സിനിമാ രംഗത്തെ ചൂഷണമൊക്കെ പണ്ടേ അറിയുന്ന കാര്യം, അറിയേണ്ടത് മറ്റൊന്നാണെന്ന് മുരളി തുമ്മാരുകുടി


കൊച്ചി: സിനിമാ രംഗത്ത് വനിതകള്‍ അനുഭവിക്കുന്ന യാതനകളെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട ഹേമ കമ്മറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി. സിനിമാ രംഗത്തെ ചൂഷണങ്ങളെക്കുറിച്ച് പണ്ടേ കേള്‍ക്കുന്നതാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എന്തു നടപടിയാണ് കൈക്കൊള്ളുക എന്നതാണ് അറിയേണ്ടതെന്നും തുമ്മാരുകുടി പ്രതികരിച്ചു.
മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,
ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വായിക്കുന്നു
സിനിമാരംഗത്തെ ലൈംഗികചൂഷണങ്ങളെപ്പറ്റി സിനിമയെപ്പറ്റി കേള്‍ക്കുന്ന കാലം തൊട്ടേ കേള്‍ക്കുന്നതാണ്.
കാലവും നൂറ്റാണ്ടും മാറിയിട്ടും കാര്യങ്ങള്‍ ഇപ്പോഴും 'ബ്ലാക്ക് ആന്‍ഡ് വൈറ്റ്' കാലത്തേതില്‍ നിന്നും മാറിയിട്ടില്ല എന്നത് തെറ്റാണ്, ഒരു പരിഷ്‌കൃത സമൂഹത്തിന് അപമാനകരമാണ്.
ഇത്തരത്തില്‍ സ്ത്രീകളെ പീഢിപ്പിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്നവര്‍ 'താരങ്ങളായി' ഇപ്പോഴും നമ്മുടെ മുന്നില്‍ നില്‍ക്കുന്നു എന്നതും, അവര്‍ ചെയ്ത കുറ്റങ്ങള്‍ക്ക് യാതൊരു ശിക്ഷയോ പ്രത്യാഘാതമോ ഇല്ലാതെ തുടരുമെന്നതും എന്നെ നടുക്കുന്നുണ്ട്.

റിപ്പോര്‍ട്ട് പൊതുജനങ്ങളുടെ മുന്നില്‍ വക്കാന്‍ സമയം എടുത്തതിന് എന്തൊക്കെ കാരണങ്ങള്‍ ഉണ്ടായാലും റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചതിന് ശേഷം അവരുടെ കണ്ടെത്തലുകളിലും ശിപാര്‍ശകളിലും സാംസ്‌കാരിക മന്ത്രിമാര്‍ എന്ത് തീരുമാനമെടുത്തു എന്നറിയാന്‍ ജനങ്ങള്‍ക്ക് തീര്‍ച്ചയായും അവകാശമുണ്ട്.
പ്രത്യേകിച്ചും ആരോപണ വിധേയര്‍ ആയവര്‍ തന്നെ ഇപ്പോള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും കമ്മിറ്റികളിലും ഉണ്ടാകുമോ? അവര്‍ക്ക് സര്‍ക്കാര്‍ കോണ്‍ടാക്ടുകളും പുരസ്‌കാരങ്ങളും ഈ കഴിഞ്ഞ നാലു വര്‍ഷത്തിനകം ലഭിച്ചിട്ടുണ്ടാകുമോ? അങ്ങനെ സംഭവിച്ചാല്‍ അവര്‍ക്കെതിരെ മൊഴി നല്‍കിയവര്‍ക്ക് എന്ത് സന്ദേശമാണ് നല്‍കുന്നത്?
ഒരാള്‍ ആരോപണ വിധേയന്‍ ആയതുകൊണ്ട് അയാള്‍ തെറ്റുകാരന്‍ ആകണമെന്നില്ല. ഇപ്പോള്‍ അവരുടെ പേരുകള്‍ പുറത്തു വരാത്തത് കൊണ്ട് നായകന്‍മാര്‍ മുതല്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വരെയുള്ള സിനിമാലോകം സംശയത്തിന്റെ നിഴലിലാണ്. ഇവിടെ നെല്ലും പതിരും തിരിച്ച് എങ്ങനെയാണ് ആരോഗ്യകരമായ ഒരു തൊഴില്‍മേഖല സിനിമാരംഗത്ത് ഉണ്ടാക്കുന്നത്?
#metoo മൂവ്‌മെന്റിനു ശേഷം ലോകത്തെമ്പാടും ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടായി. അത് കൈകാര്യം ചെയ്തതിന്റെ നല്ല മാതൃകള്‍ ഉണ്ടല്ലോ?
ഒരു കാര്യം മാത്രം പ്രതീക്ഷ നല്‍കുന്നു. സിനിമാരംഗത്തും ആത്മവിശ്വാസമുള്ള സ്ത്രീകളുടെ കൂട്ടായ്മ വളര്‍ന്നു വരുന്നു. അവരെ ചവിട്ടിത്താഴ്ത്താനുള്ള ശ്രമങ്ങളെ അതിജീവിച്ചും അവര്‍ മുന്നോട്ടുപോകുന്നു.
സമൂഹത്തിന്റെ പിന്തുണ അവര്‍ക്കാകണം. മറ്റേതൊരു തൊഴില്‍ രംഗത്തേയും പോലെ തൊഴില്‍ കിട്ടാനും തുടരാനും ലൈംഗിക ചൂഷണങള്‍ക്കും പീഢതങ്ങള്‍ക്കും നിന്നുകൊടുക്കേണ്ട ആവശ്യം ഉണ്ടാകരുത്.
നമ്മള്‍ ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ ആണ്.