കുട്ടികള്‍ സുരക്ഷിതരാകാതെ വാഹനം അനക്കരുത്, തുമ്മാരുകുടി നേരത്തെ പറഞ്ഞു, ഏവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതാ
കാസര്‍കോട്: സ്‌കൂളുകള്‍ തുറന്നാലും അടച്ചാലുമെല്ലാം കുട്ടികള്‍ അപകടത്തില്‍പ്പെടുന്ന വാര്‍ത്തകളാണ് എല്ലാ ദിവസവും. മുതിര്‍ന്നവരുടെ അശ്രദ്ധയാണ് ഭൂരിഭാഗം അപകടങ്ങള്‍ക്കും കാരണം. അല്‍പമൊന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍ ആ കുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുമായിരുന്നില്ല. ഏറ്റവുമൊടുവില്‍ കാസര്‍കോട് നാലുവയസുകാരി സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴി സ്‌കൂള്‍ വാഹനം തട്ടി മരണപ്പെട്ടത് ഏറെ സങ്കടകരമായ കാര്യമാണ്.
tRootC1469263">കുട്ടി വീട്ടിലേക്ക് മടങ്ങിയ അതേ വാഹനമിടിച്ച് അപകടമുണ്ടാകുന്നത് എത്ര വലിയ അശ്രദ്ധയാണെന്നോര്‍ക്കണം. ബസ്സിലെ സഹായിക്കും ഡ്രൈവര്‍ക്കുമെല്ലാം ഇത്തരം അപകടങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്നും മാറിനില്‍ക്കാനാകില്ല. കുട്ടികള്‍ വാഹനമിറങ്ങി രക്ഷിതാവിനൊപ്പം സുരക്ഷിതമായി എന്നുറപ്പിക്കാതെ വാഹനം അനക്കരുത്.
കമ്പാര്‍ ശ്രീബാഗിലു പെരിയഡുക്ക മര്‍ഹബ ഹൗസിലെ മുഹമ്മദ് സുബൈറിന്റെ മകള്‍ സോയ (4) ആണ് കഴിഞ്ഞദിവസമുണ്ടായ അപകടത്തില്‍ മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ബസില്‍ നിന്ന് ഇറങ്ങി കുട്ടി വീട്ടിലേക്ക് പോകുന്നതിനിടെ ബസ്സിനടിയില്‍പ്പെടുകയായിരുന്നു. സ്‌കൂള്‍ ബസ് തിരിച്ചുപോകുന്നതിനായി റിവേഴ്സ് എടുക്കുമ്പോഴായിരുന്നു സംഭവം. സമീപത്ത് ജോലി ചെയ്യുകയായിരുന്ന സ്ത്രീകള്‍ അപകടം ഉണ്ടായ ഉടനെ സ്ഥലത്തെത്തുകയും കൂട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കുട്ടികളുടെ സുരക്ഷ അധ്യാപകരുടേയും രക്ഷിതാക്കളുടേയുമെല്ലാം ചുമതലയാണ്. ബസ്സിറങ്ങിയ കുട്ടി അതേ ബസ്സിടിച്ച് മരിക്കുന്നത് ഇതാദ്യ സംഭവമല്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചിട്ടും ഇക്കാര്യത്തില്‍ സുരക്ഷപാലിക്കാനാകാത്തത് വലിയ വീഴ്ചയാണ്. യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി സ്‌കൂള്‍ തുറന്നപ്പോള്‍ തന്നെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.
വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും സ്‌കൂള്‍ വാഹനത്തിലുള്ളവര്‍ക്കുമെല്ലാം കൃത്യമായ ബോധവത്കരണം നടത്തുകയും അത് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. ഇനിയൊരു കുട്ടി അശ്രദ്ധമൂലം പൊലിയരുത്.
മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,
ഒരവധി, ഒരനുശോചനം, കഥ കഴിഞ്ഞു
കാസര്‍ഗോഡ് സ്‌കൂള്‍ ക്യാംപസില്‍ മരം മറിഞ്ഞുവീണ് ഒരു വിദ്യാര്‍ത്ഥിനി മരിച്ചു എന്ന വാര്‍ത്ത എന്നെ വളരെ സങ്കടപ്പെടുത്തുന്നു. ഓരോ വര്‍ഷവും സ്‌കൂള്‍ തുറക്കുന്ന ആഴ്ച എനിക്ക് പേടിയാണ്. കാരണം, അന്പത് ലക്ഷത്തോളം കുട്ടികളാണ് വീണ്ടും സ്‌കൂളിലേക്ക് എത്തുന്നത്. അതില്‍ ലക്ഷക്കണക്കിന് കുട്ടികള്‍ ആദ്യമായിട്ടാണ് സ്‌കൂളില്‍ എത്തുന്നത്. ഓരോ വര്‍ഷവും നമ്മുടെ സ്‌കൂളുകളില്‍ പല തരം അപകടങ്ങള്‍ ഉണ്ടാകുന്നു. പാന്പ് കടിച്ച്, ജാവലിന്‍ കൊണ്ട്, മരം വീണ്, രണ്ടാം നിലയില്‍ നിന്നും താഴേക്ക് വീണ് എന്നിങ്ങനെ.
എല്ലാ വര്‍ഷവും സ്‌ക്കൂള്‍ വര്‍ഷം അവസാനിക്കുന്‌പോഴും എനിക്ക് പേടിയാണ്. കാരണം അവധിക്കാലത്തെ മുങ്ങിമരണങ്ങള്‍ തന്നെ. ഓരോ അവധിക്കാലത്തും എത്രയോ കുട്ടികളാണ് മുങ്ങി മരിക്കുന്നത്. എല്ലാ വര്‍ഷവും ഞാന്‍ മുന്നറിയിപ്പുകളും നിര്‍ദ്ദേശങ്ങളും നല്‍കാറുണ്ട്. വളരെ ആളുകള്‍ അത് കാണുന്നുണ്ടാകണം, കുറച്ചു പേരെങ്കിലും ശ്രദ്ധിക്കുന്നുണ്ടാകണം. പക്ഷെ രക്ഷപ്പെടുന്ന ജീവന്റെ കഥ നമ്മള്‍ അറിയില്ലല്ലോ. പക്ഷെ മരിക്കുന്നവരുടെ വാര്‍ത്ത വീണ്ടും കേള്‍ക്കുകയും ചെയ്യും.
സ്‌കൂളുകള്‍ക്കുള്ളില്‍ നടക്കുന്ന അപകടങ്ങളും മരണങ്ങളും കൂടാതെ സ്‌കൂളുമായി ബന്ധപ്പെട്ട അപകടങ്ങളും ഉണ്ട്. സ്‌പോര്‍ട്‌സ് പരിപാടികള്‍ നടക്കുന്‌പോള്‍, ആര്‍ട്‌സ് ഫെസ്റ്റിവല്‍ നടക്കുന്‌പോള്‍, സ്‌കൂളിലേക്കും പുറത്തുമുള്ള യാത്രകളില്‍, വിനോദ യാത്രകളില്‍ എന്നിങ്ങനെ.
കൂടാതെ സ്‌കൂള്‍ ആക്ടിവിറ്റികള്‍ക്ക് പുറത്തും കേരളത്തില്‍ വിദ്യാര്‍ഥികള്‍ അപകടത്തില്‍ പെടുന്നുണ്ട്, മരിക്കുന്നുണ്ട്. എത്ര? ഇങ്ങനെ ഒരു കണക്ക് സര്‍ക്കാര്‍ സൂക്ഷിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. പത്തു വര്‍ഷമായി ഞാന്‍ ശ്രമിച്ചിട്ട് കിട്ടിയിട്ടില്ല.
എന്നാല്‍ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോക്ക് മൊത്തം അപകട മരണത്തിന്റെ കണക്കുണ്ട്. അല്പം വിചിത്രമായ രീതിയില്‍ ആണ് അതിന്റെ ക്ലസ്സിഫിക്കേഷന്‍.
കേരളത്തില്‍ 2021 ലെ കണക്കാണ്.
പതിനാലു വയസ്സില്‍ താഴെ - 440 മരണം, പതിനാലിനും പതിനെട്ടിനും ഇടക്ക് - 190 മരണം, പതിനെട്ടിനും മുപ്പതിനും ഇടക്ക് 1672 മരണം.
ഇതില്‍ കേരളത്തിലെ സാഹചര്യത്തില്‍ പതിനാലിനും പതിനെട്ടിനും ഇടക്കുള്ളവര്‍ മിക്കവാറും വിദ്യാര്‍ഥികള്‍ തന്നെ ആയിരിക്കും. പതിനാലില്‍ താഴെ ഉള്ളവരില്‍ മൂന്നില്‍ രണ്ടും, മുപ്പതില്‍ താഴെ ഉള്ളവര്‍ മൂന്നില്‍ ഒന്നും എന്ന് കണക്കാക്കിയാല്‍ പോലും മൊത്തം ഓരോ വര്‍ഷവും കേരളത്തില്‍ മരണപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം തൊള്ളായിരത്തിന് അടുത്ത് വരും.
ഇത് രണ്ടായിരത്തി ഇരുപത്തി ഒന്നിലെ കണക്കാണ്. കോവിഡിന്റെ കാലമായിരുന്നതിനാല്‍ പൊതുവെ കുട്ടികളുടെ വീടിനു പുറത്തുള്ള ആക്ടിവിറ്റികള്‍ കുറഞ്ഞ കാലം ആയിരുന്നു. ഇപ്പോള്‍ ഇത് ആയിരം കവിഞ്ഞിരിക്കാനാണ് വഴി.
നിര്‍ഭാഗ്യവശാല്‍ അവര്‍ പഠിക്കുന്ന വിദ്യാലയത്തില്‍ ഒരു ദിവസം അവധി, ഒരു അനുശോചന സമ്മേളനം. അതിനപ്പുറം നമ്മള്‍ ഈ വിഷയത്തെ പറ്റി കൂടുതല്‍ ചിന്തിക്കുന്നില്ല എന്നാല്‍ ഇത് സംഭവിക്കുന്ന വീടുകളില്‍ അതിന് ശേഷം സന്തോഷം ഉണ്ടാകില്ല.
1983 ലാണ് എന്റെ സഹപാഠിയായ ഷിബു മുങ്ങി മരിച്ചത്. ഇന്നിപ്പോള്‍ എന്റെ സഹപാഠികള്‍ 'വയസ്സായി' മരിച്ചു തുടങ്ങി, എന്നിട്ടും ഷിബുവിനെ പറ്റി ഓര്‍ക്കുന്‌പോള്‍ എനിക്ക് വിഷമമാണ്. അപ്പോള്‍ അവന്റെ മാതാപിതാക്കളുടെയും സഹോദരിയുടെയും സങ്കടം ചിന്തിക്കാമല്ലോ.
നമ്മുടെ സ്‌കൂളുകള്‍ സുരക്ഷിതമാക്കുന്നതോടൊപ്പം നല്ല സുരക്ഷാ ബോധവും നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കണം. എന്നാല്‍ ഒറ്റ വര്‍ഷം കൊണ്ട് തന്നെ വിദ്യാര്‍ത്ഥികളുടെ മരണം പകുതിയാക്കാം.
നമ്മുടെ എല്ലാ വിദ്യാലയങ്ങളിലും ഒരു സുരക്ഷാ ഓഡിറ്റ് നടത്തി അപകട സാദ്ധ്യതകള്‍ ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഒരാഴ്ചത്തെ കാര്യമേ ഉള്ളൂ. ഓരോ സ്‌കൂള്‍ പ്രവേശനോത്സവവും സുരക്ഷയെ പറ്റി പഠിപ്പിക്കണം. ഒരു മണിക്കൂര്‍ മതി.
കോളേജ് കാന്പസിലെ ഓറിയന്റേഷനും സുരക്ഷയില്‍ നിന്നും തുടങ്ങണം - ഒരു മണിക്കൂര്‍ നേരത്തെ കാര്യമേ ഉള്ളൂ.
പത്തു വയസ് കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രഥമ ശുശ്രൂഷയിലും സി.പി.ആറിലും പരിശീലനം നല്‍കണം - കൂടിയാല്‍ രണ്ടു മണിക്കൂര്‍.
ഓരോ വിനോദയാത്രക്കും സ്‌പോര്‍ട്‌സ് ഫെസ്‌റിവലിനും മുന്‍പ് സുരക്ഷെയെപ്പറ്റി ചിന്തിക്കണം, സംസാരിക്കണം, തയ്യാറെടുക്കണം.
സ്‌കൂളില്‍ രണ്ട് അധ്യാപകരെ എങ്കിലും പ്രാഥമിക സുരക്ഷാ പാഠങ്ങള്‍ പരിശീലിപ്പിക്കണം. അതാരാണെന്ന് കുട്ടികള്‍ അറിഞ്ഞിരിക്കണം.
ഇങ്ങനെ ചെയ്താല്‍, നമ്മുടെ വിദ്യാര്‍ഥികള്‍ സുരക്ഷിതരാകും. അവരുടെ വീട്ടുകാരിലേക്കും സുരക്ഷാ ബോധം സ്വാഭാവികമായി എത്തും. അവര്‍ തൊഴിലിടങ്ങളില്‍ ചെല്ലുന്‌പോഴും സുരക്ഷയെ പറ്റി ചിന്തിക്കും. നമുക്ക് സുരക്ഷാ ബോധം ഉള്ള ഒരു സമൂഹം ഉണ്ടാകും. ഉണ്ടാകേണ്ടേ?
സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ മാത്രം വിഷയമാക്കി ഞാന്‍ ഒരു കൈപ്പുസ്തകം തയ്യാറാക്കിയിട്ടുണ്ട്. എങ്ങനെയാണ് സ്‌കൂളില്‍ സുരക്ഷ ഓഡിറ്റ് നടത്തേണ്ടത് എന്ന് അതില്‍ ഉണ്ട്.
.jpg)


