കേരളത്തിലേത് ലോകോത്തര ആരോഗ്യ സംവിധാനം, വികസിത രാജ്യങ്ങളോട് കിടപിടിക്കുന്നത്, സാധാരണക്കാരന് ആധുനിക ചികിത്സ സൗജന്യമായി നല്‍കുന്ന മറ്റൊരു സ്ഥലവും കണ്ടിട്ടില്ലെന്ന് മുരളി തുമ്മാരുകുടി

Muralee Thummarukudy
Muralee Thummarukudy

കേരളത്തിലെ സര്‍ക്കാര്‍ ആരോഗ്യ സംവിധാനങ്ങളില്‍ അതിശയകരമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും ലോകോത്തര സംവിധാനമാണ് ഇവിടെയുള്ളതെന്നും മുരളി തുമ്മാരുകുടി വ്യക്തമാക്കി.

കൊച്ചി: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയ ഡോ. ഹാരിസ് ചിറക്കലിന്റെ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ ആരോഗ്യരംഗം വിലയിരുത്തി യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി. കേരളത്തിലെ സര്‍ക്കാര്‍ ആരോഗ്യ സംവിധാനങ്ങളില്‍ അതിശയകരമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും ലോകോത്തര സംവിധാനമാണ് ഇവിടെയുള്ളതെന്നും മുരളി തുമ്മാരുകുടി വ്യക്തമാക്കി.

tRootC1469263">

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,
 
കേരളത്തിലെ ആരോഗ്യരംഗം 

കേരളത്തിലെ ആരോഗ്യരംഗം വീണ്ടും ചര്‍ച്ചയിലാണ്.
ഇത്തവണ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗം തലവനായ ഡോക്ടര്‍ ഹാരിസ് നടത്തിയ ചില തുറന്നു പറച്ചിലുകളുടെ സാഹചര്യത്തിലാണ് ഈ ചര്‍ച്ച വരുന്നത്.

ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റും അതിന് ശേഷം മാധ്യമങ്ങളുമായി നടത്തിയ ഇന്റെറാക്ഷനും ഒക്കെ ശ്രദ്ധിച്ചു. തികച്ചും ആത്മാര്‍ത്ഥത ഉള്ള ഒരാളായിട്ടാണ് തോന്നിയത്.
കേരളത്തിലെ സര്‍ക്കാര്‍ മേഖലയില്‍ ഉള്ള ആരോഗ്യരംഗവുമായി ഏറ്റവും അടുത്ത് ഇടപഴകുന്ന ഒരാളാണ് ഞാന്‍. എന്റെ അനവധി സുഹൃത്തുക്കള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരായി ഉണ്ട്. എന്റെയും  അടുത്ത കുടുംബത്തിന്റെയും  ഉള്‍പ്പടെ ചികിത്സയ്ക്കായി  ഞാന്‍ ഇപ്പോഴും സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കാറുണ്ട്. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ ഉള്ള സ്ഥാപനങ്ങളില്‍ പലപ്പോഴും പോകാറുണ്ട്.

ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. തൊള്ളായിരത്തി എഴുപത്തി മൂന്നില്‍ ഒരു വലിയ അപകടത്തില്‍ പെട്ട് എന്റെ വലിയച്ഛന്‍ എറണാകുളം ആശുപത്രിയില്‍ അബോധാവസ്ഥയില്‍ മാസങ്ങളോളം കിടന്ന ഓര്‍മ്മ എനിക്കുണ്ട്. കഴിഞ്ഞ വര്‍ഷം അമ്മയുടെ ഒരു സര്‍ജ്ജറി ഇതേ ആശുപത്രിയില്‍ ആണ് നടന്നത്.

ഈ പരിചയത്തിന്റെയും അനുഭവങ്ങളുടേയും വെളിച്ചത്തില്‍ ഈ വിഷയത്തില്‍ എന്റെ അഭിപ്രായം പറയാം.

1. കേരളത്തിലെ സര്‍ക്കാര്‍ ആരോഗ്യ സംവിധാനങ്ങളില്‍    അതിശയകരമായ പുരോഗതി ഉണ്ടായിട്ടുണ്ട്. ആരോഗ്യ സംവിധാനങ്ങളിലും ആരോഗ്യ സൂചികകളിലും വ്യക്തവുമാണ്. മുന്‍പും ഇപ്പോഴും സര്‍ക്കാര്‍ ആശുപത്രികളില്‍ പോയിട്ടുള്ളവര്‍ക്ക് ഇക്കാര്യം കൂടുതല്‍ വ്യക്തവുമാണ്.

2. ഇതിനര്‍ത്ഥം നമ്മുടെ ആരോഗ്യരംഗത്ത് പ്രശ്‌നങ്ങള്‍ ഇല്ല എന്നല്ല.  കേരളത്തിന്റെ സര്‍ക്കാര്‍  ആരോഗ്യമേഖലയില്‍ ഇപ്പോഴും പരിമിതികള്‍ ഏറെ ഉണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ, മെഡിക്കല്‍ ഉപകരണങ്ങളുടെ ലഭ്യതയുടെ, മരുന്നിന്റെ ലഭ്യതയുടെ, ആവശ്യത്തിന് ഡോക്ടര്‍മാരുടെ, ആരോഗ്യ പ്രവര്‍ത്തകരുടെ  എണ്ണത്തിന്റെ എന്നിങ്ങനെ പലതും. 

3.  ഇതിന്റെ അടിസ്ഥാനമായ കാരണം സാമ്പത്തികം തന്നെയാണ്. ഒരു വികസ്വരരാജ്യ സമ്പദ്വ്യവസ്ഥക്ക് സാധ്യമായ ആരോഗ്യ രംഗത്തെ നിക്ഷേപവും ചിലവും കൊണ്ടാണ്  വികസിത രാജ്യങ്ങളില്‍ ലഭ്യമാകുന്ന ചികിത്സകള്‍ നല്‍കാനും ആരോഗ്യ സൂചികകള്‍ നേടാനും ആണ്  നമ്മുടെ സംവിധാനം ശ്രമിക്കുന്നത്. അത് എളുപ്പമുള്ള കാര്യമല്ല. കോട്ടങ്ങളും കുറവുകളും ഉണ്ടാകും. 

4. വിഷയം പക്ഷെ സാമ്പത്തികം മാത്രമല്ല. പണം ലഭ്യമായിരിക്കുമ്പോള്‍ തന്നെ നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങളിലെ ബ്യൂറോക്രാറ്റിക് രീതികളും അത് നടപ്പിലാക്കുന്ന ബ്യൂറോക്രാറ്റുകളും കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണവും സാവധാനവും ആക്കുന്നു. ആരോഗ്യ രംഗത്ത് ചിലവാക്കേണ്ട സമയം സീനിയര്‍ ഡോക്ടര്‍മാര്‍ ഫയലുകള്‍ നീക്കാനും ഉത്തരം പറയാനും ചെലവാക്കേണ്ടി വരുന്നു. സഹി കേട്ട് ചിലരെങ്കിലും അത് പുറത്തു പറയാന്‍ നിര്‍ബന്ധിതരാകുന്നു. 

5. ഏറ്റവും പുതിയ മെഡിക്കല്‍ കോളേജുകള്‍ അല്ലാതെയുള്ള മറ്റു സര്‍ക്കാര്‍ മെഡിക്കല്‍ സ്ഥാപനങ്ങള്‍ ഒന്നും ഒരു മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തില്‍ ഉണ്ടാക്കിയവയല്ല, മറിച്ച് ഓര്‍ഗാനിക് ആയി വളര്‍ന്നവയാണ്. അതുകൊണ്ട് തന്നെ വിവിധ ഡിപ്പാര്‍ട്‌മെന്റുകള്‍ തമ്മിലുള്ള ഭൗതികമായ ദൂരവും പ്രൊസീജിയറുകളുടെ സംയോജനവും ഒന്നും വേണ്ടത്ര റാഷണലൈസ് ചെയ്യപ്പെട്ടിട്ടില്ല. അതിന്റെ ഭാഗമായി ആശുപത്രിയില്‍ എത്തുന്നവരും, പ്രത്യേകിച്ച് കൂട്ടിരുപ്പുകാരും വലയുന്നു. മരുന്ന് വാങ്ങാനുള്ള നൂലാമാലകളെ പറ്റി ഷിബു കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് ഇട്ടിരുന്നു.   ഇതൊക്കെ ഒട്ടും അധിക സാമ്പത്തിക ബാധ്യത ഇല്ലാതെ ഒഴിവാക്കാവുന്നതാണ്. 

6. ഈ കോട്ടങ്ങളും കുറവുകളും നിലനില്‍ക്കുമ്പോള്‍ തന്നെ കേരളത്തിലെ ആരോഗ്യരംഗം നേടിയിട്ടുള്ള നേട്ടങ്ങളും, കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ സമീപകാലത്തുണ്ടായ വിസ്മയകരമായ പുരോഗതിയും ഞാന്‍ കാണുന്നുണ്ട്. നമ്മുടെ ആശുപത്രി കെട്ടിടങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഭാഷയില്‍ പറഞ്ഞാല്‍ 'വേറെ ലെവല്‍ ആണ്'. പലയിടത്തും ഇത് സാധ്യമായത് കിഫ്ബി പദ്ധതികള്‍ കൊണ്ടാണ് എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട  കാര്യം. ഇതേ കിഫ്ബി യെ ആണ് ആളുകള്‍ ഏറെ വിമര്‍ശിക്കുന്നത് എന്നതൊരു വിരോധാഭാസമാണ്.

7. കെട്ടിടങ്ങളില്‍ മാത്രമല്ല മാറ്റം ഉണ്ടായിരിക്കുന്നത്. ആശുപത്രികളിലെ ശുചിത്വം, ഉപകരണങ്ങള്‍, രോഗികള്‍ക്കുള്ള ഇരിപ്പടങ്ങളും ബെഡുകളും ഒക്കെ പഴയകാലത്തേക്കാള്‍ ഏറെ മാറിയിട്ടുണ്ട്. ഭൂതക്കണ്ണാടി വച്ച് നോക്കിയാല്‍ ഇപ്പോഴും അസൗകര്യങ്ങള്‍ കാണാം, പക്ഷെ മൊത്തത്തില്‍ നോക്കിയാല്‍ ഇവിടെ ഒന്നും പുരോഗതി ഇല്ല എന്ന് കാണാന്‍ 'ഖേരളത്തില്‍' ഉള്ളവര്‍ക്കേ പറ്റൂ. 

8.   ഏറ്റവും സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ പോലും ഇപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ നടക്കുന്നുണ്ട്.  അതിന്റെ ചിലവുകള്‍ ആകട്ടെ രോഗിക്ക് നാമമാത്രവും. ബ്രെയിന്‍ ഹെമറേജ് വന്നു തിരുവനന്തപുരത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയ ഒരു സുഹൃത്ത് എനിക്കുണ്ട്. ഒരു മാസത്തിലേറെ ചികിത്സക്ക് ശേഷം അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങി വന്നു. ഇതേ ചികിത്സകള്‍ പുറത്തുള്ള ആശുപത്രിയില്‍ ലഭിച്ച ഒരാള്‍ക്ക് അന്‍പത് ലക്ഷത്തില്‍ ഏറെ തുക ചിലവായി എന്നാണ് എന്റെ സുഹൃത്ത് പറഞ്ഞത്. സര്‍ക്കാര്‍ ആശുപത്രിയിലെ ചിലവ് ഒരു ലക്ഷം പോലും ആയതുമില്ല. ഇതൊക്കെ ആര്‍ക്കും അന്വേഷിച്ചറിയാവുന്ന ദൈനം ദിന യാഥാര്‍ഥ്യങ്ങള്‍ ആണ്.

9. കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ ചിലവ് തന്നെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറവാണ്. പക്ഷെ സ്വകാര്യ  ആശുപത്രികള്‍ക്ക് അവരുടെ നിക്ഷേപത്തിനുള്ള റിട്ടേണ്‍ രോഗികളില്‍ നിന്നും ഈടാക്കിയേ പറ്റൂ.   അതുകൊണ്ട് തന്നെ ആധുനിക ചികിത്സ ചെലവേറിയതാണ്.   റോഡ് അപകടവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന എന്റെ ഒരു സുഹൃത്ത് പറഞ്ഞ ഒരു കാര്യമുണ്ട്. ഒരു മേജര്‍ അപകടത്തില്‍ പെട്ട് ഒരാള്‍ ആശുപത്രിയില്‍ എത്തിയാല്‍ രണ്ടാഴ്ചക്കകം ഏതാണ്ട് ഇരുപതു ലക്ഷത്തിനും  മുപ്പതുലക്ഷത്തിനും ഇടക്ക് പണം ചിലവാകും. ഏറെ  ആളുകള്‍ക്കും ഇപ്പോഴും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഇല്ല. ഒരു മിഡില്‍ ക്ളാസ്സ് കുടുംബത്തിന് ലഭ്യമായ സാമ്പത്തിക ബഫറിന് അപ്പുറത്തേക്ക് രണ്ടാഴ്ചക്ക് അപ്പുറത്തേക്കുള്ള ചികിത്സയുടെ ചെലവ് കടക്കും. കേരളത്തിലെ സര്‍ക്കാര്‍ ആരോഗ്യസംവിധാനങ്ങളിലെ തിരക്ക് കൂടിക്കൊണ്ടേ ഇരിക്കുന്നതിന്റെ കാരണം ആരോഗ്യ രംഗത്ത് വര്‍ധിച്ചു വരുന്ന ചിലവാണ്. 

10.  വികസ്വര രാജ്യങ്ങളിലും വികസിത രാജ്യങ്ങളിലും ആയി അനവധി നാടുകളിലെ ആരോഗ്യസംവിധാനം ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. അതി സമ്പന്നമായ ബ്രൂണേയും സ്വിറ്റ്സര്‍ലാന്‍ഡും പോലുള്ള രാജ്യങ്ങളില്‍ ജീവിച്ചിട്ടുമുണ്ട്.  ജര്‍മ്മനിയിലെ ആരോഗ്യ രംഗവും പൊതുവെ മെച്ചപ്പെട്ടതാണ്. പക്ഷെ പൊതുമേഖലയിലെ സ്വകാര്യമേഖലയിലും ഉള്ള ആരോഗ്യസംവിധാനങ്ങള്‍ കോര്‍ത്തിണക്കി ഏതൊരു സാധാരണക്കാരനും ആധുനിക ചികിത്സ സാധ്യമാക്കുന്നൊരു സംവിധാനം ഇത്രയും കുറഞ്ഞ വിഭവങ്ങള്‍ ഉള്ള സമ്പദ്വ്യവസ്ഥയുടെ പരിമിതികളില്‍ വച്ച് സാധ്യമാക്കുന്ന മറ്റൊരു സ്ഥലം ഞാന്‍ ഇന്ന് വരെ കണ്ടിട്ടില്ല. അതിന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ മുതല്‍ അതിന് മുകളില്‍ ഉള്ള വകുപ്പും മന്ത്രിയും ഒക്കെ അഭിനന്ദനം അര്‍ഹിക്കുന്നവര്‍ തന്നെയാണ്.

11. ഇതെനിക്ക് ഒരു തത്വശാസ്ത്രം മാത്രമല്ല.  ലോകത്തെവിടെയും ഉള്ള ഏറ്റവും മികച്ച ആരോഗ്യസംവിധാനങ്ങള്‍ ഉപയോഗിക്കാനുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ എനിക്കുണ്ട്. പക്ഷെ ആരോഗ്യപരിപാലനത്തിനുള്ള ചെക്കപ്പിനും ചികിത്സക്കും ഞാന്‍ ഇപ്പോഴും  ആശ്രയിക്കുന്നത് കേരളത്തിലെ സര്‍ക്കാരിലും സ്വകാര്യത്തിലും ഉള്ള  ആരോഗ്യസംവിധാനങ്ങളെ തന്നെയാണ്. എന്റെ സുഹൃത്തുക്കള്‍ അവിടെ ഉള്ളതോ, അവിടെ എനിക്ക് പ്രത്യേക പരിഗണന ലഭിക്കുന്നതോ ഒന്നുമല്ല അതിന് കാരണം. ന്യായമായ വേഗതയില്‍ ഡോക്ടര്‍മാരെ കാണാന്‍ സാധിക്കുന്നു എന്നതും, ടെസ്റ്റുകളും സ്‌കാനിങ്ങുകളും ഒക്കെ നടത്താന്‍ ആഴ്ചകള്‍ കാത്തിരിക്കേണ്ട എന്നതും,  മറ്റു രാജ്യങ്ങളെക്കാള്‍ പതിന്മടങ്ങ് രോഗികളെ കാണുന്നതിനാല്‍ അതിവേഗതയില്‍ നമ്മുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ കേരളത്തിലെ ഡോക്ടര്‍മാര്‍ക്ക്  സാധിക്കുന്നു എന്നതുമാണ് ഇതിന് അടിസ്ഥാന കാരണം. ഇതെന്റെ മാത്രം അനുഭവമല്ല. ആയിരക്കണക്കിന് രോഗികള്‍ ആഫ്രിക്കയില്‍ നിന്നും മധ്യേഷ്യയില്‍ നിന്നും നമ്മുടെ ഏറ്റവും ചിലവേറിയ ആശുപത്രികളില്‍ പോലും എത്തുന്നത് മറ്റൊന്നുകൊണ്ടുമല്ല.

12. നമ്മുടെ ആരോഗ്യ രംഗത്തിന്റെ മേന്മയും നമ്മള്‍ നടത്തുന്ന പുരോഗതിയും കാണാനും അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ പിന്തുണയ്ക്കാനും അഭിനന്ദിക്കാനും ഒന്നും നമ്മള്‍ പൊതുവെ സമയം കണ്ടെത്താറില്ല. അതേ സമയം ഇവിടുത്തെ ചെറിയ കുറ്റങ്ങള്‍ പോലും പര്‍വ്വതീകരിച്ചു ആരോഗ്യ സംവിധാങ്ങളെ താറടിക്കാന്‍ തിരക്കാണ് താനും.  ഇപ്പോള്‍ ആത്മാര്‍ത്ഥതയുള്ള ഒരു ഡോക്ടര്‍ സഹികെട്ട്  നടത്തിയ  ഒരു തുറന്നു പറച്ചില്‍ അവസരമാക്കി കേരളത്തിലെ ആരോഗ്യരംഗത്തെ മൊത്തം മോശമാക്കി ചിത്രീകരിക്കാന്‍  ഇറങ്ങി പുറപ്പെട്ടിരിക്കുന്ന ഏറെ ആളുകളെ നമുക്ക് കാണാം. ഇതില്‍ യഥാര്‍ത്ഥത്തില്‍ നമ്മുടെ ആരോഗ്യരംഗം നന്നാകണമെന്ന് ആഗ്രഹിക്കുന്നവര്‍ മുതല്‍ കേരളത്തെ പറ്റി എന്തെങ്കിലും കുറ്റം പറയാന്‍ നോക്കിയിരിക്കുന്നവര്‍ വരെ ഉണ്ട്. 

13. വിമര്‍ശകരുടെ ഉദ്ദേശം എന്തായാലും ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ നമ്മുടെ ആരോഗ്യരംഗം കൂടുതല്‍ മെച്ചപ്പെടുത്താനാണ് നമ്മള്‍ ഉപയോഗിക്കേണ്ടത്. ഇതിനെ ഒരു ഡോക്ടറിലേക്കോ, ഒരാശുപത്രിയിലേക്കോ, രാഷ്ട്രീയത്തിലേക്കോ ചുരുക്കുന്നത് ഒരു വലിയ അവസരം നഷ്ടപ്പെടുത്തലാണ്. 

14. നമ്മുടെ ആരോഗ്യരംഗത്തെ മരുന്നുകള്‍ ആയാലും ഉപകരണങ്ങള്‍ ആയാലും വാങ്ങുന്നതിന് ഉള്ള ബ്യൂറോക്രാറ്റിക് നൂലാമാലകള്‍ എങ്ങനെയാണ് കുറക്കാന്‍ സാധിക്കുന്നത് ?. ചട്ടങ്ങള്‍ പാലിക്കാതിരുന്നാല്‍ ഡോക്ടര്‍മാരും ഉദ്യോഗസ്ഥന്മാരും അഴിമതി ആരോപണങ്ങള്‍ നേരിടുകയും പെന്‍ഷന്‍ വാങ്ങാന്‍ ബുദ്ധിമുട്ടുകയും ചെയ്യും. അതെ സമയം ചട്ടങ്ങള്‍ സങ്കീര്‍ണ്ണമാക്കിയാല്‍ പണമുണ്ടെങ്കിലും കാര്യം നടക്കാതെ വരും. എങ്ങനെയാണ് ഇത് മാറ്റാന്‍ സാധിക്കുന്നത് ?. സര്‍ക്കാറിനകത്തുള്ളവര്‍ക്കുള്ള ഒരു നല്ല ബിസിനസ്സ് പ്രോസസ്സ് ഇമ്പ്രൂവ്‌മെന്റ് പ്രോജക്റ്റ് ആണിത്. യുവ ഐ എ എസ് - കെ എ എസ്സുകാര്‍ക്ക് ഒരു കൈ നോക്കാവുന്നതാണ്.

15. നമ്മുടെ ആശുപത്രികളില്‍ എത്തുന്നവര്‍ക്ക് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ എങ്ങനെയാണ് നല്കാന്‍ സാധിക്കുന്നത് ?. മുന്ന ഭായ് എം ബി ബി എസ് എന്ന ചിത്രത്തില്‍ മകന്‍ മരിച്ചതറിയാതെ ആശുപത്രിയില്‍ എത്താന്‍ പോകുന്ന അമ്മയോട് 'ഫോം ഫില്‍ ചെയ്യാന്‍ പറയരുത്' എന്ന് മുന്നാ ഭായ് പറയുന്ന ഒരു രംഗം ഉണ്ട്. ഒരു വശത്ത് നമ്മുടെ ഓരോ ആശുപത്രിയിലും വിവിധ വകുപ്പുകളുടെ പ്രൊസീജിയറുകള്‍ സംയോജിപ്പിക്കുന്ന ഒരു റാഷണലൈസേഷന്‍ വരണം. ഇതില്‍ കംപ്യൂട്ടറൈസേഷന്‍ ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സാദ്ധ്യതകള്‍ ആലോചിക്കണം.  ഇതൊക്കെ നമ്മുടെ മാനേജ്മെന്റ് പഠിപ്പിക്കുന്ന സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോജക്ടുകള്‍ ആക്കി കൊടുക്കാവുന്നതേ ഉള്ളൂ.

16. ആശുപത്രികളില്‍ ആദ്യമായി എത്തുന്നവരെ സഹായിക്കാന്‍ ആശുപത്രിയുടെ ലെ ഔട്ടും ചട്ടങ്ങളും ഒക്കെ അറിയാവുന്ന ഒരു സന്നദ്ധ സേന ഉണ്ടായാല്‍ ഏറെ നന്നാകുമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അവരെ സഹായിക്കാന്‍ ഓരോ ആശുപത്രികള്‍ക്കും വേണ്ടി ഒരു ആപ്പ് ഉണ്ടാക്കാം. നമ്മുടെ വിദ്യാര്‍ത്ഥികളില്‍ ഇപ്പോള്‍ ഏറെ സന്നദ്ധ മനോഭാവം ഉണ്ട്. കേരളത്തിലെ നാഷണല്‍ സര്‍വീസ് സ്‌കീം മുഖാന്തിരമോ അല്ലെങ്കില്‍ മറ്റു സന്നദ്ധ സംഘടനകളുമായി ചേര്‍ന്നോ ഇത്തരം ഒരു വളണ്ടീയര്‍ സംവിധാനം നമ്മുടെ മേജര്‍ ആശുപത്രികളില്‍ എങ്കിലും ഉണ്ടാക്കിയാല്‍ ആളുകള്‍ക്ക് ഏറെ സഹായകരമാകും, ആരോഗ്യപ്രവര്‍ത്തകരുടെ സമയം  കൂടുതല്‍ നല്ലകാര്യങ്ങള്‍ക്ക് ഉപയോഗിക്കാം, ആശുപത്രിയുടെ നടത്തിപ്പ് കൂടുതല്‍ എളുപ്പത്തിലാക്കാം. പരാതികള്‍ ഏറെ കുറയുകയും ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്ക് നമ്മുടെ ആരോഗ്യ രംഗത്തെ പറ്റി മനസിലാക്കുക മാത്രമല്ല നാട്ടിലും വിദേശത്തും ഉന്നത പഠനത്തിന് പോകുമ്പോള്‍ അവരുടെ ബയോഡേറ്റയില്‍ ചേര്‍ക്കാന്‍ നല്ല ഒരു എക്‌സ്പീരിയന്‍സും ആയി.

17. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചിലവ് ഏറെ കുറവാണെന്ന് പറഞ്ഞുവല്ലോ. പക്ഷെ ചികിത്സ ലഭിക്കുന്നവരില്‍ ഒരു നല്ല ശതമാനത്തിനെങ്കിലും ന്യായമായ പണം കൊടുക്കാനുള്ള വരുമാനവും താല്പര്യവും ഉണ്ടാകും. പക്ഷെ ഇപ്പോള്‍ അത്തരത്തില്‍ പണം കൊടുക്കുന്നത് എളുപ്പമല്ല. ഇത്തരത്തില്‍ സ്വന്തം ഇഷ്ടപ്രകാരം ആണെങ്കില്‍ പോലും ആശുപത്രികള്‍ക്ക് പണം നല്‍കാനുള്ള സംവിധാനവും അത് കാര്യക്ഷമമായി ആശുപത്രിയിലെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള രീതികളും ഉണ്ടാക്കിയാല്‍ ഏറെ സഹായകരമാകും. ഇത്തരത്തില്‍ ഒരു സംവിധാനം ഒരിക്കല്‍ ബജറ്റില്‍ നിര്‍ദ്ദേശിച്ചിരുന്നു എന്നാണ് എന്റെ ഓര്‍മ്മ, പക്ഷെ ഇത് വേണ്ടത്ര വ്യാപകമായി നടപ്പിലാക്കിയിട്ടില്ല. എങ്ങനെയാണ് ഇത് ഫാസ്റ്റ് ട്രാക്ക് ചെയ്യുന്നത്?

18. രണ്ടാം പിണറായി സര്‍ക്കാരിലെ പുതിയ മന്ത്രിമാരില്‍ ഏറ്റവും കൂടുതല്‍ ഓഡിറ്റ് ചെയ്യപ്പെടുന്നത് ആരോഗ്യമന്ത്രിയായ ശ്രീമതി വീണ ജോര്‍ജ്ജ് ആണ്. അതിന് പല കാരണങ്ങള്‍ ഉണ്ട്, പക്ഷെ മാധ്യമരംഗത്ത് നിന്നും ഒരാള്‍ വളര്‍ന്നു വന്നതിനാല്‍ ആ രംഗത്തുള്ളവരുടെ 'സൂക്ഷ്മപരിശോധന' അതിനൊരു കാരണമാണ്. പക്ഷെ ഈ വിമര്‍ശനങ്ങള്‍ക്ക് നടുവിലും  നമ്മുടെ ആരോഗ്യ സംവിധാനങ്ങളെ മുന്നില്‍ നിന്നും നയിക്കുന്നതിനോടൊപ്പം ഈ  വിഷയത്തില്‍ ഉള്‍പ്പടെ വളരെ പക്വമായ നിലപാടാണ് ബഹുമാനപ്പെട്ട മന്ത്രി സ്വീകരിച്ചിരിക്കുന്നത്.  ഡോക്ടര്‍ ഉയര്‍ത്തിയ വിഷയത്തിന് പരിഹാരം കണ്ടതിനോടൊപ്പം ഇത്തരം സാഹചര്യങ്ങളെ പറ്റി പഠിക്കാന്‍ ആളുകളെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. നമ്മുടെ ആരോഗ്യ രംഗം കൂടുതല്‍ മെച്ചപ്പെട്ടതാകുക തന്നെ ചെയ്യും.

ഈ വിഷയത്തില്‍ വിമര്‍ശനങ്ങള്‍ നമ്മള്‍ ഏറെ കേട്ട് കഴിഞ്ഞു.   അതുകൊണ്ട് തന്നെ നമ്മുടെ ആരോഗ്യ രംഗം, പ്രത്യേകിച്ച് സര്‍ക്കാര്‍ സംവിധാനങ്ങള്‍, എങ്ങനെ കൂടുതല്‍ ഫലപ്രദം ആക്കാം എന്ന് നിങ്ങളുടെ അഭിപ്രായങ്ങളും പങ്കുവെക്കൂ.

 

Tags