എംഎല്‍എമാരുടെ ജോലി പാലം പണിയല്ല, ഉമ്മന്‍ ചാണ്ടിക്ക് പിന്തുണയുമായി മുരളി തുമ്മാരുകുടി

Muralee Thummarukudy
Muralee Thummarukudy

കോട്ടയം: പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കുകയാണ്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മണ്ഡലത്തില്‍ മകന്‍ ചാണ്ടി ഉമ്മനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. രണ്ട് തവണ ഉമ്മന്‍ ചാണ്ടിയോട് മത്സരിച്ച് തോറ്റ ജെയ്ക്ക് സി തോമിസ് ഇടതുമുന്നണിക്കായും കളത്തിലിറങ്ങുന്നു. ബിജെപി സ്ഥാനാര്‍ത്ഥിയെക്കൂടി പ്രഖ്യാപിക്കുന്നതോടെ തെരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കും.

ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് മണ്ഡലത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള സഹതാപതരംഗം മറികടക്കുകയാകും സിപിഎം നേരിടുന്ന പ്രധാന വെല്ലുവിളി. നേരത്തെ തൃക്കാക്കരയില്‍ വലിയ മാര്‍ജിനിലുള്ള തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നതിനാല്‍ ഭൂരിപക്ഷം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തിലൂന്നിയാകും എല്‍ഡിഎഫിന്റെ പ്രവര്‍ത്തനം.

സഹതാപതരംഗത്തിലൂന്നി പ്രചരണം മുന്നോട്ടുകൊണ്ടുപോകാതിരിക്കാനായി വികസനം ചര്‍ച്ച ചെയ്യാന്‍ എല്‍ഡിഎഫ് യുഡിഎഫിനെ വെല്ലുവിളിക്കുന്നു. മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടി വികസനമൊന്നും കൊണ്ടുവന്നിട്ടില്ല എന്നാണ് എല്‍ഡിഎഫിന്റെ വാദവും പ്രചരണവും. എന്നാല്‍, മണ്ഡലത്തില്‍ പാലങ്ങളും റോഡുകളുമെല്ലാം പണിയുകയല്ല മുഖ്യമന്ത്രിയുടേയും എംഎല്‍എയുടേയും ജോലിയെന്നാണ് യുഎന്‍ ഉദ്യോഗസ്ഥാനായ മുരളി തുമ്മാരുകുടി പറയുന്നത്.

ഒരു മണ്ഡലത്തില്‍ മാത്രം വികസനം കൊണ്ടുവരികയല്ല മുഖ്യമന്ത്രിയുടെ ജോലി. നാടിന്റെ മൊത്തം വികനസമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ലക്ഷ്യമിടേണ്ടത്. എംഎല്‍എ, എംപി ഫണ്ടുകളോടുതന്നെ തനിക്ക് യോജിപ്പില്ല. പൊതുമരാമത്ത് വകുപ്പിന്റെ ജോലിയാണ് പാലങ്ങളും മറ്റും നിര്‍മിക്കുകയെന്നത്. നിയമനിര്‍മാണമാണ് ഇവരുടെ പ്രഥമ കര്‍ത്തവ്യം. അതില്‍ എത്രത്തോളം പങ്കാളികളായി എന്നതാകണം അവരുടെ അളവുകോല്‍ എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,


പുതുപ്പള്ളിയിലെ പാലം

ശ്രീ ഉമ്മന്‍ചാണ്ടിയുടെ മരണശേഷം ഒട്ടും താമസിയാതെ പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ഒരു കണക്കിന് വിഷമമായി. കേരള രാഷ്ട്രീയത്തില്‍ ആറ് പതിറ്റാണ്ട് നിറഞ്ഞു ജീവിച്ച ഒരാളെപ്പറ്റി നല്ലതൊക്കെ പറഞ്ഞു തീരുന്നതിന് മുന്‍പ് തന്നെ രാഷ്ട്രീയകരണങ്ങളാല്‍ കുറ്റപ്പെടുത്തേണ്ടി വരുന്നത് വിഷമമല്ലേ.

മുഖ്യമന്ത്രി ആയിരുന്ന ശ്രീ ഉമ്മന്‍ ചാണ്ടിയുടെ മണ്ഡലത്തില്‍ റോഡുകളും പാലങ്ങളും ഒക്കെ വേണ്ടത്ര വികസിക്കപ്പെട്ടിട്ടില്ല എന്നതാണ് ഒരു മുഖ്യമായ കുറവായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇത് സത്യമാണോ എന്നൊന്നും എനിക്കറിയില്ല. ഇക്കാലത്ത് ഒരു ചിത്രം കണ്ടാല്‍ തന്നെ അത് സത്യമാണോ ഫോട്ടോഷോപ്പ് ആണോ എന്നൊന്നും അറിയാന്‍ പറ്റില്ല.

പക്ഷെ അറിയാവുന്ന ഒന്നുണ്ട്. ഒരാള്‍ മുഖ്യമന്ത്രി ആയാല്‍ അയാളെ അളക്കേണ്ടത് സ്വന്തം മണ്ഡലത്തില്‍ എത്രമാത്രം വികസനം കൊണ്ടുവന്നു എന്ന അളവുകോല്‍ വച്ചിട്ടല്ല.  സത്യത്തില്‍ ഒരു മന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ മണ്ഡലത്തില്‍  ചുറ്റുമുള്ള പ്രദേശങ്ങളെക്കാള്‍ കൂടുതല്‍ വികസനം ഉണ്ടെങ്കില്‍ അത് തെറ്റായ കീഴ്വഴക്കമാണ്. കാരണം ആരും അങ്കമാലിയുടെ പ്രധാനമന്ത്രിമാര്‍ അല്ലല്ലോ, മൊത്തം സംസ്ഥാനത്തിന്റെ മന്ത്രിയും മുഖ്യമന്ത്രിയും ഒക്കെ അല്ലേ? അപ്പോള്‍ സ്വന്തം മണ്ഡലത്തോട് പക്ഷപാതം കാണിക്കാമോ?   സ്വന്തം സംസ്ഥാനത്തേക്ക് ട്രെയിന്‍ അനുവദിച്ചും സ്വന്തം മണ്ഡലത്തിലേക്ക് ബസ് ട്രിപ്പ് അനുവദിച്ചും ഒക്കെ ക്രെഡിറ്റ് നേടുന്ന മന്ത്രിമാരെ കണ്ടു കണ്ടാണ് ഇത് നമുക്ക് സ്വാഭാവികമായി തോന്നി തുടങ്ങിയത്. നാടിന്റെ മൊത്തമായി വികസനം ആയിരിക്കണം മന്ത്രിമാരും മുഖ്യമന്ത്രിമാരും ഒക്കെ ലക്ഷ്യമിടേണ്ടത്. അത് വച്ചാണ് അവരെ അളക്കേണ്ടത്.

'നിയമസഭാ' സമാജികരെ പാലം വച്ച് അളക്കുന്നതാണ് അതിലും അതിശയം. നിയമസഭാ സാമാജികരുടെ ഏറ്റവും അടിസ്ഥാനമായ കര്‍ത്തവ്യം നിയമ നിര്‍മ്മാണം ആണ്. ഒരാള്‍ അമ്പത് വര്‍ഷം നിയമസഭാ സാമാജികന്‍ ആയിട്ടുണ്ടെങ്കില്‍ ചോദിക്കേണ്ട ന്യായമായ ചോദ്യം എത്ര നിയമങ്ങളുടെ നിര്‍മ്മാണത്തിന് അദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ടെന്നാണ്. ഇത് നമ്മള്‍ തിരഞ്ഞു വിടുന്ന ഓരോ നിയമസഭാ സാമാജികരോടും ചോദിക്കേണ്ടതാണ്.  മറ്റു പല ജനാധിപത്യ രാജ്യങ്ങളിലും സെനറ്റര്‍മാരും എം പി മാരും ഒക്കെ രണ്ടാമത് തിരഞ്ഞെടുപ്പിനു മത്സരിക്കുമ്പോള്‍ അവരുടെ നിയമ നിര്‍മ്മാണ സഭയിലെ റെക്കോര്‍ഡ് ആണ് എടുത്ത് പറയുന്നത്.

ഇതിന് പകരം നമ്മള്‍ എന്താണ് ചെയ്യുന്നത് ?. നമ്മുടെ നിയമസഭാ സാമാജികരെ പൊതുമരാമത്ത് വകുപ്പിലെ എന്‍ജിനീയര്‍മാരുടെ തൊഴിലിലേക്ക് കുറച്ചു കൊണ്ട് വരികയാണ്. പണ്ടൊക്കെ പൊതുമരാമത്ത് മന്ത്രിയെ കണ്ട് മണ്ഡലത്തിലെ കാര്യങ്ങള്‍ പറഞ്ഞാല്‍ മതിയായിരുന്നു. ഇപ്പോള്‍ സര്‍ക്കാരില്‍ നിന്നും കിട്ടുന്ന എം എല്‍ എ ഫണ്ട് ഉപയോഗിച്ച് മണ്ഡലത്തിലെ മരാമത്തുകള്‍ ചെയ്യാനുള്ള പ്രോജക്റ്റ് ഉണ്ടാക്കി അത് നടപ്പിലാക്കാന്‍ സമയം ചിലവാക്കണം. മണ്ഡലത്തിലെ എല്ലാ കല്യാണത്തിനും മറ്റാവശ്യങ്ങള്‍ക്കും തല കാണിക്കണം,  നമ്മള്‍ അനാവശ്യത്തിന് പോലും ബന്ധപ്പെട്ടാല്‍ സഹായിക്കുകയോ സഹായിക്കുമെന്ന് പറയുകയോ ചെയ്യണം.  ഇതൊക്കെ ആണ് നമ്മള്‍ പ്രതീക്ഷിക്കുന്നത്. ഇതിനിടക്ക് നിയമം നിര്‍മ്മിക്കുന്നോ, ഭരണ സംവിധാനത്തിന്റെ അല്‍കൗണ്ടബിലിറ്റി ഉറപ്പാക്കുന്നോ   എന്നതൊന്നും നമുക്ക്  വിഷയമല്ല. സത്യത്തില്‍ ഈ എം എല്‍ എ, എം പി ഫണ്ടുകള്‍ തന്നെ  ഒരു നല്ല പരിപാടി ആണ് എന്ന് എനിക്ക് തോന്നുന്നില്ല. നിയമ നിര്‍മ്മാണ സഭയിലെ ഉത്തരവാദിത്തങ്ങള്‍ക്ക് ഇതൊരു ഡിസ്ട്രക്ഷന്‍ ആണ്.

ഇതൊക്കെ കണ്ടു വളരുന്ന പുതിയ തലമുറയിലെ നേതാക്കള്‍ ഇതൊക്കെയാണ് നിയമസഭാ സാമാജികരുടെ ഉത്തരവാദിത്തം എന്ന് ചിന്തിക്കുന്നു. കല്യാണങ്ങള്‍ കൂടുന്നു, എം എല്‍ എ ഫണ്ട് കൊണ്ട് പാലങ്ങള്‍ ഉണ്ടാക്കാന്‍ നോക്കുന്നു. ഇതൊക്കെ കൂടുതല്‍ ചെയ്യുന്നവരെ നാം തിരഞ്ഞെടുക്കുന്നു.  ഇതൊന്നും അടുത്തയിടക്കൊന്നും മാറുമെന്ന് തോന്നുന്നില്ല.
എന്നാലും പറയാനുള്ളത് പറയണമല്ലോ.

 

Tags