ആടിപ്പാടി ഓണം കളറാക്കി മുസ്ലീം പെണ്‍കുട്ടികള്‍, ആഘോഷിക്കാനുള്ള അവസരം പാഴാക്കിയില്ല, മാറുന്ന പുതുതലമുറ, മതപുരോഹിതരുടെ തിട്ടൂരത്തിന് പുല്ലുവില
സെറ്റ് സാരിയും മുണ്ടും ധരിച്ച്, നൃത്തം ചെയ്ത് പൂക്കളവും സദ്യയുമൊക്കെയായി ആഘോഷിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
തിരുവനന്തപുരം: കേരളത്തിലെ കാമ്പസുകളിലും സ്‌കൂളുകളിലും ഈ ഓണക്കാലം മുസ്ലിം പെണ്‍കുട്ടികളുടെ പങ്കാളിത്തത്തിലൂടെ ശ്രദ്ധേയമായി. സെറ്റ് സാരിയും മുണ്ടും ധരിച്ച്, നൃത്തം ചെയ്ത് പൂക്കളവും സദ്യയുമൊക്കെയായി ആഘോഷിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
യാഥാസ്ഥിതിക ചിന്താഗതി കൂടുതലുള്ള മലപ്പുറം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ കോളേജ് കാമ്പസുകളില്‍ ഓണാഘോഷം വലിയ തോതില്‍ നടന്നു. ഹെലികോപ്റ്ററിലും ആഡംബര വാഹനങ്ങളിലും മാവേലി വന്നിറങ്ങുന്നതുപോലുള്ള ക്രിയേറ്റീവ് പ്രോഗ്രാമുകള്‍, തിരുവാതിര, ഓണക്കളികള്‍, സദ്യ ഇവയെല്ലാമായി വിദ്യാര്‍ത്ഥികള്‍ ഓണം ആഘോഷമാക്കിമാറ്റി.
മുസ്ലിം വിദ്യാര്‍ഥിനികള്‍ ഓണം ആവേശത്തോടെ ഏറ്റെടുത്തു. പരമ്പരാഗത വേഷത്തിലും ആധുനിക സ്‌റ്റൈലിലും അവര്‍ എത്തി. ഹിജാബ് ധരിച്ച് നൃത്തം ചെയ്യുന്ന ദൃശ്യങ്ങളും വൈറലായി. ഇത് ചില മതപണ്ഡിതരുടെ എതിര്‍പ്പിന് കാരണമായെങ്കിലും കാമ്പസ് യുവത്വം അതിനോട് വാശി തീര്‍ക്കുന്ന രീതിയിലാണ് പ്രതികരിച്ചത്.
സ്‌കൂളുകളിലും സമാനമായ ചിത്രം കാണാമായിരുന്നു. സെറ്റ് സാരിയും മുണ്ടും ധരിച്ച് എത്തിയ വിദ്യാര്‍ഥിനികള്‍ ഓണാഘോഷത്തിന് നിറപ്പൊലിമ നല്‍കി. ഓണം കേരളീയരുടെ പൊതു ആഘോഷമായി കണ്ട് പങ്കെടുക്കുന്നവരുടെ എണ്ണം കൂടി വരികയാണ്.
കാമ്പസുകളിലും സ്‌കൂളുകളിലും മുസ്ലീം പെണ്‍കുട്ടികളുടെ ഓണാഘോഷം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്കിടയാക്കിയിട്ടുണ്ട്. പെണ്‍കുട്ടികള്‍ മതചട്ടക്കൂടില്‍ നിന്നും അകന്നുമാറി പുതിയ കാലത്തെ സാംസ്‌കാരിക വൈവിധ്യത്തിനൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണെന്ന് പലരും വിലയിരുത്തി.
ഇത്രയും വലിയ സാംസ്‌കാരിക ഇടം മുസ്ലീം പെണ്‍കുട്ടികള്‍ക്ക് കിട്ടാറില്ല എന്നതാണ് ആഘോഷത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. പെരുന്നാളിന് സ്‌കൂള്‍ കോളേജ് തലത്തില്‍ വലിയ തോതിലുള്ള നൃത്തപ്രകടനങ്ങളോ സെറ്റ് സാരി ഷോകളോ ആഘോഷമോ ഉണ്ടാകാറില്ല. ഓണം മാത്രമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്രയും വിപുലമായി, ഒരുമിച്ച്, കലാരൂപങ്ങളോടെ ആഘോഷിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ആഘോഷിക്കാനുള്ള അവസരം പാഴാക്കാതിരിക്കുക എന്ന മനോഭാവം യുവതലമുറയില്‍ ശക്തമായി.
വിദ്യാഭ്യാസം, സോഷ്യല്‍ മീഡിയ, സാംസ്‌കാരിക അന്തരീക്ഷം ഇവയെല്ലാം യുവതലമുറയെ കൂടുതല്‍ തുറന്ന മനസ്സോടെ നോക്കാന്‍ പ്രേരിപ്പിക്കുന്നു. ഓണം കേരളീയ ഐക്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമായി കാണുക, മതഭേദമില്ലാതെ പങ്കെടുക്കുക എന്നത് പുതുതലമുറയുടെ സ്വാഭാവിക തിരഞ്ഞെടുപ്പായി മാറുകയാണ്.
സമുദായ പുരോഹിതരുടെ തിട്ടൂരങ്ങള്‍ക്കപ്പുറം, യുവതലമുറയുടെ സ്വന്തം തീരുമാനമാണ് ഇവിടെ പ്രബലമായത്. കേരളത്തിന്റെ സാംസ്‌കാരിക ഭൂപടത്തില്‍ ഈ മാറ്റം കൂടുതല്‍ വ്യക്തമായി കാണപ്പെടാന്‍ പോകുന്നു.
.jpg)

