കെഎസ്ഇബിയുടെ ബി നിലവറ തുറക്കണം, സംസ്ഥാനത്തെ ഓരോ കുടുംബത്തിന്റേയും ജീവിതനിലവാരം എളുപ്പം അളക്കാവുന്ന വിദ്യയുമായി മുരളി തുമ്മാരുകുടി, ഈ ബുദ്ധി നേരത്തെ തോന്നേണ്ടത്

Muralee Thummarukudy KSEB
Muralee Thummarukudy KSEB

ഒരു കസ്റ്റമറുടെ കഴിഞ്ഞ പത്തുവര്‍ഷത്തെ വൈദ്യുതി ഉപയോഗം പരിശോധിച്ചാല്‍ അവരുടെ സാമ്പത്തികനില മാറുന്നത് എങ്ങനെയെന്ന് നമുക്ക് ഏകദേശ കണക്കു കിട്ടുമെന്നും അദ്ദേഹം പറയുന്നു.

കൊച്ചി: സംസ്ഥാനത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ നിര്‍ദ്ദേശവുമായി മുരളി തുമ്മാരുകുടി. കെഎസ്ഇബിയുടെ ഡാറ്റ ഉപയോഗിച്ച് ഓരോ കുടുംബത്തിന്റേയും സാമ്പത്തിക നില അളക്കാന്‍ സാധിക്കും. ഒരു കസ്റ്റമറുടെ കഴിഞ്ഞ പത്തുവര്‍ഷത്തെ വൈദ്യുതി ഉപയോഗം പരിശോധിച്ചാല്‍ അവരുടെ സാമ്പത്തികനില മാറുന്നത് എങ്ങനെയെന്ന് നമുക്ക് ഏകദേശ കണക്കു കിട്ടുമെന്നും അദ്ദേഹം പറയുന്നു.

tRootC1469263">

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

KSEB യിലെ B നിലവറ

കുറച്ചുവര്‍ഷം മുന്‍പ് പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകള്‍ പരിശോധിച്ച് അവിടുത്തെ ശതകോടികള്‍ വിലവരുന്ന സ്വര്‍ണ്ണത്തിന്റെ കണക്കെടുത്തപ്പോള്‍ ഇനിയും തുറക്കാതെ ബാക്കി വച്ചതാണ് B നിലവറ. ഇപ്പോള്‍ ഉള്ളതിനേക്കാള്‍ അമൂല്യമായ നിധികള്‍ അവിടെ ഉണ്ടായേക്കാം എന്നാണ് പ്രതീക്ഷ. അതവിടെ നില്‍ക്കട്ടെ.

AI യുടെ കാലത്ത് ഡേറ്റ ആണ് ഏറ്റവും അമൂല്യമായത്. അതുകൊണ്ടാണ് 'ഡേറ്റ ഈസ് ദി ന്യൂ ഓയില്‍' എന്ന് പറയുന്നത്. പക്ഷെ ഡേറ്റയെ ഉപയോഗിക്കണമെങ്കില്‍ ആദ്യം അത് ശേഖരിക്കണം. പിന്നീട് ശേഖരിക്കുന്നത് എളുപ്പത്തില്‍ കൈമാറാനും ഉപയോഗിക്കാനും പറ്റുന്ന രീതിയില്‍ ആകണം.

ഒരുദാഹരണം പറയാം
കേരളത്തിലെ ഇലക്ട്രിസിറ്റി ബോര്‍ഡിന് ഒരു കോടി ഡൊമസ്റ്റിക് കണക്ഷനുകള്‍ ഉണ്ടെന്നാണ് ഇന്റര്‍നെറ്റ് പറയുന്നത്. കേരളം സമ്പൂര്‍ണ്ണമായും വൈദ്യുതി വല്‍ക്കരിക്കപ്പെട്ടിരിക്കുന്നതു കൊണ്ട് എല്ലാ വീടുകളും ഫ്‌ലാറ്റുകളും അവരുടെ ഉപഭോക്താക്കളായിരിക്കും. അവരുടെ വീടുകളില്‍ ഉപയോഗിക്കുന്ന വൈദുതിയുടെ മാസമാസമുള്ള കണക്കുകള്‍ KSEB യുടെ കയ്യിലുണ്ട്. ആരാണ് കൃത്യസമയത്തിന് ബില്ലടക്കുന്നത്, ആരാണ് സമയത്തിന് മുന്‍പ് ബില്ലടക്കുന്നത്, ആരാണ് കുടിശ്ശിക വരുത്തുന്നത്, ആരുടെ കണക്ഷന്‍ ആണ് ഇടക്ക് കട്ട് ചെയ്യുന്നത്, തുടങ്ങിയ കണക്കുകള്‍ കഴിഞ്ഞ പല പതിറ്റാണ്ടുകള്‍ ആയിട്ട് ഉണ്ട്.

നമ്മുടെ വൈദ്യതി ഉപയോഗം നമ്മുടെ വരുമാനവുമായി ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ്. കുടുംബങ്ങളുടെ സാമ്പത്തികനില മെച്ചപ്പെടുമ്പോള്‍ അവര്‍ക്ക് കൂടുതല്‍ ഗൃഹോപരണങ്ങള്‍ ഉണ്ടാകാം, എ.സി. വരുന്നു, വീടുകള്‍ തന്നെ വലുതാകുന്നു, ഗാര്‍ഡന്‍, ഫൗണ്ടന്‍ എന്നിങ്ങനെ.

അപ്പോള്‍ ഒരു കസ്റ്റമറുടെ കഴിഞ്ഞ പത്തുവര്‍ഷത്തെ വൈദ്യുതി ഉപയോഗം പരിശോധിച്ചാല്‍ അവരുടെ സാമ്പത്തികനില മാറുന്നത് എങ്ങനെയെന്ന് നമുക്ക് ഏകദേശ കണക്കു കിട്ടും.
ഇത് നമുക്ക് പല തരത്തില്‍ ഉപയോഗപ്രദമാണ്. ഒരുദാഹരണം പറയാം.

ഇന്റര്‍നെറ്റിലൊക്കെ നമ്മള്‍ എന്ത് വായിക്കുന്നു എന്നതനുസരിച്ച് നമ്മുടെ ഫീഡില്‍ ഓരോ പരസ്യങ്ങള്‍ വരാറുണ്ടല്ലോ. അതുപോലെ നമ്മുടെ ക്രെഡിറ്റ് കാര്‍ഡ് കൊണ്ട് സൂപ്പര്‍മാര്‍ക്കറ്റില്‍ പച്ചക്കറി വാങ്ങി ഇറങ്ങിയാല്‍ അടുത്ത ദിവസം തന്നെ പഴങ്ങളുടെ പരസ്യം വരും. ഇതൊക്കെ നമ്മുടെ ഡേറ്റ ഉപയോഗിച്ചുള്ള കളിയാണ്. ഇതുകൊണ്ടാണ് ഡേറ്റ ഇത്ര സാമ്പത്തിക മൂല്യം ഉള്ളതാകുന്നത്. വൈദ്യുതിയുടെ ഉപഭോഗം അനുസരിച്ച് ചൂടുകാലം ആകുമ്പോള്‍ ഫാനാണോ എ സി ആണോ ഒരാള്‍ വാങ്ങാന്‍ സാധ്യതയുളളതെന്ന് നിര്‍മ്മിത ബുദ്ധിക്ക് എളുപ്പത്തില്‍ പ്രവചിക്കാന്‍ കഴിയും.

ആരാണ് സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ കൂടുതല്‍ സാധ്യത അല്ലെങ്കില്‍ ആര്‍ക്കായിരിക്കും അവ കൂടുതല്‍ ഉപയോഗപ്രദം ഇതൊക്കെ നിര്‍മ്മിത ബുദ്ധിക്ക് എളുപ്പത്തില്‍ പ്രവചിക്കാന്‍ പറ്റുന്ന ഒന്നാണ്. വളരെയധികം വൈദ്യുതി ഉപഭോഗമുളള ഒരു കസ്റ്റമര്‍ ഉണ്ടെന്ന് കരുതുക, അവര്‍ നികുതിദായകരുടെ ലിസ്റ്റില്‍ ഇല്ലെങ്കില്‍ തീര്‍ച്ചയായും അത് ശ്രദ്ധിക്കാവുന്ന ഒന്നാണ്.

വീടുകളില്‍ ഉണ്ടാക്കപ്പെടുന്ന ഖരമാലിന്യത്തിന്റെ അളവ് കുടുംബത്തിന്റെ വൈദ്യുതി ഉപഭോഗവുമായി കാര്യകാരണ ബന്ധം ഇല്ലെങ്കിലും ബന്ധപ്പെടുത്താവുന്ന ഒന്നായിരിക്കും.
സാമ്പത്തികമായ ഉപയോഗം മാത്രമല്ല ഇതിനുള്ളത്. KSEB വിചാരിച്ചാല്‍ ഓരോ ഉപഭോക്താവിന്റെയും ലൊക്കേഷന്‍ ജി.പി.എസ്. വഴി മാപ്പ് ചെയ്യാന്‍ പറ്റും. വീട്ടില്‍ റീഡിങ് എടുക്കുമ്പോള്‍ മീറ്ററിന്റെ ഒരു ഫോട്ടോ എടുത്ത് കസ്റ്റമര്‍ നമ്പറുമായി ബന്ധിപ്പിച്ചാല്‍ മാത്രം മതി.

കേരളത്തിലെ പ്രളയം ഉള്‍പ്പടെയുള്ള ഏതൊരു ദുരന്തസാധ്യതയും ഓരോ പ്രദേശങ്ങള്‍ക്കും എങ്ങനെയാണെന്ന് മാപ്പ് ചെയ്തിട്ടുണ്ട്. ഈ വിവരവും വീടുകളുടെ ലൊക്കേഷനുമായി ബന്ധിപ്പിച്ചാല്‍ ഓരോ വീടിരിക്കുന്നിടത്തും ഉള്ള അപകടസാദ്ധ്യതകള്‍ എളുപ്പത്തില്‍ മാപ്പ് ചെയ്യാം. ഇത് ദുരന്ത നിവാരണക്കാര്‍ക്ക് തൊട്ട് ഇന്‍ഷുറന്‍സുകാര്‍ക്കും ബാങ്കുകാര്‍ക്കും  ഗുണമുള്ള കാര്യമാണ്.
ഏതൊക്കെ വിവരങ്ങള്‍ എന്തൊക്കെ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാം എന്നതിന് നിയമങ്ങളും നിയന്ത്രണങ്ങളും കണ്ടേക്കാം. അത് ശരിയുമാണ്.

പക്ഷെ ഇതൊക്കെ നിലനില്‍ക്കുമ്പോള്‍ തന്നെ നമ്മുടെ സര്‍ക്കാരിന്റെ കയ്യിലുള്ള ഡേറ്റ എല്ലാം ഒരുമിച്ച് കൂട്ടി ഉപയോഗിക്കാന്‍ സാധിച്ചാല്‍ അത് എല്ലാവര്‍ക്കും ഏറെ ഗുണകരമാകുമെന്നതില്‍ സംശയം വേണ്ട. അത് വളരെ വിലപിടിച്ചതാണ്, സാമ്പത്തികമായിക്കൂടി.
തുറക്കാതെ വെച്ചിരിക്കുന്ന B നിലവറകള്‍ ക്ഷേത്രത്തില്‍ മാത്രമല്ല, സര്‍ക്കാരിലും ഉണ്ട്.

Tags