കാടും മേടും താണ്ടി കൊട്ടിയൂരിലെത്തി മുതിരേരി വാൾ‌

Muthireri Sword crosses forests and meadows to reach Kottiyoor

മഴക്കാലത്തിന്റെ വരവോടുകൂടി മുതിരേരിയിലെ വാള്‍ കൊട്ടിയൂരിലേക്ക് യാത്രയായാല്‍ പിന്നെ പെരുമഴയുടെ ആരവങ്ങള്‍ കഴിഞ്ഞ് വാള്‍ തിരികെ എത്തിയാല്‍ മാത്രമാണ് അടുത്ത ഒരാണ്ടേത്തേക്കുള്ള ഉത്സവങ്ങള്‍ തുടങ്ങുക. നാട്ടുഗദ്ദികയടക്കമുള്ള അടിയാന്‍മാരുടെ അനുഷ്ഠാനത്തിനും വാളുപോക്കിനും വരവിനും പ്രാധാന്യമുണ്ട്.

 വയനാടൻ മലനിരകളിലെ മുതിരേരിക്ഷേത്രം കൊട്ടിയൂർ ആചാര പെരുമയുടെ ഭാഗമാണ്. ഈ കാവില്‍നിന്നു വാള്‍ എഴുന്നെള്ളിച്ച് എത്തുന്നതോടെയാണ് വൈശാഖ മഹോത്സവത്തിന്  തുടക്കമാവുക. പെരുമഴയെത്തും കിലോ മീറ്ററോളം ദൂരം കാടും മേടും താണ്ടി കാല്‍നടയായി ക്ഷേത്രം മേല്‍ശാന്തി കൊട്ടിയൂര്‍ അമ്പലത്തിലേക്ക് വാള്‍ എത്തിച്ചു. പഴക്കം നിര്‍ണ്ണയിക്കാന്‍ കഴിയാത്തവിധത്തില്‍ ചരിത്രത്തിന്റെ ഭാഗമാവുകയാണ് വയനാടന്‍ പൈതൃകഭൂമിയിലെ വേറിട്ടൊരു അനുഷ്ഠാനം.

കൊട്ടിയൂർ പെരുമാളിൻ്റെ തിരുവായൂധമായ വാൾ സൂക്ഷിച്ചിരിക്കുന്നത് വയനാട് ജില്ലയിലെ തലപ്പുഴ വില്ലേജിലെ മുതിരേരി ക്ഷേത്രത്തിലെ വാളറയിലാണ്. കൊട്ടിയൂർ ക്ഷേത്രത്തിലെ ഉത്സവ ആരംഭ ചടങ്ങിലൊന്നായ നെയ്യാട്ട ദിവസം മുതിരേരി ക്ഷേത്രത്തിലെ ശാന്തിക്കാരനായ ബ്രാഹ്‌മണൻ  ഘോര വനത്തിലൂടെ ഏകനായി നടന്ന് വാൾ അന്നേദിവസം സന്ധ്യക്ക് ക്ഷേത്രത്തിലെത്തിക്കുന്നു.

Muthireri Sword crosses forests and meadows to reach Kottiyoor

 തുടർന്ന് അക്കരെ കൊട്ടിയൂരിൽ പൂജിക്കുന്ന വാൾ  കൊട്ടിയൂർ പെരുമാളിൻ്റെ ചിത്തിര നാളിലെ തൃക്കലശാട്ട് കഴിഞ്ഞ് തിരിച്ചെഴുന്നള്ളിച്ച് മുതിരേരിയിൽ എത്തി വീശാഖം നാളിൽ വാളറയിൽ  വെച്ച് പൂട്ടുന്നു. പിന്നീട് അടുത്ത വൈശാഖോത്സവത്തിലെ ചോതി നാളിൽ  കൊട്ടിയൂരിലേക്ക് കൊണ്ടുപോകാനാണ് വാൾ പുറത്തെടുക്കുന്നത്.ശിവന്‍ ദക്ഷനെ വധിച്ച് ചുഴറ്റിയെറിഞ്ഞ ഉടവാള്‍ വയനാടന്‍ മലമടക്കുകള്‍ കടന്ന് മുതിരേരിയില്‍ വന്നു വീണു എന്നതാണ് ഐതിഹ്യം. 

വടക്കേ വയനാട്ടിലെ കോഴിയോട്ട് കുടുംബ ക്ഷേത്രമായിരുന്നു മുതിരേരിക്കാവ്. പാലായാട്ട് തറവാട്ടുമുറ്റത്ത് എല്ലാവരും ഒത്തുകൂടി കുടുംബക്ഷേത്രത്തില്‍ വഴിപാടുകള്‍ നടത്തി ഏവരും ഇന്നും കാവിലെത്തുന്നു. വയനാട്ടിലെ വിവിധ ദേശങ്ങളിലും പല കുടംബങ്ങളിലുമുള്ളവര്‍ അതിരാവിലെ തന്നെയെത്തി വാളുപോക്ക് ചടങ്ങിന് സാക്ഷ്യം വഹിച്ചു.. ഭക്തിനിര്‍ഭരമാണ് ഈ ചടങ്ങ്. 

അന്നദാനത്തിനു ശേഷം ധ്യാനത്തിലിരിക്കുന്ന ക്ഷേത്രം മേല്‍ശാന്തി വെളിപാടുണരുമ്പോള്‍ അമ്പലക്കുളത്തില്‍ മുങ്ങി കഴകകാര്‍ക്ക് ഒറ്റവാര്‍പ്പ് നിവേദ്യങ്ങള്‍ നല്‍കി വാളുമായി കൊട്ടിയൂരിലേക്ക് പുറപ്പെടുകയാണ്. പുത്തന്‍മഠം മൂഴിയോട്ട് ഇല്ലത്തിനാണ് വാളുകൊണ്ടു പോകാനുള്ള പരമ്പരാഗത അവകാശം. പഴക്കുലകളും പഴുത്ത ചക്കയുമാണ് ഇവിടുത്തെ നിവേദ്യം.വയനാട്ടിലെ എല്ലാ ഉത്സവങ്ങള്‍ക്കും തിരശ്ശീല വീഴുക മുതിരേരി വാളുപോക്കോടുകൂടിയാണ്. 

മഴക്കാലത്തിന്റെ വരവോടുകൂടി മുതിരേരിയിലെ വാള്‍ കൊട്ടിയൂരിലേക്ക് യാത്രയായാല്‍ പിന്നെ പെരുമഴയുടെ ആരവങ്ങള്‍ കഴിഞ്ഞ് വാള്‍ തിരികെ എത്തിയാല്‍ മാത്രമാണ് അടുത്ത ഒരാണ്ടേത്തേക്കുള്ള ഉത്സവങ്ങള്‍ തുടങ്ങുക. നാട്ടുഗദ്ദികയടക്കമുള്ള അടിയാന്‍മാരുടെ അനുഷ്ഠാനത്തിനും വാളുപോക്കിനും വരവിനും പ്രാധാന്യമുണ്ട്.