ഭാവിയില്‍ റോബോട്ടുകള്‍ ജോലി ചെയ്യുമ്പോള്‍ നോക്കുകൂലിക്ക് വലിയ ഭാവിയുണ്ടെന്ന് മുരളി തുമ്മാരുകുടി, ഇപ്പോള്‍ തൊഴില്‍ ചെയ്യുന്നവര്‍ക്കും ജീവിക്കണ്ടേ
ഒരു സ്ഥാപനം ഉപയോഗിക്കുന്ന ഓരോ റോബോട്ടിനും ഒരു 'റോബോട്ട് ടാക്‌സ്' വാങ്ങിയിട്ട് അത് റോബോട്ടുകള്‍ ഇല്ലാതാക്കുന്ന തൊഴിലുകള്‍ ചെയ്തുകൊണ്ടിരുന്നവരെ മറ്റു തൊഴിലുകള്‍ക്ക് പരിശീലിപ്പിച്ച് പുനരധിവസിപ്പിക്കാന്‍ ഉപയോഗിക്കാം എന്നാണ് ബില്‍ ഗേറ്റ്‌സ് ഉള്‍പ്പടെ ഉള്ളവര്‍ പറയുന്നത്.
കൊച്ചി: നോക്കുകൂലിയെന്ന സംവിധാനം ഭാവിയില്‍ പല രൂപത്തിലുമുണ്ടാകേണ്ടതാണെന്ന് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി. എഐ അധിഷ്ഠിത സാങ്കേതിക വിദ്യകള്‍ വന്നുകൊണ്ടിരിക്കുമ്പോള്‍ ഇപ്പോള്‍ ജോലി ചെയ്യുന്നവര്‍ക്കും ജീവിക്കേണ്ടതുണ്ട്. റോബോട്ടുകള്‍ വരുമ്പോള്‍ റോബോട്ട് ടാക്‌സ് ഈടാക്കി ഈ തൊഴിലാളികളെ പുനരധിവസിപ്പിക്കാമെന്നും അദ്ദേഹം പറയുന്നു.
tRootC1469263">മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,
നോക്കുകൂലി തന്നെ ഭാവി
എറണാകുളത്ത് ഒരു സ്ഥാപനത്തില്‍ കൊണ്ടുവന്ന ഗ്ലാസ്സ്, ലോറിയില്‍ നിന്നും ഇറക്കുന്നതിനെ ചൊല്ലി ചുമട്ടുതൊഴിലാളികളും സംരംഭകരും തമ്മിലുള്ള തര്‍ക്കം കാണുന്നു. വിലപിടിപ്പുള്ള ഗ്ലാസ്സുകള്‍ ഗ്ലാസ്സ് ക്യാപ്ച്ചര്‍ ഉപയോഗിച്ച് സേഫ്റ്റിഷൂ ധരിച്ച് പ്രൊഫഷണലായി ഇറക്കണമന്ന് സംരംഭകര്‍. തങ്ങള്‍ പണ്ടും ഗ്ലാസ്സ് ഇറക്കിയിട്ടുള്ളതാണെന്നും അതുപോലെതന്നെ ഇറക്കുമെന്നും തൊഴിലാളികള്‍.
ഇറക്കുമ്പോള്‍ ഗ്ലാസ് പൊട്ടുകയോ തൊഴിലാളികള്‍ക്ക് അപകടം പറ്റുകയോ ചെയ്താല്‍ ആരാണ് ഉത്തരവാദികള്‍ എന്ന് സംരംഭകര്‍. ഗ്ലാസ്സ് പൊട്ടിയാല്‍ നിങ്ങള്‍ പറയുന്ന തുക തരാം എന്ന് തൊഴിലാളി പ്രതിനിധി.
പോലീസ് സ്റ്റേഷനില്‍ മധ്യസ്ഥത്തിന് ചെന്നപ്പോള്‍ ഇങ്ങനെ അല്ലല്ലോ പറഞ്ഞത്, ഒന്നോ രണ്ടോ ഒക്കെ പൊട്ടും, അത് സംരംഭകര്‍ വഹിക്കണം എന്നാണല്ലോ എന്ന് സംരംഭകര്‍.
ഞങ്ങള്‍ വലിയ പണക്കാരൊന്നുമല്ല നഷ്ടം വഹിക്കാന്‍, എന്ന് സംരംഭകര്‍.
തൊഴിലാളികള്‍ നഷ്ടം വരുത്തിയാല്‍ അവര്‍ നഷ്ടപരിഹാരം തരും എന്ന് ഒരു കരാര്‍ ഉണ്ടാക്കിയാല്‍ പോരേ എന്ന് മാധ്യമ പ്രവര്‍ത്തകന്‍.
കഴിഞ്ഞ മാസം ഒരു കാര്‍ ഇറക്കിയപ്പോള്‍ അപകടമുണ്ടായി ഷോറൂമിലെ തൊഴിലാളി മരിച്ച വാര്‍ത്ത കണ്ടു. വേണ്ടത്ര പരിചയമില്ലാത്ത പുറംതൊഴിലാളിയാണ് കാര്‍ ഇറക്കിയത് എന്നാണ് അന്ന് വായിച്ചത്. (വാര്‍ത്ത പൂര്‍ണ്ണമായും ശരിയാണോ എന്നറിയില്ല.)
പക്ഷെ ഇത്തരം സാഹചര്യങ്ങളില്‍ സംരംഭകര്‍ക്ക് ഇഷ്ടമുള്ള തരത്തില്‍ ചെയ്യുക എന്നതാണ് ശരിയായ രീതി. സുരക്ഷിതമായി നഷ്ടമുണ്ടാക്കാതെ എങ്ങനെയാണ് അവരുടെ ചരക്ക്, കാറായാലും ഗ്ലാസ്സ് ആയാലും, ഇറക്കാന്‍ സംരംഭകര്‍ക്ക് സ്വാതന്ത്ര്യം ഉണ്ടാകണം.
അവര്‍ക്ക് നഷ്ടം പറ്റിയാല്‍ തൊഴിലാളികളില്‍ നിന്നും ഈടാക്കുക, അപകടം പറ്റിയാല്‍ തൊഴിലാളികള്‍ സഹിച്ചോളും എന്നൊന്നും പറയുന്നത്. പ്രായോഗികമായ കാര്യമല്ല, കരാര്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും.
അപ്പോള്‍ ഈ തൊഴില്‍ ചെയ്യുന്നവര്‍ എന്ത് ചെയ്യും, അവര്‍ക്കും ജീവിക്കേണ്ട എന്നുള്ള ചോദ്യമുണ്ട്. ന്യായമാണ്. ഇവിടെയാണ് നോക്കുകൂലി വരുന്നത്. ചരക്കുകള്‍ക്ക് വരുന്ന നഷ്ടവും അപകടം വന്നാല്‍ കൊടുക്കേണ്ടി വരുന്ന നഷ്ടപരിഹാരവും നോക്കിയാല്‍ നോക്കുകൂലി കൊടുക്കുന്നതാണ് ലാഭം എന്ന് വരാം.
അത്തരം സാഹചര്യങ്ങളില്‍ നോക്കുകൂലി കൊടുക്കാനുള്ള സംവിധാനം ഉണ്ടാക്കണം. നോക്കുകൂലി പൊതുവെ ഒരു മോശപ്പെട്ട വാക്കാണെന് എനിക്കറിയാം. എന്നാല്‍ അത് മാറാന്‍ പോകുകയാണ്. ചുമട്ടുതൊഴിലില്‍ മാത്രമല്ല നോക്കുകൂലി വരാന്‍ പോകുന്നത്. നിര്‍മ്മിതബുദ്ധിയും റോബോട്ടും ഒക്കെ വരുന്ന കാലത്ത് നമ്മള്‍ ഇന്ന് കാണുന്ന അനവധി തൊഴിലുകള്‍ ഇല്ലാതാകും. അത് എടുക്കുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ ഇല്ലാതാകും.
അത് ഒഴിവാക്കാന്‍ പഴയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് സ്ഥാപനങ്ങള്‍ നടത്തണമെന്ന് സംഘടനാ ബലം കൊണ്ട് തൊഴിലാളികള്‍ ആവശ്യപ്പെടും. പക്ഷെ അത്തരം സ്ഥാപങ്ങള്‍ ആഗോളമായി ബന്ധപ്പെട്ടുകിടക്കുന്ന സമ്പദ്വ്യവസ്ഥയില്‍ നിലനില്‍ക്കില്ല.
ഒരു സ്ഥാപനം ഉപയോഗിക്കുന്ന ഓരോ റോബോട്ടിനും ഒരു 'റോബോട്ട് ടാക്‌സ്' വാങ്ങിയിട്ട് അത് റോബോട്ടുകള്‍ ഇല്ലാതാക്കുന്ന തൊഴിലുകള്‍ ചെയ്തുകൊണ്ടിരുന്നവരെ മറ്റു തൊഴിലുകള്‍ക്ക് പരിശീലിപ്പിച്ച് പുനരധിവസിപ്പിക്കാന്‍ ഉപയോഗിക്കാം എന്നാണ് ബില്‍ ഗേറ്റ്‌സ് ഉള്‍പ്പടെ ഉള്ളവര്‍ പറയുന്നത്.
പറഞ്ഞു വരുമ്പോള്‍ നോക്ക് കൂലി തന്നെ. നോക്ക് കൂലി തന്നെയാണ് ഭാവി.
.jpg)


