന്യൂസിനെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു.

അടുത്തിടെ സര്‍ക്കാരിനെതിരെ ഏറ്റവും കൂടുതല്‍ വാര്‍ത്തകള്‍ നല്‍കിയതും ചര്‍ച്ച സംഘടിപ്പിച്ചതും മാതൃഭൂമിയാണ്. ഇടതുമുന്നണിയില്‍ പരിഗണന ലഭിക്കുന്നില്ലെന്ന ശ്രേയാംസിന്റെ പരാതിക്കിടെയാണ് അദ്ദേഹത്തിന്റെ തന്നെ ആശീര്‍വാദത്തോടെ സര്‍ക്കാരിനെതിരെ വാര്‍ത്തകള്‍ കെട്ടിച്ചമയ്ക്കുന്നതും. ഇത് മുന്നണിക്കകത്തും അണികള്‍ക്കിടയിലും കടുത്ത അതൃപ്തിക്കിടയാക്കിയിട്ടുണ്ട്.

ലോക്‌സഭാ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഒരിക്കല്‍ ഇടതുമുന്നണി വിട്ട് യുഡിഎഫില്‍ ചേക്കേറിയവരാണ് ഇപ്പോള്‍ ആര്‍ജെഡിയില്‍ ലയിച്ച ശ്രേയാംസ് വിഭാഗം. എന്നാല്‍, പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പോലും വന്‍ തോല്‍വിയായതോടെയാണ് സ്ഥാനമോഹവുമായി ഇടതുമുന്നണിയിലെത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ സിറ്റിങ് സീറ്റായ കല്‍പ്പറ്റയില്‍ മത്സരിച്ച് ടി സിദ്ദിഖിനോട് തോറ്റ ശ്രേയാംസിന്റെ പാര്‍ട്ടി ഇടതുമുന്നണിക്ക് 100 സീറ്റെന്ന അവസരവും നഷ്ടമാക്കി.

ഇടതുമുന്നണിയുമായി ശ്രേയാംസ് വീണ്ടും ഇടയവെ ലക്ഷ്യം ബിജെപി മുന്നണിയും കേന്ദ്രമന്ത്രി സ്ഥാനവുമാണെന്നുറപ്പാണ്. യുഡിഎഫ് ഇനി ശ്രേയാംസിനെ മുന്നണിയിലെടുക്കില്ല. ആര്‍ജെഡിയുടെ കേന്ദ്ര ഘടകം ബിജെപി സഖ്യത്തെ എതിര്‍ക്കുകയാണെങ്കില്‍ പുതിയ പാര്‍ട്ടിയായി വിട്ടുമാറാനും ശ്രേയാംസും കൂട്ടരും ആലോചിക്കുന്നു.

Tags