കേരളത്തിലെ റോഡുകള്‍ കുരുതിക്കളം, ഒരു നിയമവും പാലിക്കാത്ത ഡ്രൈവിങ്, പലരും രക്ഷപ്പെടുന്നത് ഭാഗ്യം കൊണ്ട്, ക്യാമറകള്‍ വന്നിട്ടും നാം പുരോഗമിക്കുന്നില്ലെന്ന് മുരളി തുമ്മാരുകുടി


എ.ഐ. ക്യാമറ സ്ഥാപിച്ചതുകൊണ്ട് അപകടങ്ങള്‍ കുറഞ്ഞു എന്ന് ആദ്യകാലത്തൊക്കെ കേട്ടിരുന്നെങ്കിലും കഴിഞ്ഞ രണ്ടു വര്‍ഷത്തെ കണക്കുകള്‍ നോക്കുമ്പോള്‍ പ്രകടമായ മാറ്റങ്ങള്‍ കാണുന്നില്ല.
കൊച്ചി: സംസ്ഥാനത്തെ റോഡപകടങ്ങള്‍ പെരുകുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി. ക്യാമറകള്‍ വന്നിട്ടും അപകടങ്ങള്‍ കുറയുന്നില്ലെന്നും യാതൊരു സുരക്ഷയും പാലിക്കാതെയാണ് ആളുകള്‍ നിരത്തില്‍ പെരുമാറുന്നതെന്നും തുമ്മാരുകുടി പറഞ്ഞു. കേരളത്തിലെ റോഡുകളില്‍ ഇത്ര അശ്രദ്ധമായി ആളുകള്‍ വാഹനം ഓടിച്ചിട്ടും ഇത്രയും 'കുറവ്' അപകടങ്ങള്‍ ഉണ്ടാകുന്നത് ഭാഗ്യം കൊണ്ടുമാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,
സി.സി.ടി.വികള്‍ നമ്മോട് പറയുന്നത്
ട്രാഫിക് സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ നാട്ടില്‍ എ.ഐ. ക്യാമറകള്‍ വച്ചതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ കേള്‍ക്കുന്നില്ല.
എ.ഐ. ക്യാമറ സ്ഥാപിച്ചതുകൊണ്ട് അപകടങ്ങള്‍ കുറഞ്ഞു എന്ന് ആദ്യകാലത്തൊക്കെ കേട്ടിരുന്നെങ്കിലും കഴിഞ്ഞ രണ്ടു വര്‍ഷത്തെ കണക്കുകള്‍ നോക്കുമ്പോള്‍ പ്രകടമായ മാറ്റങ്ങള്‍ കാണുന്നില്ല. 2024 ലെ പതിനൊന്നു മാസത്തെ കണക്കാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. അതിനെ പന്ത്രണ്ട് മാസത്തേക്ക് പ്രോജക്ട് ചെയ്താല്‍ അതിന് മുന്നിലെ വര്‍ഷത്തെ അപേക്ഷിച്ച് പത്തു ശതമാനം കൂടുതലാണ് അപകടങ്ങള്‍.

നാട്ടില്‍ ഒരു വലിയ അപകടമുണ്ടാകുമ്പോള്‍ 'അപകടമരണം അടുത്ത വര്‍ഷം അമ്പത് ശതമാനം ആക്കും' എന്നൊക്കെ പ്രഖ്യാപനങ്ങള്‍ വരുമെങ്കിലും പ്രഖ്യാപനം കൊണ്ടൊന്നും അപകടമോ മരണമോ കുറയില്ല. കര്‍മ്മ പദ്ധതികള്‍ വേണം, ജനങ്ങളില്‍ സുരക്ഷാ ബോധം വര്‍ദ്ധിപ്പിക്കണം, പദ്ധതികള്‍ നടപ്പിലാക്കണം.
എ.ഐ. ക്യാമറകള്‍ എന്താക്കിയാലും നാട്ടിലെവിടെയുമുള്ള സി.സി.ടി.വിയില്‍ നിന്നും കൂടുതലായി വരുന്ന ഡാഷ് കാമില്‍ നിന്നും എല്ലാമുള്ള അനവധി വിഷ്വലുകള്‍ നമുക്ക് ഇപ്പോള്‍ ലഭ്യമാണ്. ഞാന്‍ സുരക്ഷ ശ്രദ്ധിക്കുന്നത് കൊണ്ടാണെന്ന് തോന്നുന്നു ഓരോ ദിവസവും ചുരുങ്ങിയത് ഒരു വിഷ്വല്‍ എങ്കിലും എന്റെ ടൈംലൈനില്‍ എത്തുന്നുണ്ട്.
അവ ഓരോന്നും എന്നോട് പറയുന്നത് മൂന്നു കാര്യങ്ങളാണ്.
1. എത്ര അലക്ഷ്യമായി, നിയമങ്ങളോ സുരക്ഷാ രീതികളോ പാലിക്കാതെയാണ് ആളുകള്‍ നിരത്തില്‍ പെരുമാറുന്നത് ?
2. പലപ്പോഴും ചെറിയ അശ്രദ്ധ കൊണ്ടാണ് ആളുകളുടെ ജീവന് നഷ്ടപ്പെടുന്നത്.
3. കേരളത്തിലെ റോഡുകളില്‍ ഇത്ര അശ്രദ്ധമായി ആളുകള്‍ വാഹനം ഓടിച്ചിട്ടും ഇത്രയും 'കുറവ്' അപകടങ്ങള്‍ ഉണ്ടാകുന്നത് ഭാഗ്യം കൊണ്ടുമാത്രമാണ്.
എപ്പോഴും പറയുന്നതാണെങ്കിലും വീണ്ടും പറയാം
കേരളത്തിലെ റോഡുകള്‍ ഒരു കുരുതിക്കളം ആണ്. ഏറ്റവും അപകടകരമായ രീതിയിലാണ് അവിടെ ആളുകള്‍ പെരുമാറുന്നത്. റോഡില്‍ മറ്റുള്ളവര്‍ എങ്ങനെ പെരുമാറും എന്ന കാര്യത്തില്‍ നമുക്ക് ഒരു നിയന്ത്രണവും ഇല്ല. അതുകൊണ്ട് തന്നെ ഒഴിവാക്കാവുന്ന യാത്രകള്‍ ഒഴിവാക്കുക. സീറ്റ് ബെല്‍റ്റും, ഹെല്‍മെറ്റും ചൈല്‍ഡ് സേഫ്റ്റി സീറ്റും ഉള്‍പ്പടെ എല്ലാ സുരക്ഷാ സംവിധാനവും ഉപയോഗിക്കുക. മറ്റുള്ളവര്‍ എല്ലാ നിയമവും തെറ്റിക്കാന്‍ സാധ്യത ഉണ്ടെന്ന ഉത്തമബോധ്യത്തോടെ ഡിഫന്‍സീവ് ആയി മാത്രം വാഹനം ഓടിക്കുക.
തല്ക്കാലം നിര്‍മ്മിത ബുദ്ധി സഹായത്തിനില്ല. തനിക്ക് താനും പുരക്ക് തൂണും തന്നെ ശരണം.