വയനാട്ടില്‍ വീടുണ്ടാക്കാന്‍ സ്ഥലം വാങ്ങിയ വകയില്‍ ലീഗ് നേതാക്കള്‍ കമ്മീഷനായി അടിച്ചെടുത്തത് എട്ടേകാല്‍ കോടി രൂപയെന്ന് കെടി ജലീല്‍, സര്‍ക്കാര്‍ ടൗണ്‍ഷിപ്പിന് പണം നല്‍കരുതെന്ന് ലീഗ് ആഹ്വാനം ചെയ്തു
സെന്റിന് 50,000 രൂപക്ക് കിട്ടുന്ന തോട്ടഭൂമി ഒന്നേകാല്‍ ലക്ഷത്തിന് സ്വന്തക്കാരില്‍ നിന്ന് വാങ്ങി. മുഖ്യമന്ത്രിയുടെ വയനാട് പുനരധിവാസ ഫണ്ടിലേക്ക് പണം നല്‍കരുതെന്ന് ലീഗ് നേതാക്കള്‍ ഒളിഞ്ഞും തെളിഞ്ഞും ആഹ്വാനം ചെയ്തിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോഴിക്കോട്: വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് മുസ്ലീം ലീഗ് വാഗ്ദാനം ചെയ്ത വീടുകള്‍ നല്‍കുമ്പോള്‍ നന്ദിക്കൊപ്പം വിമര്‍ശനവുമായി കെടി ജലീല്‍. സ്ഥലം വാങ്ങിയ വകയില്‍ ലീഗ് നേതാക്കള്‍ കമ്മീഷനായി എട്ടേകാല്‍ കോടി രൂപ അടിച്ചെടുത്തെന്ന് ജലീല്‍ ആരോപിച്ചു. സെന്റിന് 50,000 രൂപക്ക് കിട്ടുന്ന തോട്ടഭൂമി ഒന്നേകാല്‍ ലക്ഷത്തിന് സ്വന്തക്കാരില്‍ നിന്ന് വാങ്ങി. മുഖ്യമന്ത്രിയുടെ വയനാട് പുനരധിവാസ ഫണ്ടിലേക്ക് പണം നല്‍കരുതെന്ന് ലീഗ് നേതാക്കള്‍ ഒളിഞ്ഞും തെളിഞ്ഞും ആഹ്വാനം ചെയ്തിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
tRootC1469263">കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
പകുതി വാഗ്ദാനം പാലിച്ച ലീഗിന് അര നന്ദി.
വയനാട്ടിലെ ദുരിത ബാധിതര്‍ക്ക് മുസ്ലിംലീഗ് വെച്ച് നല്‍കുമെന്ന പ്രഖ്യാപിച്ച 105 വീടുകളില്‍ 51 വീടുകള്‍ ഇന്ന് സമര്‍പ്പിക്കുകയാണ്. പറഞ്ഞതിന്റെ ബാക്കി പണിയാന്‍ രണ്ടാമത്തെ ഫണ്ട് പിരിവ് തുടങ്ങിയിട്ടേയുള്ളൂ. അതായി വരുമ്പോഴേക്ക് മാസങ്ങള്‍ എടുക്കും. പകുതി വാഗ്ദാനം നിറവേറ്റിയ ലീഗിന് പകുതി നന്ദി. ബാക്കി ശേഷിക്കുന്ന 54 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന മുറക്ക് നല്‍കുന്നതാണ്.
ഇന്നത്തെ ചടങ്ങിലേക്ക് എന്നെ ക്ഷണിച്ച് കൊണ്ട് ഒരുപാട് ലീഗ് പ്രവര്‍ത്തകര്‍ വിളിക്കുകയും സന്ദേശമയക്കുകയും ചെയ്യുന്നുണ്ട്. വയനാട് പുനരധിവാസത്തിന് ലീഗ് പിരിച്ച 40 കോടിയിലധികം രൂപ മാസങ്ങള്‍ കഴിഞ്ഞിട്ടും ചെലവഴിക്കാതെ വന്നപ്പോള്‍ ഞാനതിനെ ചോദ്യം ചെയ്തതാകാം ''ക്ഷണ'ത്തിന്റെ കാരണം.
സ്ഥലം വാങ്ങുന്നതിന് മുമ്പ് എന്റെ ഇടപെടല്‍ നടന്നിരുന്നെങ്കില്‍ സെന്റിന് 50,000/= രൂപക്ക് കിട്ടുന്ന തോട്ടഭൂമി ഒന്നേകാല്‍ ലക്ഷത്തിന് സ്വന്തക്കാരില്‍ നിന്ന് വാങ്ങാന്‍ ഇടനിലക്കാര്‍ക്ക് ധൈര്യം വരുമായിരുന്നില്ല. ചെറിയ ഒരശ്രദ്ധ പറ്റി! ലീഗുപ്രവര്‍ത്തകര്‍ ക്ഷമിക്കണം. അതു കൊണ്ട് നഷ്ടമായത് സ്ഥലമെടുപ്പിലെ ബ്രോക്കര്‍മാരായ ലീഗ് നേതാക്കള്‍ കമ്മീഷന്‍ അടിച്ചെടുത്ത എട്ടേകാല്‍ കോടി രൂപയാണ്.
വലിയ വില കൊടുത്ത് വാങ്ങിയ തോട്ടഭൂമിയില്‍ വീടു നിര്‍മ്മാണത്തിനായി തരം മാറ്റാന്‍ സര്‍ക്കാര്‍ സഹായിച്ചുവെന്ന് കുഞ്ഞാലിക്കുട്ടി സാഹിബ് തന്നെ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയത് നന്നായി. പുനരധിവാസപ്പേരില്‍ ഇരട്ടിയിലധികം വിലക്ക് ഭൂമി വാങ്ങിയത് മാലോകര്‍ അറിയാതെ രക്ഷപ്പെട്ടല്ലോ? ആ എട്ടേകാല്‍ കോടി സ്വന്തമായതിന് ലീഗ് നേതാക്കള്‍ എക്കാലവും പിണറായി സര്‍ക്കാരിനോട് നന്ദി പറയണം.
സര്‍ക്കാര്‍ ടൗണ്‍ഷിപ്പ് ലീഗിന്റെ കൂടി സാമ്പത്തിക സഹായത്തിലാണ് ഉയരുന്നതെന്ന് പി.കെ ബഷീറിന്റെ ദുര്‍ബോധനം കേട്ട് കുഞ്ഞാലിക്കുട്ടി സാഹിബ് അതേ പത്രസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തത് കൊണ്ട് ആ പങ്ക് നാട്ടുകാര്‍ അറിയുന്നത് നല്ലതാണ്. ലീഗിന്റെ 15 MLA മാര്‍ 50,000/= രൂപ വെച്ച് ഏഴര ലക്ഷം രൂപയാണ് ടൗണ്‍ഷിപ്പിലേക്ക് നല്‍കിയത്. ഒരു വീടിന് ചെലവാകുന്നതിന്റെ മൂന്നിലൊന്ന് വില. ലീഗിന്റെ സര്‍വീസ് സംഘടനകളോ നേതാക്കളോ ഒന്നും ഒരു രൂപ പോലും നല്‍കിയതായി പണം നല്‍കിയവരുടെ ലിസ്റ്റ് നോക്കിയപ്പോള്‍ കണ്ടില്ല.
മുഖ്യമന്ത്രിയുടെ വയനാട് പുനരധിവാസ ഫണ്ടിലേക്ക് പണം നല്‍കരുതെന്ന് ലീഗ് നേതാക്കള്‍ ഒളിഞ്ഞും തെളിഞ്ഞും ആഹ്വാനം ചെയ്തിരുന്നു. കൂറ തടഞ്ഞ് കപ്പല്‍ നിന്ന ചരിത്രമില്ലല്ലോ? പ്രത്യേകിച്ച് പിണറായി കപ്പിത്താനായ കപ്പല്‍!
ഗുജറാത്ത്-സുനാമി-കത്വ ഫണ്ടുകളുടെ ഗതി വയനാട് ഫണ്ടിന് ഉണ്ടാകാതെ പോയത് എന്റെ 'തിരുനോട്ടം' കൊണ്ടാണെന്ന് വിശ്വസിക്കുന്ന നിരവധി ലീഗ് പ്രവര്‍ത്തകരുണ്ട്. അതില്‍ സത്യമുണ്ട് താനും. വടിയെടുത്ത് കൂടെക്കൂടാതെ ഫണ്ട് വിനിയോഗം ലീഗ് യഥാവിധി നടത്തില്ല. പിരിവില്‍ കാണിക്കുന്ന ആവേശം സത്യസന്ധമായി ചെലവാക്കുന്നതില്‍ അവര്‍ കാണിക്കാറില്ല.
കോണ്‍ഗ്രസിന്റെ കാര്യം പറയാതിരിക്കലാണ് ഭേദം. എത്ര രൂപയാണ് കോണ്‍ഗ്രസും യൂത്ത്‌കോണ്‍ഗ്രസ്സും പിരിച്ചത് എന്ന് പോലും വെളിപ്പെടുത്താന്‍ നേതാക്കള്‍ തയ്യാറായിട്ടില്ല. അവരുടെ കല്ലിടല്‍ നാടകവും ഇന്നലെ അരങ്ങേറി. ഏതായും അവരിട്ട കല്ലിന് പതിറ്റാണ്ടുകള്‍ കഴിഞ്ഞാലും ഒരു കേടുപാടും പറ്റില്ല. ഗ്രൂപ്പു വഴക്കുമൂത്ത് ആരും കല്ല് എടുത്തു കൊണ്ടു പോയില്ലെങ്കില്‍ അതവിടെ സുരക്ഷിതമായി അന്ത്യവിശ്രമം കൊള്ളും. വയനാട് ദുരിതാശ്വാസത്തിന് പിരിച്ച പണം സ്വന്തം കാര്യത്തിനും തെരഞ്ഞെടുപ്പ് ചെലവിലേക്കും ഉപയോഗിച്ചാല്‍ ഒരിറ്റു വെള്ളം കിട്ടാതെ പരലോകം പൂകേണ്ടി വരും. അതോര്‍ത്താല്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് നല്ലത്.
.jpg)


