ജയിലില്‍ നിന്നിറങ്ങിയാല്‍ വീണ്ടും പീഡനം, സ്ഥിരം കുറ്റവാളികളെ പൂട്ടാന്‍ കിടിലന്‍ നിര്‍ദ്ദേശവുമായി തുമ്മാരുകുടി

Muralee Thummarukudy

കൊച്ചി: ആലുവയില്‍ വീണ്ടും പിഞ്ചു ബാലിക പീഡനത്തിന് ഇരയായ സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച് യുഎന്‍ ഉദ്യോഗസ്ഥന്‍ മുരളി തുമ്മാരുകുടി. കുറ്റവാളികള്‍ വീണ്ടും വീണ്ടും കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നത് നമ്മുടെ സംവിധാനത്തിന്റെ പോരായ്മയാണെന്നും ഇത് ഇല്ലാതാക്കണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

tRootC1469263">

ബുധനാഴ്ച രാത്രിയാണ് ആലുവയില്‍ വീണ്ടും പീഡനമുണ്ടായത്. ബിഹാര്‍ സ്വദേശിയുടെ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കുകയായിരുന്നു. പെണ്‍കുട്ടിയെ പിന്നീട് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങള്‍ കണ്ട് നാട്ടുകാര്‍ തിരിച്ചറിഞ്ഞതോടെ പ്രതിയെ പിടികൂടുകയായിരുന്നു. തിരുവനന്തപുരത്ത് നിരവധി കേസുകളില്‍ പ്രതിയായ ക്രിസ്റ്റിന്‍ ആണ് പിടിയിലായത്.

ദൃക്‌സാക്ഷിയും കുട്ടിയുടെ മാതാപിതാക്കളും പ്രതിയെ തിരിച്ചറിഞ്ഞതോടെ വ്യാപകമായ അന്വേഷണം ആരംഭിച്ചിരുന്നു. ആലുവയിലെ ബാറിലെത്തിയപ്പോള്‍ ജീവനക്കാര്‍ പ്രതിയെ തിരിച്ചറിഞ്ഞു. പോലീസ് വളഞ്ഞതോടെ പ്രതി പെരിയാറ്റിലേക്ക് ചാടിയെങ്കിലും ചുമട്ടുതൊഴിലാളികളുടെ സഹായത്തോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തുടരെ കുറ്റകൃത്യം ചെയ്യുന്ന ഇത്തരം പ്രതികളെക്കുറിച്ചുള്ള ഡാറ്റയുണ്ടാക്കി ഇവരെ പിന്തുടരുന്ന രീതി ഉണ്ടാകണമെന്ന് മുരളി തുമ്മാരുകുടി നിര്‍ദ്ദേശിക്കുന്നു. വിദേശങ്ങളില്‍ സെക്‌സ് ഒഫന്‍ഡര്‍ രജിസ്റ്റര്‍ സൂക്ഷിക്കുകയും പ്രതികളെ കുട്ടികളില്‍ നിന്നും അകറ്റിനിര്‍ത്തുകയും ചെയ്യും. ഇത്തരക്കാര്‍ പ്രദേശത്തുണ്ടെങ്കില്‍ നാട്ടുകാര്‍ക്ക് അറിയാനുള്ള സംവിധാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ രീതിയിലൊരു സംവിധാനമാണ് അദ്ദേഹം കേരളത്തിലും നിര്‍ദ്ദേശിക്കുന്നത്.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

ലൈംഗിക അതിക്രമം - വീണ്ടും പ്രതിയാകുമ്പോള്‍
ആലുവയില്‍ വീണ്ടും കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമത്തിന്റെ വാര്‍ത്ത വരുന്നു.
ഏറെ ദുഖകരമാണ്.

ലൈംഗിക അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍, പ്രത്യേകിച്ചും കുട്ടികള്‍ക്ക് എതിരേയുള്ളത്, എന്നെ ഏറ്റവും അത്ഭുതപ്പെടുത്തുന്നത് പലപ്പോഴും ഇതിന് മുന്‍പ് ലൈംഗിക അതിക്രമങ്ങളില്‍ ഏര്‍പ്പെട്ടവര്‍ തന്നെയാണ് ഈ കുറ്റകൃത്യം ചെയ്യുന്നത് എന്നാണ്. ഇത്തവണയും വ്യത്യസ്തമല്ല.
പല വികസിത രാജ്യങ്ങളിലും ഒരു സെക്‌സ് ഒഫന്‍ഡര്‍ രജിസ്റ്റര്‍ ഉണ്ട്. ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഇടപെട്ടിട്ടുള്ളവരുടെ പേര് അവിടെ ഉണ്ടായിരിക്കും അവര്‍ എവിടെ താമസിക്കുന്നു, എവിടെ യാത്ര ചെയ്യുന്നു ഇതൊക്കെ പില്‍കാലത്ത് പോലീസിനെ അറിയിച്ചുകൊണ്ടേ ഇരിക്കണം. കുട്ടികളുമായി ബന്ധപ്പെടുന്ന തൊഴിലുകളില്‍  (സ്‌കൂളിലെ ജോലികള്‍, സ്‌കൂള്‍ ഡ്രൈവര്‍, സെകുരിറ്റി ഗാര്‍ഡ്) ആളുകളെ നിയമിക്കുന്നതിന് മുന്‍പ് അവരുടെ ബാക്ക്ഗ്രൗണ്ട് അന്വേഷിക്കണം എന്നത് നിര്ബന്ധമാണ്. നമ്മള്‍ താമസിക്കുന്ന പ്രദേശത്ത് ഇത്തരത്തില്‍ ഉള്ള ഒരാള്‍ താമസിക്കുന്നുണ്ടോ എന്ന് അറിയാനുള്ള സംവിധാനങ്ങള്‍ ഒക്കെ ഉണ്ട്.

നാട്ടില്‍ ഇതൊന്നുമില്ല. ഒരിക്കല്‍ എത്ര കുട്ടികളോട് ലൈംഗിക അതിക്രമം നടത്തി പിടിക്കപ്പെട്ടാലും ശിഷിക്കപ്പെട്ടാലും ജാമ്യത്തില്‍ ഇറങ്ങിയോ ജയിലില്‍ നിന്നും ഇറങ്ങിയോ കുറ്റവാളികള്‍ക്ക് എവിടെയും പോകാം, എന്തിന് സ്‌കൂള്‍ബസ് ഡ്രൈവറായി, അവിടെ സെക്യൂരിറ്റി ആയി ഒക്കെ ജോലി ചെയ്യാം. വീണ്ടും അക്രമം കാണിക്കാം, പിടിക്കപ്പെട്ടാല്‍ വീണ്ടും ജാമ്യത്തില്‍ ഇറങ്ങാം, വീണ്ടും അതിക്രമം കാണിക്കാം.

ഇത് മാറിയേ പറ്റൂ. ലൈംഗിക അതിക്രമങ്ങള്‍ കുറക്കണമെങ്കില്‍ ഫലപ്രദമായ ഒരു സെക്‌സ് ഒഫന്‍ഡര്‍ ലിസ്റ്റ് ഉണ്ടാക്കിയേ പറ്റൂ.
ഈ കുറ്റകൃത്യത്തില്‍ നിന്നും നമ്മള്‍ അത്രയെങ്കിലും പാഠം പഠിക്കണം

 

Tags