ഒരാളുടെ 7 വര്‍ഷത്തെ ശമ്പളം കൊണ്ട് വീട് വാങ്ങാന്‍ കഴിയണം, ഇവിടെ 15 വര്‍ഷമെടുത്താലും അതിന് കഴിയില്ല, ഫ്‌ളാറ്റുകള്‍ക്ക് 50 ലക്ഷം രൂപ വരെ, വീടിന് വിലകുറയാന്‍ എന്തുവേണമെന്ന് പറഞ്ഞ് മുരളി തുമ്മാരുകുടി

Muralee Thummarukudy
Muralee Thummarukudy

ഒരാളുടെ ഏഴു വര്‍ഷത്തെ ശമ്പളം കൊണ്ട് ഒരു പാര്‍പ്പിടം വാങ്ങാന്‍ കഴിയണം എന്നൊരു ഏകദേശ കണക്കാണ് വികസിത രാജ്യങ്ങള്‍ പൊതുവെ അവരുടെ പാര്‍പ്പിട കമ്പോളത്തെ നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്നത്.

 

കൊച്ചി: സംസ്ഥാനത്ത് സ്വന്തമായി വീടെന്ന സ്വപ്‌നം സഫലമാക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുന്നെന്ന് ചൂണ്ടിക്കാട്ടി യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി. വികസിത രാജ്യങ്ങളില്‍ 7 വര്‍ഷത്തെ ശമ്പളം കൊണ്ട് ഇത് സാധ്യമാകുമെങ്കില്‍ ഇവിടെ 15 വര്‍ഷമെടുത്താലും അതിന് സാധിക്കില്ല. കുറഞ്ഞ വിലയ്ക്ക് ഫ്‌ളാറ്റുകള്‍ ലഭ്യമാകണമെങ്കില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് അദ്ദേഹം പറയുന്നത്.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

സ്വന്തമായ പാര്‍പ്പിടം

ഒരാളുടെ ഏഴു വര്‍ഷത്തെ ശമ്പളം കൊണ്ട് ഒരു പാര്‍പ്പിടം വാങ്ങാന്‍ കഴിയണം എന്നൊരു ഏകദേശ കണക്കാണ് വികസിത രാജ്യങ്ങള്‍ പൊതുവെ അവരുടെ പാര്‍പ്പിട കമ്പോളത്തെ നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്നത്. വീടിന്റെ വില ഇതില്‍ കൂടിയാല്‍ സര്‍ക്കാര്‍, കമ്പോളത്തില്‍ ഇടപെടും, വില കുറക്കും. ഇതുകൊണ്ടാണ് മിക്കവാറും രാജ്യങ്ങളില്‍ പതിനെട്ടു വയസ്സാകുമ്പോഴേക്കും കുട്ടികള്‍ക്ക് അച്ഛനമ്മമാരില്‍ നിന്നും മാറി വാടകക്ക് വീടെടുത്ത് താമസിക്കാന്‍ പറ്റുന്നതും മുപ്പത് വയസ്സ് കഴിയുമ്പോഴേക്കും സ്വന്തമായി വീടുവാങ്ങുന്നതിനെപ്പറ്റി ചിന്തിക്കാനാകുന്നതും.

നമ്മുടെ നാട്ടില്‍ ഇങ്ങനെ ഒരു കണക്കോ രീതിയോ ഇല്ല. നാട്ടിലെ ഇപ്പോഴത്തെ നിരക്കനുസരിച്ച് അമ്പത് ലക്ഷത്തിനും മുകളിലാണ് നഗരങ്ങളില്‍ ഒരു രണ്ടു ബെഡ്‌റും ഫ്‌ലാറ്റിന്റെ വില. നാട്ടിലെ ശരാശരി ശമ്പളം കൊണ്ട് പതിനഞ്ച് വര്‍ഷത്തിലും അവിടെ എത്തില്ല.

ചുരുക്കത്തില്‍ മാതാപിതാക്കളുടെ സാമ്പത്തിക പിന്‍തുണ ഇല്ലാതെ ബഹുഭൂരിപക്ഷം പുതിയ തലമുറക്കും വീട് സ്വന്തമാക്കാന്‍ പറ്റില്ല. അപ്പോള്‍ അവര്‍ മാതാപിതാക്കളുടെ കൂടെ ജീവിക്കേണ്ടി വരും. കരിയര്‍ മുതല്‍ വിവാഹം വരെ സകല കാര്യത്തിലും മാതാപിതാക്കളുടെ അഭിപ്രായം കേള്‍ക്കേണ്ടിവരും, മിക്കവാറും സ്വീകരിക്കേണ്ടിയും. അറേഞ്ച്ഡ് മാരേജ് ഉള്‍പ്പെടെ പല അനാചാരങ്ങളും നിലനില്‍ക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.

ഇതൊക്കെ മാറണമെങ്കില്‍ നമ്മുടെ ശമ്പളനിരക്കില്‍ താങ്ങാനാകുന്ന നിരക്കില്‍ പാര്‍പ്പിടങ്ങള്‍ ഉണ്ടാകണം. അത് ഫ്‌ലാറ്റുകളായി മാത്രമേ സാധിക്കയുള്ളൂ. ഫ്‌ലാറ്റുകള്‍ ന്യായവിലക്ക് ലഭ്യമാകണമെങ്കില്‍ ന്യായമായ വിലക്ക് സ്ഥലം ലഭ്യമാകണം. ഇത് സര്‍ക്കാരിന് എളുപ്പത്തില്‍ ചെയ്യാവുന്ന കാര്യമാണ്.

 

Tags