ഇതാവണം ഓഫീസ് ഇങ്ങനെയാവണം ജീവനക്കാര്‍, ശിക്ഷ നല്‍കുകയല്ല വേണ്ടത്, പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യേണ്ടതെന്ന് മുരളി തുമ്മാരുകുടി

Muralee Thummarukudy

കൊച്ചി: തിരുവല്ല നഗരസഭാ ഓഫീസില്‍ വെച്ച് ജീവനക്കാര്‍ റീല്‍സ് ഷൂട്ട് ചെയ്തതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുകയാണ്. സര്‍ക്കാര്‍ ഓഫീസില്‍ വെച്ച് ഇത്തരത്തില്‍ റീല്‍സ് ചെയ്തതിനെ തുടര്‍ന്ന് നഗരസഭാ സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. എന്നാല്‍, ഇവര്‍ക്ക് ശിക്ഷയില്ലെന്നും അവധിദിനമാണ് റീല്‍സ് ഷൂട്ട് ചെയ്തതെന്നും മന്ത്രി എംബി രാജേഷ് വ്യക്തമാക്കിക്കഴിഞ്ഞു. ഈ ജീവനക്കാരെ സര്‍ക്കാര്‍ ഓഫീസിന്റെ പുതിയമുഖം ജനങ്ങളെ കാണിക്കുന്ന താരങ്ങള്‍ ആയി പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നാണ് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി പറയുന്നത്.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

മാറുന്ന ഓഫീസുകള്‍, മാറേണ്ട നിയമങ്ങള്‍

നമ്മുടെ ഏറെ സര്‍ക്കാര്‍ ഓഫീസുകളില്‍, വില്ലേജ് ഓഫീസ് തൊട്ട് കളക്ടറേറ്റ് വരെ, പഴയ കാലത്തെ അപേക്ഷിച്ച് വലിയ മാറ്റങ്ങള്‍ ഉണ്ട്. കെട്ടിടങ്ങളിലും കമ്പ്യൂട്ടറിലും മാത്രമല്ല സംവിധാനങ്ങളിലും ചെരുമാറ്റത്തിലും മാറ്റങ്ങള്‍ ഉണ്ട്.

ഇതിന് ഒരു പ്രധാന കാരണം യുവാക്കള്‍ ഏറെ സര്‍ക്കാര്‍ സര്‍വ്വീസില്‍ എത്തുമ്പോള്‍ ഉണ്ടാകുന്ന തലമുറ മാറ്റമാണ്. കളക്ടര്‍ പദവിയെ ജനകീയമാക്കിയ Prasanth N ബ്രോ ഉത്തമ ഉദാഹരണമാണ്.
പുതിയ തലമുറ തൊഴില്‍ സ്ഥലത്ത് അല്പം ക്രിയേറ്റീവിറ്റി ഒക്കെ കാണിക്കുന്നത് നല്ല കാര്യമാണ്. വെളിച്ചം കയറാതെ, ഫയലുകള്‍ കെട്ടിക്കിടക്കുന്ന,  ഒന്നു ചിരിക്കുക പോലും ചെയ്യാതെ ജനങ്ങളോട് യുദ്ധം ചെയ്യുന്ന ആളുകള്‍ മാത്രം തൊഴിലെടുക്കുന്ന സ്ഥലമാണെന്നുള്ള  സ്റ്റീരിയോ ടൈപ്പ് മാറാന്‍ എങ്കിലും ഇത് ഉപകരിക്കും

ഇവരെ കാരണം കാണിക്കല്‍ നോട്ടീസ് കൊടുത്തു വിരട്ടുകയല്ല മറിച്ച് സര്‍ക്കാര്‍ ഓഫീസിന്റെ പുതിയമുഖം ജനങ്ങളെ കാണിക്കുന്ന താരങ്ങള്‍ ആയി പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്.

thiruvalla municipality staff video mb rajesh

എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

തിരുവല്ല നഗരസഭയില്‍ ജീവനക്കാര്‍ ഉള്‍പ്പെട്ട സോഷ്യല്‍ മീഡിയാ റീല്‍ സംബന്ധിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ മേധാവിയില്‍ നിന്നും നഗരസഭാ സെക്രട്ടറിയില്‍ നിന്നും വിവരങ്ങള്‍ തേടുകയുണ്ടായി. ഇവരില്‍ നിന്നും ലഭിച്ച വിവരം അനുസരിച്ച് ഞായറാഴ്ച ദിവസത്തിലാണ് റീല്‍ തയ്യാറാക്കിയത് എന്ന് മനസിലായി. കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് അടിയന്തിര സാഹചര്യങ്ങളുണ്ടായാല്‍ ഇടപെടാന്‍ വേണ്ടി, ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരമാണ് അവധിദിനത്തിലും ജീവനക്കാരെത്തിയത്. ഓഫീസ് പ്രവര്‍ത്തനങ്ങളെ ബാധിക്കാതെയാണ് റീല്‍ ചിത്രീകരിച്ചത് എന്ന് ലഭിച്ച വിവരങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.

thiruvalla municipality staff video viral

ജീവനക്കാരുടെ എല്ലാ സര്‍ഗാത്മക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാരിന്റെ പൂര്‍ണപിന്തുണയുണ്ട്. പക്ഷെ ഔദ്യോഗിക കൃത്യനിര്‍വഹണത്തെ ബാധിക്കാതെയും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയും സര്‍വീസ് ചട്ടങ്ങള്‍ ലംഘിക്കാതെയും മാത്രമായിരിക്കണം ഇതെല്ലാം. പ്രവൃത്തി സമയത്ത് ജോലിക്ക് തടസം വരുന്ന രീതിയില്‍ ആഘോഷപരിപാടികളൊന്നും ഓഫീസുകളില്‍ സംഘടിപ്പിക്കരുതെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ നിഷ്‌കര്‍ഷിച്ചിട്ടുള്ളതാണ്.

തിരുവല്ല നഗരസഭയില്‍ അവധി ദിനമായ ഞായറാഴ്ച അധികജോലിക്കിടയില്‍ റീല്‍ ചിത്രീകരിച്ചതിന്റെ പേരില്‍  ജീവനക്കാര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കരുതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അവശ്യഘട്ടങ്ങളില്‍ സേവനസജ്ജരായി ഞായറാഴ്ചകളില്‍ പോലും ജോലിക്കെത്തുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരെ അഭിനന്ദിക്കുന്നു.

 

Tags